ഷോര്‍ട്ട് ഫിലിമുകളിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് സന്ദീപ് പ്രദീപ്. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത പതിനെട്ടാം പടിയാണ് സന്ദീപിന്റെ ആദ്യചിത്രമെങ്കിലും ബേസില്‍ ജോസഫ് നായകനായ ഫാലിമിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. ഈ വര്‍ഷത്തെ ഗംഭീര വിജയങ്ങളായ ആലപ്പുഴ ജിംഖാനയിലും പടക്കളത്തിലും സന്ദീപിന്റെ സാന്നിധ്യമുണ്ടായിരുന്നു.
ഷോര്‍ട്ട് ഫിലിമുകള്‍ ഒരുപാട് ചെയ്തത് തന്റെ സിനിമാ അഭിനയം എളുപ്പമാക്കിയെന്ന് സന്ദീപ് പറയുന്നു. ഇപ്പോള്‍ ക്യാമറയുടെ മുമ്പില്‍ നില്‍ക്കുമ്പോള്‍ തനിക്ക് ആ പേടിയില്ലെന്നും ഒരുപാട് ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചതിന്റെ ഗുണമാണതെന്നും അദ്ദേഹം പറഞ്ഞു.
ബേസിക് ആയ ഒരുപാട് കാര്യങ്ങള്‍ താന്‍ സിനിമയില്‍ വരുന്നതിന് മുമ്പേ മനസിലാക്കിയെന്നും അതുകൊണ്ട് സിനിമയിലേക്ക് എത്തിയപ്പോഴുള്ള അഡാപ്‌റ്റേഷന്‍ വളരെ എളുപ്പമായിരുന്നുവെന്നും സന്ദീപ് പറയുന്നു. പുതുമുഖങ്ങളുമായി ഇടപഴകിയതും ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചതും തന്നെ സിനിമയില്‍ ഒരുപാട് സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യു സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു സന്ദീപ്.
‘ക്യാമറ വെക്കുമ്പോള്‍ ആ പേടി ഇല്ല. അതാണ് ഷോര്‍ട്ട് ഫിലിം ഒരുപാട് ചെയ്തതിന്റെ ഒരു ഗുണം എനിക്ക് കിട്ടിയത്. കമ്മ്യൂണിക്കേഷന്‍ എളുപ്പമാണ്. എന്താണ് ലെന്‍സിങ്, നമ്മള്‍ എവിടെ നില്‍ക്കണം അങ്ങനെ ബേസിക് ആയിട്ടുള്ള കുറെ കാര്യങ്ങള്‍ പഠിച്ചു. ഷോര്‍ട്ട് ഫിലിം ചെയ്യുന്നത് മുതലേ ഇങ്ങനത്തെ കുറെ കാര്യങ്ങള്‍ അറിയുന്നത് കൊണ്ട് നമുക്ക് ആ ഒരു അഡാപ്‌റ്റേഷന്‍ വളരെ എളുപ്പമാണ്.
നമ്മള്‍ ആദ്യത്തെ മൂന്ന് നാല് ഷോര്‍ട്ട് ഫിലിം ചെയ്ത് കഴിഞ്ഞ് ഇങ്ങനെ ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കാന്‍ ആഗ്രഹമുള്ള പുതിയ ആളുകള്‍ വരുമല്ലോ. നാച്ചുറലി നമ്മള്‍ അവരെ പരിചയപ്പെടും. അങ്ങനെ പുതിയ ആളുകള്‍ വരുമ്പോളും മിങ്കിള്‍ ചെയ്യാന്‍ അത്ര ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ പുതിയ പുതിയ ആളുകളോട് സംസാരിച്ചും, ഇടപഴകിയും ഷോര്‍ട്ട് ഫിലിം ചെയ്തും ശീലിച്ചതുകൊണ്ടാകാം ഒരു പക്ഷേ സിനിമയിലേക്ക് വന്നപ്പോള്‍ അത്രയും പേടി ഇല്ലാതിരുന്നത്,’ സന്ദീപ് പ്രദീപ് പറയുന്നു.
Content Highlight: Sandeep says that his film acting has become easier after doing a lot of short films.