ഐ.പി.എല്‍ 2025ലെ മെഗാ താരലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണൊപ്പം നിലനിര്‍ത്തിയ താരമായിരുന്നു സൂപ്പര്‍ പേസര്‍ സന്ദീപ് ശര്‍മ. സീസണില്‍ തരക്കേടില്ലാത്ത പ്രകടനമാണ് സന്ദീപ് കാഴ്ചവെച്ചത്. സീസണില്‍ രാജസ്ഥാനായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയവരില്‍ നാലാമനായ സന്ദീപിനെ 2026ലും രാജസ്ഥാന്‍ ചേര്‍ത്തുനിര്‍ത്തി.
ഐ.പി.എല്ലില്‍ ഏറ്റവുമധികം ക്യാപ്റ്റന്‍മാര്‍ക്ക് കീഴില്‍ കളിച്ച താരങ്ങളിലൊരാള്‍ കൂടിയാണ് സന്ദീപ്. 2013ല്‍ അരങ്ങേറ്റം കുറിച്ചത് മുതല്‍ 12 ക്യാപ്റ്റന്‍മാര്‍ക്ക് കീഴില്‍ താരം പന്തെറിഞ്ഞു.
വിരേന്ദര്‍ സേവാഗ്, ഗ്ലെന്‍ മാക്സ്‌വെല്‍ ഡേവിഡ് മില്ലര്‍, മുരളി വിജയ്, ആദം ഗില്‍ക്രിസ്റ്റ്, കെയ്ന്‍ വില്യംസണ്‍, ഡേവിഡ് വാര്‍ണര്‍, ഭുവനേശ്വര്‍ കുമാര്‍, മനീഷ് പാണ്ഡേ, മായങ്ക് അഗർവാള്‍, സഞ്ജു സാംസണ്‍ എന്നിവര്‍ക്ക് പുറമെ 2025ല്‍ സഞ്ജുവിന് പരിക്കേറ്റ സാഹചര്യത്തില്‍ റിയാന്‍ പരാഗിന് കീഴിലും താരം പന്തെറിഞ്ഞു.
ഇവരില്‍ ഏറ്റവും മികച്ച ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ആണെന്നാണ് സന്ദീപ് പറയുന്നത്. സഞ്ജു എല്ലായ്പ്പോഴും പോസിറ്റീവ് ആണെന്നും ഒരിക്കലും തന്റെ മേലുള്ള സമ്മര്‍ദം ബൗളര്‍ക്ക് മേല്‍ ചെലുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
സഞ്ജുവിനൊപ്പം Photo: Rajasthan Royals/x.com
നേരത്തെ ടു സ്ലോഗേഴ്സ് പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് സന്ദീപ് ഇക്കാര്യം പറഞ്ഞത്.
‘ഐ.പി.എല്ലില്‍ ഞാന്‍ ഒപ്പം കളിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച ക്യാപ്റ്റന്‍ സഞ്ജുവാണ്. അതിനുള്ള കാരണം, ഒരു ബൗളര്‍ എന്ന നിലയില്‍ മത്സരത്തിനിടെ എന്റെ മേല്‍ ഒരുപാട് സമ്മര്‍ദമുണ്ടാകുന്ന സാഹചര്യമുണ്ടാകും. കഴിഞ്ഞ രണ്ട് തവണയും ഇത്തരത്തിലുള്ള സമ്മര്‍ദഘട്ടങ്ങളിലൂടെ പലപ്പോഴും ഞാന്‍ കടന്നുപോയിട്ടുണ്ട്. ചില സാഹചര്യങ്ങളില്‍ നമ്മള്‍ വിജയിക്കുകയും ചിലപ്പോള്‍ പരാജയപ്പെടുകയും ചെയ്തു.
എന്നാല്‍ ഈ ഘട്ടങ്ങളില്‍ ഒരിക്കല്‍ പോലും അങ്ങനെ ചെയ്യൂ, ഇങ്ങനെ ചെയ്യൂ എന്നൊന്നും സഞ്ജു എന്നോട് ആവശ്യപ്പെട്ടിട്ടില്ല. ഇതൊരു മികച്ച കാര്യമായാണ് എനിക്ക് തോന്നുന്നത്.
അതേസമയം, പുതിയ സീസണില്‍ സഞ്ജു രാജസ്ഥാനൊപ്പമോ സന്ദീപിനൊപ്പമോ അല്ല എന്നുള്ളത് ഹല്ലാ ബോല്‍ ആരാധകരെ ഏറെ നിരാശരാക്കുന്നുണ്ട്. പുതിയ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടിയാണ് സഞ്ജു കളത്തിലിറങ്ങുക. ടീമിന്റെ വൈസ് ക്യാപ്റ്റനും സഞ്ജുവായിരിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.