മലയാള സിനിമയിലെ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും ഇല്ലാതെ മലയാള സിനിമയെ ചിന്തിക്കാൻ പോലും കഴിയാത്ത കാലഘട്ടത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. അഭിനയ മികവിലും താരമൂല്യത്തിലും നാല് പതിറ്റാണ്ടിലേറെയായി മലയാള സിനിമയെ മുന്നോട്ട് നയിക്കുന്ന ഈ രണ്ട് താരങ്ങളും, സിനിമയ്‌ക്കപ്പുറം ജീവിതത്തിൽ വലിയ സൗഹൃദബന്ധം പുലർത്തുന്നവരാണ്. എന്നാൽ ആരാധകർക്കിടയിൽ ഇന്നും അവസാനിക്കാത്ത ചർച്ചയാണ് ആരാണ് മികച്ച നടൻ എന്നുള്ള ചോദ്യം.
ഇപ്പോഴിതാ, ഈ താരതമ്യ ചർച്ചയെ കുറിച്ച് യുവതാരം സന്ദീപ് പ്രദീപ് നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
‘ഒരു കൊട്ടാരം പണിയുകയാണ് എന്ന് വിചാരിക്കുക. അതിന് രണ്ട് തൂൺ ഉണ്ട്. പണിത് വരുന്ന കാലത്ത് നമ്മൾക്ക് പറയാം ആ തൂണിന്റെ കളർ ഇങ്ങനെയാണോ, ഈ തൂണ് ആണോ ബെറ്റർ ആ തൂണ് ആണോ ബെറ്റർ എന്നൊക്കെ. പക്ഷെ അത് പണിത് ഒരു 60-70 വർഷം ആ കൊട്ടാരം പിടിച്ച് നിർത്താൻ ആ രണ്ട് തൂണിനും കഴിഞ്ഞിട്ട് ഇതിലേത് തൂണാണ് ബെറ്റർ എന്ന് ചോദിക്കുന്നത് മണ്ടത്തരമാണ്. അത്തരം തൂണുകളാണ് നമ്മുടെ ലാലേട്ടൻ ആയാലും മമ്മൂക്ക ആയാലും,’ സന്ദീപ് പ്രദീപ് പറഞ്ഞു.
ഇത്രയും കാലം മലയാള സിനിമയെ പിടിച്ചു നിർത്തിയിട്ടും ഇന്നും ലാലേട്ടനാണോ മമ്മൂക്കയാണോ നല്ലതെന്ന് ചോദിക്കുന്നത് ശരിയല്ല. അവർ ഇരുവരും അവരുടെ കഴിവിന്റെ പരമാവധി നമ്മൾക്ക് ഇതിനോടകം തന്നെ കാണിച്ചു തന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സന്ദീപിന്റെ ഈ അഭിപ്രായത്തിന് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്. നാല്‍പതും അൻപതും വർഷങ്ങളായി മലയാള സിനിമയെ പുതിയ ഉയരങ്ങളിലേക്ക് കൈപിടിച്ചു കൊണ്ടുപോകുന്ന ഈ രണ്ട് താരങ്ങളെയും ഇന്നും പരസ്പരം താരതമ്യം ചെയ്യുന്നത് അർത്ഥശൂന്യമാണെന്നാണ് പ്രേക്ഷകരുടെ പൊതുവായ അഭിപ്രായം.
ഫാൻ ഫൈറ്റും കമ്പാരിസണും നിർത്തണം, ഇതാണ് കിടിലൻ മറുപടി, ഡിപ്ലോമാറ്റിക് അല്ല, സത്യസന്ധമായ ഉത്തരമാണ് തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.
മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ച് ഇനി എന്താണ് അവർ തെളിയിക്കാനുള്ളത് എന്ന ചോദ്യവും നിരവധി പേർ ഉയർത്തുന്നുണ്ട്. മലയാള സിനിമയെ ഇത്രയും കാലം താങ്ങിനിർത്തിയ രണ്ട് തൂണുകളെ താരതമ്യം ചെയ്യുന്നതിലപ്പുറം, അവർ മലയാള സിനിമയ്ക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ ഓർത്ത് ഇരുവരെയും സ്നേഹിക്കുകയും പിന്തുണയ്ക്കുകയുമാണ് വേണ്ടതെന്നും ആരാധകർ പറയുന്നു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.