കോഴിക്കോട്: ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ സംസ്ഥാനത്തെ ബി.ജെ.പിയുടെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സന്ദീപ് വാര്യരുടെ പ്രതികരണം. വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും ഫാക്ടറിയാണ് സംഘപരിവാര്‍ എന്ന് മനസിലാക്കാന്‍ ഫേസ്ബുക്കിലെ മലയാളി സംഘി പ്രൊഫൈലുകളിലൂടെ ഒന്ന് പോയാല്‍ മതിയെന്ന് സന്ദീപ് വാര്യര്‍ പറയുന്നു.
കഴിഞ്ഞ ക്രിസ്മസിനും ഈസ്റ്ററിനും കേക്കുമായി പോയവനെല്ലാം ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ് ആഘോഷിക്കുന്നത് കാണാമെന്നും ബി.ജെ.പിയുടെ കേരളത്തിലെ മിക്ക നേതാക്കളും സംസ്ഥാന പ്രസിഡന്റിന്റെ ലൈന്‍ ലംഘിച്ചുകൊണ്ട് ആര്‍.എസ്.എസ് ലൈനാണ് സംസാരിച്ചുകൊണ്ടിരിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
കന്യാസ്ത്രീകള്‍ കുറ്റക്കാരാണെന്നും മനുഷ്യക്കടത്തുകാരാണെന്നും മലയാളി സംഘികള്‍ ഒന്നടങ്കം വാദിക്കുന്നു. നിലാവുദിച്ചപ്പോള്‍ ഓരിയിട്ട കുറുക്കന്റെ അവസ്ഥയിലാണ് കേരളത്തിലെ ബി.ജെ.പിയെന്നും സന്ദീപ് വാര്യര്‍ വിമര്‍ശിച്ചു. ബി.ജെ.പിയുടെ ക്രൈസ്തവ വിരുദ്ധത കേരളത്തിലെ ക്രൈസ്തവ സമൂഹം തിരിച്ചറിഞ്ഞ് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ (ബുധന്‍) കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ദുര്‍ഗ് സെഷന്‍സ് കോടതി എതിര്‍ത്തിരുന്നു. പിന്നാലെ ഛത്തീസ്ഗഡ് ബി.ജെ.പി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിര്‍ത്തില്ലെന്ന വാദവുമായി കേരള ബി.ജെ.പി രംഗത്തെത്തിയിരുന്നു. എന്നാല്‍ കേരള ബി.ജെ.പിയുടെ വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നിരുന്നു. ഛത്തീസ്ഗഢിലെ ബി.ജെ.പി സര്‍ക്കാരിന്റെ പ്രൊസിക്യൂഷന്‍ ജാമ്യാപേക്ഷ എതിര്‍ത്തുവെന്ന് തെളിയിക്കുന്ന രേഖകള്‍ ന്യൂസ് മലയാളം പുറത്ത് വിട്ടു.
ബജ്റംഗ്ദള്‍ അഭിഭാഷകന്‍ ഉന്നയിച്ച വാദങ്ങള്‍ ശരിവെക്കുന്ന സമീപനമായിരുന്നു പ്രൊസിക്യൂഷനും സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ പ്രൊസിക്യൂഷന്‍ എതിര്‍ത്തിട്ടില്ല എന്നായിരുന്നു ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ അനൂപ് ആന്റണി പറഞ്ഞത്. എന്നാല്‍ ഇതിനെ തള്ളുന്നതാണ് കോടതിയുടെ വിധിപകര്‍പ്പ്. ദുര്‍ഗ് സെഷന്‍സ് കോടതി ഉത്തരവാണ് പുറത്ത് വന്നിരിക്കുന്നത്. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പ്രൊസിക്യൂഷന്‍ ഒരു സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു.
അതേസമയം കന്യാസ്ത്രീകളുടെ വിഷയത്തില്‍ കേരളത്തിലെ ബി.ജെ.പി രണ്ട് തട്ടിലാണ് എന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഈ വിവാദം പാര്‍ട്ടിയുടെ സംസ്ഥാനത്തെ പ്രതിച്ഛായയെ തന്നെ ബാധിക്കുമെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. എന്നാല്‍ അറസ്റ്റിനെ എതിര്‍ക്കേണ്ടതില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്. ബി.ജെ.പി സംസ്ഥാന ഭാരവാഹി പ്രതീഷ് വിശ്വനാഥ് ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിനെ ന്യായീകരിച്ചത്.
കന്യാസ്ത്രീകളുടെ അറസ്റ്റില്‍ കേരള ബി.ജെ.പി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ആര്‍.എസ്.എസിന്റെ മുതിര്‍ന്ന നേതാവ് കെ. ഗോവിന്ദന്‍കുട്ടിയും രംഗത്ത് എത്തിയിരുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ടാണ് ഗോവിന്ദന്‍കുട്ടിയുടെ വിമര്‍ശനം.
കന്യാസ്ത്രീകളുടെ വിഷയത്തില്‍ കേരളത്തിലെ ബി.ജെ.പി വേവലാതിപ്പെടുന്നത് എന്തിനാണെന്നും ഛത്തീസ്ഗഡില്‍ നിയമവും നീതിയും നടപ്പിലാക്കാന്‍ ഒരു സര്‍ക്കാരുണ്ടെന്നുമാണ് കന്യാസ്ത്രീകളുടെ അറസ്റ്റിനെതിരായ രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റിന് മറുപടിയായി കെ. ഗോവിന്ദന്‍കുട്ടി പ്രതികരിച്ചത്.
Content Highlight: Sandeep Varier Criticize Kerala BJP