തൃശൂര്‍: വോട്ട് ചോരിയെ ന്യായീകരിച്ച ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ മത്സരിക്കാന്‍ ചങ്കൂറ്റമുണ്ടോയെന്നാണ് സന്ദീപ് വാര്യര്‍ കെ. സുരേന്ദ്രനോട് ചോദിച്ചത്. വോട്ട് ചോരിക്കെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഫ്രീഡം ലൈറ്റ് നൈറ്റ് റാലിയില്‍ സംസാരിക്കുകയായിരുന്നു സന്ദീപ് വാര്യര്‍.
എന്തിനാണ് വേറെ ആളുകളുടെ പേര് പറയുന്നതെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു. ചങ്കൂറ്റമുണ്ടെങ്കില്‍ തൃശൂര്‍ ടൗണ്‍ മണ്ഡലത്തില്‍ മത്സരിക്കാനും അങ്ങനെ ചെയ്താല്‍ കോണ്‍ഗ്രസും യു.ഡി.എഫും താങ്കളെ പരാജയപ്പെടുത്തുമെന്നും സുരേന്ദ്രനോട് സന്ദീപ് വാര്യര്‍ പറഞ്ഞു.
‘എന്തിനാണ് സുരേന്ദ്രാ വേറെ ആളുകളുടെ പേര് പറയുന്നത്? ആണത്തമുണ്ടെങ്കില്‍, ചങ്കൂറ്റമുണ്ടെങ്കില്‍, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ടൗണ്‍ മണ്ഡലത്തില്‍ മത്സരിക്ക്. കേരളം മുഴുവന്‍ നടന്നും പറന്നും മത്സരിച്ചതല്ലേ, ആ ഹെലികോപ്റ്റര്‍ ഒന്ന് തിരിച്ച് തൃശൂരില്‍ ലാന്‍ഡ് ചെയ്യ്. ഇവിടെ മാത്രമല്ലേ ബാക്കിയുള്ളൂ. ഞങ്ങള്‍ തോല്‍പ്പിച്ച് കാണിച്ചു തരാം,’ സന്ദീപ് വാര്യര്‍ പറഞ്ഞു.
തങ്ങള്‍ അറുപതിനായിരം കള്ളവോട്ട് ചേര്‍ത്തപ്പോള്‍ മറ്റുള്ളവര്‍ എവിടെയായിരുന്നെന്നും പോയി തൂങ്ങിച്ചത്തൂടെ എന്നുമുള്ള സുരേന്ദ്രന്റെ പരിഹാസത്തിനും സന്ദീപ് വാര്യര്‍ മറുപടി നല്‍കി. മഞ്ചേശ്വരത്ത് 15000 കള്ളവോട്ട് ചേര്‍ത്തിട്ടുണ്ടെന്ന് ആരോപിച്ച് കോടതിയില്‍ കേസിന് പോയ ആളാണ് കെ. സുരേന്ദ്രനെന്നും അയാള്‍ തൂങ്ങിച്ചത്തോ എന്നും സന്ദീപ് വാര്യര്‍ ചോദിച്ചു. കേസ് പിന്‍വലിച്ച് കണ്ടം വഴി ഓടിയ ആളാണ് കെ. സുരേന്ദ്രനെന്നും അദ്ദേഹം പറഞ്ഞു.
‘പാര്‍ട്ടി ഫണ്ട് അടിച്ചുമാറ്റുന്ന കാര്യമായാലും വോട്ടര്‍പട്ടികയില്‍ കള്ളവോട്ട് ചേര്‍ക്കുന്ന കാര്യമായാലും അതുപോലും വൃത്തിക്ക് ചെയ്യാന്‍ കഴിയാത്തവരാണ് തൃശൂരിലെ ബി.ജെ.പി ഓഫീസിലിരിക്കുന്നത്. തൃശൂരില്‍ വ്യാപകമായി കള്ളവോട്ട് ചേര്‍ത്തുവെന്നത് വസ്തുതയാണ്. ഇതെല്ലാം പിടിച്ചപ്പോള്‍ പരിഹാസവും പിന്നീട് ഒരു വെല്ലുവിളിയുമാണ്. തൃശൂരില്‍ ശോഭ സുരേന്ദ്രനെ നിര്‍ത്തുമെന്ന്.
എനിക്ക് പകരം രമണന്‍ ഗോദയിലിറങ്ങുമെന്ന് പഴയ ഒരു സിനിമയില്‍ പറയുന്നതുപോലയുണ്ട് ഇത്. ശോഭ എവിടെയും ജയിക്കരുതെന്ന് സുരേന്ദ്രന് നിര്‍ബന്ധമുണ്ട്. അയാള്‍ പ്രസിഡന്റായ കാലത്ത് ജയിക്കാവുന്ന ഒരു മണ്ഡലവും ആ പാവത്തിന് കൊടുത്തിട്ടില്ല. ഇപ്പോ തൃശൂരില്‍ ശോഭയെ കൊണ്ടുവന്ന നിര്‍ത്താനാണ് സുരേന്ദ്രന്റെ പ്ലാന്‍. ആ പാവത്തിനെ ബലിയാടാക്കുകയാണ്,’ സന്ദീപ് വാര്യര്‍ പറയുന്നു.
Content Highlight: Sandeep Varier mocks K Surendran on Vote Chori justification