ബി.ജെ.പിയ്ക്ക് സ്ഥാനാര്‍ത്ഥികളില്ല; 'സംസ്‌കാരം' വിളമ്പുന്ന മിത്രങ്ങളുടെ എണ്ണം നോക്കുമ്പോള്‍ ഈ വിടവ് നികത്താവുന്നതല്ലേ? സന്ദീപ് വാര്യര്‍
Kerala
ബി.ജെ.പിയ്ക്ക് സ്ഥാനാര്‍ത്ഥികളില്ല; 'സംസ്‌കാരം' വിളമ്പുന്ന മിത്രങ്ങളുടെ എണ്ണം നോക്കുമ്പോള്‍ ഈ വിടവ് നികത്താവുന്നതല്ലേ? സന്ദീപ് വാര്യര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd November 2025, 8:31 pm

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പഞ്ഞത്തില്‍ പരിഹാസവുമായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍. ഏകദേശം 8000ത്തോളം സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ബി.ജെ.പിക്ക് സാധിച്ചില്ലെന്ന വാര്‍ത്ത കണ്ടപ്പോള്‍ അത്ഭുതം തോന്നിയെന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തന്റെ എഫ്.ബി പോസ്റ്റുകള്‍ക്ക് താഴെ ‘സംസ്‌കാരം’ വിളമ്പുന്ന മിത്രങ്ങളുടെ എണ്ണം വെച്ച് നോക്കുമ്പോള്‍, അവരുടെയൊക്കെ വീട്ടില്‍ നിന്ന് ഒരാളെ വെച്ച് സ്ഥാനാര്‍ത്ഥിയാക്കിയാല്‍ പോലും നിഷ്പ്രയാസം നികത്താവുന്ന വിടവല്ലേ ഉള്ളൂ എന്നും സന്ദീപ് ചോദിക്കുന്നു.

ഫേസ്ബുക്കിലെ ഈ ‘വീരശൂര പോരാളികള്‍’ വെറും കമന്റ് തൊഴിലാളികളായി മാത്രം ഒതുങ്ങരുത്. ഇടയ്‌ക്കൊക്കെ ഒന്ന് നോമിനേഷന്‍ പത്രിക കൊടുക്കാന്‍ കൂടി ആ ആവേശം കാണിച്ചിരുന്നെങ്കില്‍ കെ.ജെ.പിക്ക് ഈ ഗതികേട് വരില്ലായിരുന്നുവെന്നും സന്ദീപ് പരിഹസിച്ചു.

അതേസമയം ബി.ജെ.പിയുടെ ശക്തികേന്ദ്രമായ പാലക്കാട് പോലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതില്‍ പാര്‍ട്ടി തിരിച്ചടി നേരിട്ടുണ്ട്. 11 പഞ്ചായത്തുകളിലായി 43 വാര്‍ഡുകളില്‍ ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനായില്ല.

ചിറ്റൂര്‍ തത്തമംഗലം നഗരസഭയില്‍ അഞ്ച് വാര്‍ഡുകളിലും കാഞ്ഞിരപ്പുഴയില്‍ എട്ട് വാര്‍ഡുകളിലും ബി.ജെ.പിക്ക് സ്ഥാനാത്ഥികളില്ല. ആലത്തൂര്‍, അലനല്ലൂര്‍ പഞ്ചായത്തിലെ അഞ്ചിടത്തും ബി.ജെ.പി മത്സരിക്കുന്നില്ല.

ഇതിനുപുറമെ വടകരപ്പതി, പുതുനഗരം, വണ്ടാഴി, പെരുമാട്ടി പഞ്ചായത്തുകളില്‍ നാല് വാര്‍ഡുകളിലും ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥികളില്ല.

കാരകുറിശ്ശി, വടക്കഞ്ചേരി പഞ്ചായത്തുകളില്‍ മൂന്നിടത്തും കിഴക്കഞ്ചേരിയില്‍ രണ്ടും മങ്കരയില്‍ ഒരിടത്തും ബി.ജെ.പി മത്സരിക്കുന്നില്ല. ഇതില്‍ പുതുനഗരം പഞ്ചായത്തില്‍ കഴിഞ്ഞ തവണ ബി.ജെ.പി പ്രതിപക്ഷ സ്ഥാനത്തെത്തിയിരുന്നു.

Content Highlight: Sandeep Varier mocks lacks of BJP candidates in local body elections