നീയാദ്യം മുതലെ തമിഴ് പേസെടാ; ഇതെനിക്ക് പറ്റിയ പരിപാടിയല്ലെന്ന് അന്നെനിക്ക് മനസിലായി: സന്ദീപ് പ്രദീപ്
Malayalam Cinema
നീയാദ്യം മുതലെ തമിഴ് പേസെടാ; ഇതെനിക്ക് പറ്റിയ പരിപാടിയല്ലെന്ന് അന്നെനിക്ക് മനസിലായി: സന്ദീപ് പ്രദീപ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 12th December 2025, 10:43 pm

ആലപ്പുഴ ജിംഖാന, പടക്കളം, എക്കോ തുടങ്ങി തുടരെ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റെ പേരെഴുതി ചേര്‍ത്ത നടനാണ് സന്ദീപ് പ്രദീപ്. ബാഹുല്‍ രമേശ് തിരക്കഥയെഴുതി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോയിലെ തന്റെ പ്രകടനത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഒരു പറ്റം ആരാധകരെ സൃഷ്ടിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. എക്കോയുടെ തമിഴ് വേര്‍ഷന്‍ ഡബ്ബ് ചെയ്യുമ്പോഴുണ്ടായ രസകരമായ അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് സന്ദീപ് ദ ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍.

സന്ദീപ് പ്രദീപ്. Photo: screen grab/ eko trailer

അന്യഭാഷ ചിത്രങ്ങളിലെ പ്രൊജക്ടുകളെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.

‘ഇപ്പോള്‍ നമ്മളൊരു സ്ഥലത്തെത്തി ആ സ്ഥലത്ത് ഒന്ന് ഉറച്ച് നിന്നിട്ട് വേണമല്ലോ നമ്മള്‍ അടുത്ത സ്ഥലത്തേക്ക് പോവാന്‍. അങ്ങനൊയൊരു പ്രൊസസ് ആണ് ഇപ്പോള്‍ എന്റെ മൈന്‍ഡില്‍. അല്ലാതെ അവിടെ പോവാന്‍ ഇഷ്ടമില്ലാത്തത് കൊണ്ടല്ല. ഞാനതിന് മാത്രം വളര്‍ന്നു എന്ന് എനിക്ക് തോന്നണമല്ലോ. അതെനിക്ക് തോന്നിയിട്ടില്ല. പിന്നെ എന്റെ സ്‌ട്രെങ്ത്ത് ഇവിടെയാണ്, എല്ലാ കാര്യത്തിലും.

കാരണം എനിക്ക് തമിഴ് മര്യാദക്ക് സംസാരിക്കാന്‍ അറിയില്ല. എക്കോയുടെ തമിഴ് വേര്‍ഷന്‍ ഡബ്ബിങ്ങിന് പോയപ്പോള്‍ അരമണിക്കൂര്‍ കൊണ്ടാണ് ഞാന്‍ ഇറങ്ങിപ്പോന്നത്. വലിയ ആത്മവിശ്വാസത്തോടെയായിരുന്നു സ്റ്റുഡിയോയിലേക്ക് ചെന്നത്. മ്ലാത്തി ചേട്ടത്തി നമ്മളെക്കാള്‍ നന്നായി മലയാളം സംസാരിക്കും എന്ന് പറയുന്ന ഡയലോഗ് ആയിരുന്നു തമിഴില്‍ പറയേണ്ടിയിരുന്നത്.

എക്കോ. Photo: eko/ theatrical poster

താങ്കളെക്കാള്‍ നല്ല തമിഴ് പേസറെ എന്ന് പറഞ്ഞു തുടങ്ങിയപ്പോള്‍ തന്നെ നരെന്‍ ചേട്ടന്‍ പറഞ്ഞു, മുതലെ നീ തമിഴ് പേസടെ എന്ന്. അപ്പോള്‍ തന്നെ കേള്‍ക്കുന്നവര്‍ക്ക് മനസിലാവും ഇവന്‍ പിയൂസ് ഒന്നും അല്ല കൊച്ചിയിലെ ഇടപ്പളളിയില്‍ നിന്നും വന്ന പിയൂസാണെന്ന്. അന്നെനിക്ക് മനസിലായി ഇതെന്നെക്കൊണ്ട് നടക്കുന്ന കാര്യമല്ലെന്ന്,’ താരം പറയുന്നു.

കരിയറിന്റെ തുടക്കത്തില്‍ തന്നെ അന്യഭാഷകള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്ന ഒരുപാട് അഭിനേതാക്കളുണ്ടെന്നും, രജിഷ വിജയന്‍ അത്തരത്തിലൊരാളാണെന്നും ബൈസണിലെ കഥാപാത്രം മനോഹരമായി ചെയ്‌തെന്നും താരം പറഞ്ഞു. ആദ്യം നമ്മുടെ നാട്ടുകാരുടെ ഇഷ്ടം നേടി ഇവിടെ വളര്‍ന്നതിന് ശേഷം പുറത്തേക്ക് പോകാമെന്നാണ് താന്‍ കരുതുന്നതെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.

Content Highlight: sandeep pradeep talks about acting in other language films