എനിക്കെന്റെ കഴിവ് തെളിയിക്കണം, തള്ളിപ്പറഞ്ഞവരുടെ മുന്നില്‍ നല്ല നടനാണെന്ന് പറയിപ്പിക്കണം, വൈറലായി സന്ദീപിന്റെ ആദ്യ ഷോര്‍ട് ഫിലിം
Malayalam Cinema
എനിക്കെന്റെ കഴിവ് തെളിയിക്കണം, തള്ളിപ്പറഞ്ഞവരുടെ മുന്നില്‍ നല്ല നടനാണെന്ന് പറയിപ്പിക്കണം, വൈറലായി സന്ദീപിന്റെ ആദ്യ ഷോര്‍ട് ഫിലിം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 27th November 2025, 3:17 pm

സോഷ്യല്‍ മീഡിയ മുഴുവന്‍ ഇപ്പോള്‍ നിറഞ്ഞുനില്ക്കുന്ന നടനാണ് സന്ദീപ് പ്രദീപ്. ഈ വര്‍ഷം തുടര്‍ച്ചയായ മൂന്നാമത്തെ ഹിറ്റും സമ്മാനിച്ച് മലയാളസിനിമയുടെ മുന്‍നിരയില്‍ സന്ദീപും സ്ഥാനം പിടിച്ചു. ഏറ്റവും പുതിയ ചിത്രമായ എക്കോ തിയേറ്ററുകളെ ജനസാഗരമാക്കി മുന്നേറുകയാണ്. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സന്ദീപിന്റെ പ്രകടനത്തിന് നിരവധി പ്രശംസയാണ് ലഭിക്കുന്നത്.

എക്കോയും ഹിറ്റായതോടെ സന്ദീപിന്റെ ഫിലിമോഗ്രഫി ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഷോര്‍ട് ഫിലിമുകളിലൂടെയാണ് സന്ദീപ് തന്റെ അഭിനയജീവിതം ആരംഭിച്ചത്. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത 18ാം പടിയിലൂടെ ബിഗ് സ്‌ക്രീന്‍ എന്‍ട്രി നടത്തിയ സന്ദീപിന്റെ ആദ്യകാല ഷോര്‍ട് ഫിലിമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച.

13 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ സ്റ്റോറി, സ്‌ക്രീന്‍പ്ലേ, ഡയലോഗ് എന്ന ഷോര്‍ട് ഫിലിമാണ് ചര്‍ച്ചയായിരിക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ സന്ദീപിന്റെ കഥാപാത്രം പറയുന്ന ഡയലോഗ് ഇതിനോടകം വൈറലായി. സ്‌കൂള്‍ ഡ്രാമ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട മോഹന്‍രാജ് എന്ന വിദ്യാര്‍ത്ഥിയായാണ് സന്ദീപ് വേഷമിട്ടത്.

‘യു.പി സ്‌കൂളിലെ ബെസ്റ്റ് ആക്ടര്‍ ആരായിരുന്നെന്ന് അറിയുമോ, ഈ മോഹന്‍രാജ്. എനിക്കെന്റെ കഴിവ് തെളിയിക്കണം. എന്നെ തള്ളിപ്പറഞ്ഞവരുടെ മുന്നില്‍ നല്ല നടനാണെന്ന് പറയിപ്പിക്കണം’ എന്ന സന്ദീപിന്റെ ഡയലോഗ് വെച്ചുകൊണ്ടുള്ള എഡിറ്റ് വീഡിയോ എല്ലായിടത്തും വൈറലായിരിക്കുകയാണ്. ഈ ഡയലോഗിന് ശേഷം സന്ദീപിന്റെ കഥാപാത്രങ്ങളുടെ ക്ലിപ്പുകളാണ് വീഡിയോയിലുള്ളത്.

Sandeep Pradeep/ Screen Grab/ Lumiere Broz

എക്കോയിലെ പീയൂസ്, പടക്കളത്തിലെ ജിതിന്‍/ രഞ്ജിത്ത്, ആലപ്പുഴ ജിംഖാനയിലെ ഷിഫാസ്, ഫാലിമിയിലെ അഭിജിത്, അന്താക്ഷരിയിലെ കാര്‍ത്തിക് എന്നീ കഥാപാത്രങ്ങളുടെ ചെറിയ ക്ലിപ്പുകള്‍ 96ലെ പാട്ടിന്റെ ട്യൂണുമായി മിക്‌സ് ചെയ്ത വീഡിയോയാണ് വൈറലായിരിക്കുന്നത്. പല ഐ.ഡികളും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

‘പറഞ്ഞതുപോലെ തന്നെ ചെയ്തിട്ടുണ്ട്’, ‘ചെക്കന്‍ പണ്ടേ തീയാണല്ലോ’, ‘ഓരോ പടം കഴിയുന്തോറും കയറി വരുന്നുണ്ട്’ എന്നിങ്ങനെയാണ് പല പോസ്റ്റുകളുടെയും ക്യാപ്ഷനുകള്‍. സന്ദീപിനെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകളും പോസ്റ്റുകളുടെ താഴെ പലരും പങ്കുവെക്കുന്നുണ്ട്. കൈപിടിച്ചുയര്‍ത്താന്‍ ഗോഡ്ഫാദര്‍മാര്‍ ഇല്ലാതെ വന്ന സന്ദീപ് അടുത്ത സ്റ്റാര്‍ മെറ്റീരിയലാണ് സന്ദീപെന്നാണ് പലരും അഭിപ്രായപ്പെടുന്നു.

Content Highlight: Sandeep Pradeep’s first short film viral in social media