കൊച്ചി: ഫിലിം ചേംബര്‍ തെരഞ്ഞെടുപ്പില്‍ നിര്‍മാതാവ് സാന്ദ്ര തോമസിന്റെ പത്രിക സ്വീകരിച്ചു. സെക്രട്ടറി സ്ഥാനത്തേക്കും എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്കുമായിരുന്നു സാന്ദ്ര തോമസ് പത്രിക സമര്‍പ്പിച്ചത്. ഇതില്‍ എക്‌സ്‌ക്യൂട്ടീവ് സ്ഥാനത്തേക്ക് നല്‍കിയ പത്രിക സാന്ദ്ര പിന്‍വലിച്ചു. സെക്രട്ടറി സ്ഥാനത്തേക്കായിരിക്കും ഇനി സാന്ദ്ര തോമസ് മത്സരിക്കുക. ജനറല്‍ സെക്രെട്ടറിയായി സോണി തോമസ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
കടുത്ത മത്സരമായിരിക്കും ഫിലിം ചേമ്പറില്‍ നടക്കുകയെന്നും മൂന്ന് മത്സരാര്‍ത്ഥികളാണ് ഉള്ളതെന്നും സാന്ദ്ര തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു. പത്രിക അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും തനിക്ക് പകുതി നീതി കിട്ടിയെന്നും സാന്ദ്ര പറഞ്ഞു. ജനാധിപത്യ രീതിയിലുള്ള മത്സരം നടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നിര്‍മാതാക്കളുടെ സംഘടനയില്‍ അതുണ്ടായില്ലെന്നും സാന്ദ്ര തോമസ് ആരോപിച്ചു.
നേരത്തെ നിര്‍മാതാക്കളുടെ സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടി സാന്ദ്ര തോമസ് സമര്‍പ്പിച്ച പത്രിക സംഘടന തള്ളിയിരുന്നു. പ്രസിഡന്റ്, ട്രഷറര്‍, എക്‌സിക്യുട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേക്ക് സാന്ദ്ര സമര്‍പ്പിച്ച പത്രികകളായിരുന്നു തള്ളിയത്. നിയമവിരുദ്ധമായാണ് റിട്ടേണിങ് ഓഫീസര്‍ തന്റെ പത്രിക തള്ളിയതെന്ന് ആരോപിച്ച് സാന്ദ്ര തോമസ് കോടതിയെ സമീപിച്ചിരുന്നു.
എന്നാല്‍ സാന്ദ്ര തോമസിന്റെ ഹരജി എറണാകുളം സബ് കോടതി തള്ളുകയായിരുന്നു. കോടതി വിധി അപ്രതീക്ഷിതവും നിരാശാജനകമാണെന്നുമായിരുന്നു സാന്ദ്ര തോമസ് പ്രതികരിച്ചത്. നിയമവിദഗ്ധരുമായി ആലോചിച്ച് ഭാവി നടപടികള്‍ സ്വീകരിക്കുമെന്നും സാന്ദ്ര പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ എക്‌സിക്യൂട്ടീവ് പദവികളിലേക്ക് മത്സരിക്കാന്‍ തനിക്ക് അര്‍ഹതയുണ്ടെന്നായിരുന്നു സാന്ദ്ര തോമസ് കോടതിയില്‍ വാദിച്ചത്. തെരഞ്ഞെടുപ്പ് താത്കാലികമായി നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
Content Highlight: Sandra Thomas’s nomination accepted for Film Chamber elections