ഐ.പി.എല്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബാറ്ററാണ് വിരാട് കോഹ്‌ലി. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബാറ്ററായി തുടരുമ്പോഴും കിരീടമില്ലെന്ന് പരിഹസിച്ച വിമര്‍ശകരുടെ വായടിപ്പിച്ച് 2025ല്‍ വിരാട് തന്റെ ഐ.പി.എല്‍ കരിയര്‍ സമ്പൂര്‍ണമാക്കിയിരുന്നു. പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തി വിരാടും റോയല്‍ ചലഞ്ചേഴ്‌സും ആദ്യമായി ഐ.പി.എല്‍ ചാമ്പ്യന്‍മാരായി മിന്നിത്തിളങ്ങി.
ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയാണ് വിരാട് ടൂര്‍ണമെന്റിലെ എക്കാലത്തെയും മികച്ച ബാറ്ററെന്ന് സ്വയം അടയാളപ്പെടുത്തിയത്. എട്ട് തവണയാണ് ഐ.പി.എല്ലില്‍ വിരാടിന്റെ ബാറ്റ് റോയല്‍ ചലഞ്ചേഴ്‌സിനായി നൂറടിച്ചത്. ഇതില്‍ പകുതിയും ഫോമിന്റെ പാരമ്യത്തില്‍ നിന്ന 2016ലാണ് വിരാട് അടിച്ചെടുത്തത്.
വിരാട് കോഹ്‌ലി. Photo: Royal Challengers Bengaluru/x.com
വിരാടിന്റെ ഐ.പി.എല്‍ സെഞ്ച്വറികളില്‍ 2016ല്‍ പഞ്ചാബ് കിങ്സിനെതിരെ (കിങ്സ് ഇലവന്‍ പഞ്ചാബ്) നേടിയ സെഞ്ച്വറി എന്നും സ്പെഷ്യലായി തന്നെ. മോശം കാലാവസ്ഥ മൂലം 15 ഓവറായി ചുരുക്കിയ മത്സരത്തില്‍ പരിക്കേറ്റ കയ്യുമായാണ് വിരാട് നൂറടിച്ചത്.
വിരാടിന്റെ ആ ചരിത്ര നേട്ടത്തെ കുറിച്ച് സംസാരിക്കുകയാണ് സൂപ്പര്‍ പേസര്‍ സന്ദീപ് ശര്‍മ. അന്ന് പഞ്ചാബിനായി പന്തെറിഞ്ഞ സന്ദീപാണ് വിരാടിനെ പുറത്താക്കിയത്.
സന്ദീപ് ശര്‍മ
ടു സ്ലോഗേഴ്‌സ് യൂട്യൂബ് ചാനലിന് നേരത്തെ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സന്ദീപ്.
‘മഴ മൂലം മത്സരം 15 ഓവറായി ചുരുക്കിയത് എനിക്കിപ്പോഴും ഓര്‍മയുണ്ട്. പക്ഷേ അങ്ങനെയൊരു സാഹചര്യത്തിലും പരിക്കേറ്റ കയ്യുമായി വിരാട് സെഞ്ച്വറി നേടി. 15 ഓവര്‍ മാത്രമുള്ള ഒരു മത്സരത്തില്‍ സെഞ്ച്വറി നേടുക! വേറെ ലെവല്‍ പ്രകടനമാണത്,’ സന്ദീപ് ശര്‍മ പറഞ്ഞു.
വിരാട് കോഹ്‌ലി. Photo: Royal Challengers Bengaluru/x.com
2016 മെയ് 18ന് ബെംഗളൂരുവിന്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറിയത്. ആദ്യം ബാറ്റ് ചെയ്ത ഹോം ടീം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് നേടി.
വിരാടിനൊപ്പം ക്രിസ് ഗെയ്‌ലും തകര്‍ത്തടിച്ചപ്പോള്‍ ആദ്യ വിക്കറ്റില്‍ 147 റണ്‍സിന്റെ കൂട്ടുകെട്ട് പിറന്നു. 32 പന്തില്‍ 73 റണ്‍സാണ് ഗെയ്ല്‍ അടിച്ചെടുിത്തത്. അക്‌സര്‍ പട്ടേലിന് വിക്കറ്റ് നല്‍കിയായിരുന്നു വിന്‍ഡീസ് ലെജന്‍ഡ് പുറത്താകയത്.
പിന്നാലെയെത്തിയ ഡി വില്ലിയേഴ്സ് നേരിട്ട രണ്ടാം പന്തില്‍ പൂജ്യത്തിന് പുറത്തായെങ്കിലും മറുവശത്ത് വിരാട് സ്‌കോര്‍ ബോര്‍ഡിന്റെ വേഗം നഷ്ടപ്പെടാതെ തകര്‍ത്തടിച്ചുകൊണ്ടിരുന്നു. പരിക്കറ്റേ കൈ പലപ്പോഴും വിരാടിനെ അസ്വസ്ഥനാക്കിയെങ്കിലും താരം ബാറ്റിങ് തുടരുകയായിരുന്നു.
ഒടുവില്‍ 14ാം ഓവറിലെ അവസാന പന്തില്‍ സന്ദീപ് ശര്‍മക്ക് വിക്കറ്റ് നല്‍കി വിരാട് മടങ്ങി.
12 ഫോറും ആകാശം തൊട്ട എട്ട് പടുകൂറ്റന്‍ സിക്‌സറുമടക്കം 50 പന്തില്‍ 113 റണ്‍സാണ് കിങ് കോഹ്‌ലി അടിച്ചെടുത്തത്. 226.00 എന്ന വെടിക്കെട്ട് സ്ട്രൈക്ക് റേറ്റിലായിരുന്നു വിരാടിന്റെ താണ്ഡവം.
വിരാട് കോഹ്‌ലി. Photo: Royal Challengers Bengaluru/x.com
ഒടുവില്‍ 15 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സാണ് ആര്‍.സി.ബി നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 14 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 120 എന്ന നിലയില്‍ തുടരവെ വീണ്ടും കളി മുടങ്ങി. ഡി.എല്‍.എസ് നിയമപ്രകാരം ആര്‍.സി.ബി 82 റണ്‍സിന്റെ ജയം സ്വന്തമാക്കുകയായിരുന്നു. വിരാട് തന്നെയായിരുന്നു കളിയിലെ താരം.
Content Highlight: Sandeep Sharma about Virat Kohli’s IPL century in 2016