താന്‍ വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരുപാട് സംവിധായകരുണ്ടെന്നും അതില്‍ ഒരാളായിരുന്നു ഖാലിദ് റഹ്‌മാന്‍ എന്നും നടന്‍ സന്ദീപ് പ്രദീപ്. ആക്ടര്‍ എന്ന രീതിയില്‍ തന്നെ തനിക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞ ഒരു കഥാപാത്രമായിരുന്നു ആലപ്പുഴ ജിംഖാനയിലേതെന്നും സന്ദീപ് പറഞ്ഞു.
‘ഫാലിമി റിലീസ് ചെയ്തു ഒരു മാസമായപ്പോഴേക്കും റഹ്‌മാനിക്കയുടെ കോള്‍ വന്നിരുന്നു. ഞാന്‍ അതുവരെ ചെയ്യാത്ത ഒരുപാട് കാര്യങ്ങള്‍ ആലപ്പുഴ ജിംഖാനയില്‍ എനിക്ക് ചെയ്യാന്‍ സാധിച്ചു. ഫിസിക്കല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍, ബോക്‌സര്‍ അതുപോലെ ലൗഡായ ഓവര്‍ കോണ്‍ഫിഡന്റായ കഥാപാത്രം.
ഞാന്‍ ലൈഫില്‍ അന്നുവരെ എക്‌സ്‌പ്ലോര്‍ ചെയ്യാത്തതാണ് ഷിഫാസിനെ അവതരിപ്പിച്ചപ്പോള്‍ എനിക്ക് ചെയ്യാന്‍ കഴിഞ്ഞത്. ഷിഫാസിന് കിട്ടിയ മാസ് സീനുകളും കയ്യടികളും എന്നെ ഒരുപാട് സന്തോഷിപ്പിച്ചി രുന്നു.
ഓര്‍മവച്ച കാലം മുതലുള്ള സ്വപ്നമായിരുന്നു സിനിമയെന്നും ആ ആഗ്രഹം തന്റെയുള്ളില്‍ എപ്പോഴാണ് പൊട്ടിമുളച്ചതെന്ന് തനിക്കറിയില്ലെന്നും നടന്‍ പറഞ്ഞു. ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ ടീച്ചറുടെ ആരാവണമെന്ന ചോദ്യത്തിന് തന്റെ ചുറ്റും ഇരിക്കുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും ഉത്തരം ഉണ്ടായപ്പോള്‍ തനിക്ക് ഉണ്ടായിരുന്നില്ലെന്നും അന്ന് ടീച്ചര്‍ തന്നോട് എന്തെങ്കിലുമൊരു ലക്ഷ്യം വേണമെന്ന് പറഞ്ഞിരുന്നുവെന്നും സന്ദീപ് പറഞ്ഞു. പിന്നീട് തന്റെ തീരുമാനത്തില്‍ വന്നതാണ് സിനിമ എന്ന സ്വപ്‌നമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം സന്ദീപ് പ്രദീപ് പ്രധാനവേഷത്തിലെത്തിയ എക്കോ തിയേറ്ററുകളില്‍ ഗംഭീര മുന്നേറ്റം തുടരുകയാണ്. ബാഹുല്‍ രമേശിന്റെ തിരക്കഥയില്‍ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രം ഈ വര്‍ഷത്തെ മികച്ച സിനിമകളിലൊന്നായാണ് കണക്കാക്കുന്നത്.
പടക്കളത്തിന് ശേഷം എക്കോയിലെ പ്രകടനത്തിലൂടെയും സന്ദീപ് ഞെട്ടിച്ചുവെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. നവംബര്‍ 21ന് റിലീസ് ചെയ്ത ചിത്രം ഇതിനോടകം 25 കോടിയോളം കളക്ഷന്‍ സ്വന്തമാക്കി കഴിഞ്ഞു.
Content Highlight: Sandeep Pradeep said that there are many directors he would like to work with, and Khalid Rahman was one of them