നടന്‍ ബാബുരാജിനൊപ്പമുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ്. ഷൂട്ടിങ്ങിനിടയിലുണ്ടായ രസകരമായ ചില അനുഭവങ്ങളും അവര്‍ പങ്കുവെച്ചു. സെറ്റില്‍വെച്ച് അട്ട കടിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുപോയതിനെ കുറിച്ചാണ് റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സാന്ദ്ര തോമസ് പറഞ്ഞത്.

‘സിനിമയുടെ സെറ്റില്‍ വച്ചിട്ട് ബാബു ചേട്ടനെ അട്ട കടിച്ചിരുന്നു. ഞങ്ങള്‍ ഷൂട്ട് ചെയ്യുന്ന സ്ഥലം അട്ടയുടെ കൂടാരമാണ്. ആദ്യത്തെ ദിവസം തന്നെ ബാബു ചേട്ടന്‍ എന്നോട് പറഞ്ഞിരുന്നു പുള്ളിക്ക് അട്ടയെ പേടിയാണെന്ന്. ആദ്യത്തെ ദിവസങ്ങളിലൊന്നും അട്ട കടിച്ചില്ല. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഒരു അട്ട കടിച്ചു.

 

എന്നെയൊരു അട്ട കടിച്ചിട്ടുണ്ട് കേട്ടോ എന്ന് ബാബു ചേട്ടന്‍ എന്നോട് പറഞ്ഞിരുന്നു. കാണുന്ന സൈസൊക്കെയുള്ളു ആളൊരു പേടിത്തൊണ്ടനാണ്. അത് സാരമില്ല ചേട്ടാ എന്റെ പിള്ളേരെയൊക്കെ അട്ട കടിക്കുന്നതാണെന്ന് ഞാന്‍ പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോള്‍ അട്ട കടിച്ച സ്ഥലം ചമുന്ന് വീര്‍ത്ത് വന്നു. പുള്ളിക്കാണെങ്കില്‍ ശ്വാസം മുട്ടലൊക്കെ വന്ന് ആകെ ടെന്‍ഷനായി.

പിന്നെ നിലവിളി ശബ്ദമിട് എന്ന് പറയുന്ന പോലത്തെ സീനായിരുന്നു. അവിടെ നിന്നും ആംബുലന്‍സ് വിളിച്ച് ആശുപത്രിയില്‍ കൊണ്ടുപോയി. അങ്ങനെ ഒരു ദിവസം ഷൂട്ട് മുടങ്ങി. പിന്നെ തിരിച്ച് വരുന്നത് ഭയങ്കര കൂളായിട്ടാണ്. ഒരു അട്ട കടിച്ചതിന് ഒരു ദിവസം ഡ്രിപ്പൊക്കെയിട്ട് കടത്തി.

തിരിച്ച് വന്ന് രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും അട്ട കടിച്ചു. അങ്ങനെ ബാബു ചേട്ടന്റെ അട്ട കടിയൊരു വലിയ സംഭവമായിരുന്നു. ശരിക്കും പറഞ്ഞാല്‍ പുള്ളിക്ക് അലര്‍ജിയാണ്. ഞാനോര്‍ത്തു പേടിയായിരിക്കുമെന്ന്,’ സാന്ദ്ര തോമസ് പറഞ്ഞു.

content highlight: sandra thamas share funny experience with actor baburaj