പൈസയിറക്കിയാണ് ലിസ്റ്റിന്‍ പ്രിന്‍സ് ആന്‍ഡ് ഫാമിലി ഹിറ്റാക്കിയത്, സിനിമകളുടെ ലാഭക്കണക്ക് പുറത്തുവിടാത്തത് അതുകൊണ്ട്: സാന്ദ്രാ തോമസ്
Malayalam Cinema
പൈസയിറക്കിയാണ് ലിസ്റ്റിന്‍ പ്രിന്‍സ് ആന്‍ഡ് ഫാമിലി ഹിറ്റാക്കിയത്, സിനിമകളുടെ ലാഭക്കണക്ക് പുറത്തുവിടാത്തത് അതുകൊണ്ട്: സാന്ദ്രാ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 7th August 2025, 4:20 pm

നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനെതിരെ ഗുരുതര ആരോപണവുമായി സാന്ദ്രാ തോമസ്. കഴിഞ്ഞ രണ്ട് മാസമായി മലയാളസിനിമയുടെ ലാഭനഷ്ടക്കണക്ക് മാധ്യമങ്ങളുടെ മുന്നില്‍ പുറത്തുവിടാത്തത് ലിസ്റ്റിന്‍ നിര്‍മിച്ച സിനിമകള്‍ അതിലുള്ളതുകൊണ്ടാണെന്ന് സാന്ദ്ര ആരോപിച്ചു. മറ്റ് നിര്‍മാതാക്കളുടെ സിനിമയെക്കുറിച്ച് മാത്രമേ ലിസ്റ്റിന്‍ സംസാരിക്കുള്ളൂവെന്നും സ്വന്തം സിനിമയുടെ കാര്യത്തില്‍ അയാള്‍ മിണ്ടാതിരിക്കുമെന്നും സാന്ദ്ര പറയുന്നു.

ലിസ്റ്റിന്‍ നിര്‍മിച്ച മൂണ്‍വാക്കും പ്രിന്‍സ് ആന്‍ഡ് ഫാമിലിയും റിലീസായതോടെ കണക്കുകള്‍ പുറത്തുവിടുന്ന പരിപാടി ശരിയാകില്ലെന്ന് തോന്നിയതുകൊണ്ടാണ് ലിസ്റ്റിന്‍ ഈ ഏര്‍പ്പാട് നിര്‍ത്തിയതെന്നും അവര്‍ പറയുന്നു. പണ്ട് കണക്കുകള്‍ പുറത്തുവിടാന്‍ വലിയ ആവേശമായിരുന്നെന്നും സ്വന്തം സിനിമ പരാജയമായപ്പോള്‍ ആ ആവേശം നഷ്ടമായെന്നും സാന്ദ്ര കൂട്ടിച്ചേര്‍ത്തു.

പ്രിന്‍സ് ആന്‍ഡ് ഫാമിലി ഹിറ്റായെന്ന് ലിസ്റ്റിന്‍ കാണിച്ചത് നല്ലവണ്ണം കാശിറക്കിയിട്ടാണ്. അയാള്‍ക്ക് ആകെ ടാക്‌സ് മാത്രമേ നഷ്ടമുള്ളൂ. പടത്തിന്റെ പ്രൊഡ്യൂസറും വിതരണക്കാരനും ലിസ്റ്റിന്‍ തന്നെ. ഹൗസ്ഫുള്ളാണെന്ന് കാണിക്കുന്ന തിയേറ്ററുകളും അയാളുടേത് തന്നെ. കാശിറക്കി ആളെക്കയറ്റിയാണ് പടം ഹൗസ്ഫുള്ളായി കാണിച്ചത്.

കണക്കുകള്‍ നോക്കുമ്പോള്‍ ആകെ ടാക്‌സ് മാത്രമേ ലിസ്റ്റിന് നഷ്ടമായി വരുള്ളൂ. ഹിറ്റാണെന്ന് കാണിച്ചാല്‍ സിനിമയുടെ സാറ്റലൈറ്റ് ഒ.ടി.ടി ബിസിനസ് നടക്കും. അതും ലാഭമാകില്ലേ. അസോസിയേഷന്റെ തലപ്പത്ത് ഇരിക്കുന്നതുകൊണ്ട് ആരും ഇയാളെ ചോദ്യം ചെയ്യില്ല. മറ്റുള്ള നിര്‍മാതാക്കളുടെ സിനിമ നഷ്ടമാണോ ലാഭമാണോ എന്ന് പറയാന്‍ ആരാണ് ലിസ്റ്റിന് അധികാരം നല്‍കിയത്,’ സാന്ദ്ര തോമസ് പറയുന്നു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടി സാന്ദ്ര സമര്‍പ്പിച്ച അപേക്ഷ അസോസിയേഷന്‍ തള്ളിക്കളഞ്ഞിരുന്നു. സംഘടനയുടെ ഈ നീക്കത്തിനെതിരെ സാന്ദ്ര കോടതിയെ സമീപിക്കുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ കേസില്‍ നിന്ന് പിന്മാറാന്‍ മമ്മൂട്ടി തന്നെ വിളിച്ച് ആവശ്യപ്പെട്ടെന്നും പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ താനുമായി കമ്മിറ്റ് ചെയ്ത പ്രൊജക്ടില്‍ നിന്ന് മമ്മൂട്ടി ഒഴിവായെന്നും സാന്ദ്ര വെളിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു.

Content Highlight: Sandra Thomas rises allegation against Listin Stephen and Prince and Family movie