മലപ്പുറത്തെ ബി.ജെ.പി നേതാവിന് തൃശൂരില്‍ വോട്ട്; പിണറായി സര്‍ക്കാറിന്റെ മൗനം എന്തിന്: സന്ദീപ് വാര്യര്‍
Kerala
മലപ്പുറത്തെ ബി.ജെ.പി നേതാവിന് തൃശൂരില്‍ വോട്ട്; പിണറായി സര്‍ക്കാറിന്റെ മൗനം എന്തിന്: സന്ദീപ് വാര്യര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th August 2025, 12:46 pm

തൃശൂര്‍: മലപ്പുറത്തെ ബി.ജെ.പി നേതാവ് തൃശൂരില്‍ വോട്ട് ചേര്‍ക്കുകയും വോട്ട് ചെയ്യുകയും ചെയ്തുവെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന് എതിരെയാണ് ആരോപണം.

മലപ്പുറം ജില്ലയിലെ വോട്ടറായ ഉണ്ണികൃഷ്ണന്‍ തൃശൂരില്‍ വോട്ട് ചേര്‍ത്തത് ബി.ജെ.പി സംസ്ഥാന നേതൃത്വം നേരിട്ട് അയല്‍ജില്ലകളിലെ പ്രവര്‍ത്തകരുടെ വോട്ടുകള്‍ തൃശൂരിലേക്ക് ചേര്‍ത്തുവന്നതിന്റെ വ്യക്തമായ തെളിവാണെന്ന് കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു.

തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു സന്ദീപ് വാര്യരുടെ ആരോപണം. ഒന്നരവര്‍ഷമായി വി. ഉണ്ണികൃഷ്ണന്‍ തൃശൂരില്‍ സ്ഥിരതാമസക്കാരനായിരുന്നു എന്നതൊക്കെ പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു.

അങ്ങനെയാണെങ്കില്‍ ആരുടെ കൂടെയായിരുന്നു താമസമെന്നത് കൂടെ ഉണ്ണികൃഷ്ണന്‍ വെളിപ്പെടുത്തേണ്ടിവരുമെന്നും അദ്ദേഹത്തിന്റെ കുടുംബം മലപ്പുറത്ത് തന്നെയാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

ആയിരക്കണക്കിന് വ്യാജ വോട്ടുകള്‍ തൃശൂരില്‍ ചേര്‍ത്തുവെന്നത് വ്യക്തമായിട്ടും എന്തുകൊണ്ടാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ചോദിച്ചു. ഇക്കാര്യത്തില്‍ നടന്ന ക്രിമിനല്‍ ഗൂഢാലോചന പൊലീസിന് അന്വേഷിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തില്‍ പ്രതിഷേധം ശക്തമാകവേയാണ് കോണ്‍ഗ്രസ് നേതാവിന്റെ ഈ ആരോപണം. തൃശൂരില്‍ വ്യാപകമായ രീതിയില്‍ വ്യാജ വോട്ടുകള്‍ ചേര്‍ത്തുന്നുവെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം വന്നിരുന്നു.

മണ്ഡലത്തിന് പുറത്തുള്ളവര്‍ക്ക് വ്യാജ മേല്‍വിലാസങ്ങളുണ്ടാക്കി വോട്ടുകള്‍ ചേര്‍ത്തെന്നും വ്യാജ വോട്ടുകളില്‍ കൂടുതലും ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ചാണ് ചേര്‍ത്തിരിക്കുന്നതെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജപ്തി ചെയ്ത ഫ്ളാറ്റിലടക്കം വോട്ട് ചേര്‍ത്തിരുന്നുവെന്നും ആരോപണമുണ്ടായിരുന്നു.


Content Highlight: Sandeep Warrier has alleged that BJP state vice president V. Unnikrishnan cast his vote in Thrissur