'പ്രൈവറ്റ് കമ്പനി തുടങ്ങി കൊള്ളലാഭം കൊയ്യുന്നു'; പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ വീണ്ടും സാന്ദ്ര
Kerala
'പ്രൈവറ്റ് കമ്പനി തുടങ്ങി കൊള്ളലാഭം കൊയ്യുന്നു'; പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ വീണ്ടും സാന്ദ്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th August 2025, 4:20 pm

കൊച്ചി: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ അംഗങ്ങള്‍ക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി നിര്‍മാതാവ് സാന്ദ്ര തോമസ്. അസോസിയേഷന്റെ പേരില്‍ മറ്റ് അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് ചിലര്‍ ഒരു പ്രൈവറ്റ് കമ്പനി തുടങ്ങിയിട്ടുണ്ടെന്ന് സാന്ദ്ര തോമസ് പറഞ്ഞു.

ഈ കമ്പനിയില്‍ നിന്ന് വന്‍കൊള്ള ലാഭമാണ് കൊയ്യുന്നതെന്നും സാന്ദ്ര തോമസ് ആരോപിച്ചു. ജി. സുരേഷ് കുമാര്‍, സിയാദ് കോക്കര്‍ തുടങ്ങിയവരാണ് ഇതിനുപിന്നിലെന്നും സാന്ദ്ര പറയുന്നു.

ഇക്കാര്യങ്ങളെല്ലാം തുറന്നുകാട്ടുമെന്ന ഭയത്താലാണ് ഇവര്‍ തന്റെ നാമനിര്‍ദേശ പത്രിക തള്ളിയതെന്നും സാന്ദ്ര തോമസ് പറഞ്ഞു. എന്നാല്‍ നോമിനേഷന്‍ തള്ളിയതിലൂടെ യഥാര്‍ത്ഥത്തില്‍ താന്‍ വിജയിച്ചുവെന്നും നിയമപരമായി ഇവര്‍ അനീതിയാണ് തന്നോട് കാണിച്ചിരിക്കുന്നതെന്നും സാന്ദ്ര ചൂണ്ടിക്കാട്ടി.

പ്രഥമ ദൃഷ്ടിയാല്‍ തനിക്ക് നീതി നഷ്ടപ്പെട്ടുവെന്ന കാര്യം എല്ലാവര്‍ക്കും അറിയാമെന്നും അത് കോടതിക്കും ബോധ്യപ്പെടുമെന്നാണ് വിശ്വസിക്കുന്നതെന്നും സാന്ദ്ര തോമസ് പറഞ്ഞു.

നിലവില്‍ രണ്ട് കാര്യങ്ങളിലാണ് നിയമനടപടിയുമായി മുന്നോട്ട് പോയിരിക്കുന്നത്. ഒന്ന് അസോസിയേഷനിലെ മറ്റ് നിര്‍മാതാക്കളെ അറിയിക്കാതെ ഭരണാധികാരിയെ നിയമിച്ചതിലും തന്റെ നാമനിര്‍ദേശ പത്രിക തള്ളിയതിലുമാണ് കേസ് നല്‍കിയിരിക്കുന്നത്. നിയമനുസരിച്ച് ഭരണാധികാരിയെ നിയോഗിക്കാന്‍ അധികാരമില്ലെന്നും സാന്ദ്ര ചൂണ്ടിക്കാട്ടി.

താന്‍ സംഘടനയുടെ തലപ്പത്തേക്ക് എത്തിയാലോ അല്ലെങ്കില്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ എത്തിയാലോ കൂട്ടരാജിയുണ്ടാകുമെന്നാണ് അസോസിയേഷനിലുള്ളവരുടെ തീരുമാനമെന്നും സാന്ദ്ര തോമസ് പറഞ്ഞു.

അസോസിയേഷന്റെ ഉള്ളില്‍ നിന്ന് ഒരു ദുരനുഭവം നേരിട്ടിരുന്നു. അതിനുപിന്നാലെ സംഘടനയ്ക്ക് പുറത്തുവന്ന് സംസാരിച്ചു. സ്ത്രീകള്‍ക്ക് സുരക്ഷിതത്തമുള്ള ഇടമായിരിക്കണം മലയാള സിനിമയെന്നും ആവശ്യപ്പെട്ടിരുന്നു.

ഈ സമയം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ ഉള്ളവര്‍ തനിക്കെതിരെ രംഗത്തുവരികയാണ് ചെയ്തതെന്നും സാന്ദ്ര തോമസ് പറഞ്ഞു. റിപ്പോര്‍ട്ടറോട് സംസാരിക്കുന്നതിനിടേയായിരുന്നു സാന്ദ്രയുടെ പ്രതികരണം.

കഴിഞ്ഞ ദിവസം നടന്‍ മമ്മൂട്ടിക്കെതിരെയും സാന്ദ്ര തോമസ് ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. കേസില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ട് മമ്മൂട്ടി ബന്ധപ്പെട്ടിരുന്നുവെന്നും എന്നാല്‍ മമ്മൂട്ടിയുടെ ആവശ്യം താന്‍ നിഷേധിച്ചെന്നുമാണ് സാന്ദ്ര തോമസ് പറഞ്ഞത്.

ഇതിനുപിന്നാലെ തന്റെ സിനിമയില്‍ നിന്ന് മമ്മൂട്ടി പിന്മാറിയെന്നും സാന്ദ്ര വെളിപ്പെടുത്തിയിരുന്നു. താങ്കളുടെ മകള്‍ക്കാണ് ഇത്തരത്തില്‍ ഒരു ദുരനുഭവം ഉണ്ടായതെങ്കില്‍ മിണ്ടാതിരിക്കാന്‍ പറയുമോയെന്നും മമ്മൂട്ടിയോട് തിരിച്ച് ചോദിച്ചതായും സാന്ദ്ര പറഞ്ഞിരുന്നു. വണ്‍ ഇന്ത്യ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് സാന്ദ്ര ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

Content Highlight: ‘Starting a private company and reaping profits’; Sandra again against the Producers Association