എത്ര സിനിമ ചെയ്താലും 'ഇതു പോലെ ഒരു പടം ഞാന്‍ ചെയ്തു' എന്ന് പറയാന്‍ പറ്റുന്ന സിനിമയാണ് എക്കോ: സന്ദീപ് പ്രദീപ്
Malayalam Cinema
എത്ര സിനിമ ചെയ്താലും 'ഇതു പോലെ ഒരു പടം ഞാന്‍ ചെയ്തു' എന്ന് പറയാന്‍ പറ്റുന്ന സിനിമയാണ് എക്കോ: സന്ദീപ് പ്രദീപ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 21st November 2025, 2:41 pm

എക്കോ സിനിമയുടെ ഔട്ട് കം എന്ത് തന്നെയാണെങ്കിലും ഈ സിനിമയില്‍ താന്‍ വളരെ ഹാപ്പിയാണെന്ന് നടന്‍ സന്ദീപ് പ്രദീപ്. താന്‍ വളരെ എന്‍ജോയ് ചെയ്ത സിനിമയാണ് എക്കോയെന്നും അദ്ദേഹം പറഞ്ഞു.
കിഷ്‌കിന്ധാ കാണ്ഡത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോ ഇന്നാണ് തിയേറ്ററുകളിലെത്തിയത്. ഇപ്പോള്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് സന്ദീപ്.

‘ എത്ര സിനിമകള്‍ ചെയ്താലും ഇതൊരു വല്ലാത്ത സിനിമയാണ് എന്ന് പറയാന്‍ പറ്റുന്ന ഒരു പടമാണ് എനിക്ക് എക്കോ. ഈ സിനിമയില്‍ ഒരു ഭാഗമായതില്‍ ഞാന്‍ ഒരുപാട് സന്തോഷിക്കുന്നു. തിരക്കഥ ലഭിക്കുമ്പോള്‍ തന്നെ ഉത്തരവാദിത്തങ്ങളെ കുറിച്ച് ചിന്തിക്കാറുണ്ട്. ഈ സിനിമയില്‍ എങ്ങനെയായിരിക്കും എന്റെ കഥാപാത്രം വരുക. ഇതുവരെ ചെയ്ത് വെച്ച സിനിമകളുടെ മുകളിലാണോ ഈ പെര്‍ഫോമന്‍സ് വരുമോ എന്നൊക്കെ ചിന്തിക്കും,’ സന്ദീപ് പറഞ്ഞു.

കരിയര്‍ തുടങ്ങിയപ്പോള്‍ മുതലേ താന്‍ അങ്ങനെയായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ഉത്തരവാദിത്തങ്ങള്‍ കൂടിയിട്ടുണ്ടെന്നും സന്ദീപ് പറഞ്ഞു. എന്നാല്‍ എക്കോയില്‍ തനിക്ക് ആ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും നടന്‍ പറഞ്ഞു.

അനൗണ്‍സ്‌മെന്റ് മുതല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തെ കുറിച്ച് നിലവില്‍ മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് വരുന്നത്. പടക്കളം എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം സന്ദീപ് പ്രദീപ് നായകനാകനായെത്തുന്ന സിനിമയെന്ന പ്രത്യേകതയും എക്കോയ്ക്ക് ഉണ്ട്.

ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറില്‍ എം.ആര്‍.കെ ജയറാമാണ് എക്കോ നിര്‍മിക്കുന്നത്. ബാഹുല്‍ രമേശ് തന്നെയാണ് എക്കോയ്ക് തിരക്കഥയൊരുക്കിയത്. കിഷ്‌കിന്ധാ കാണ്ഡത്തിന്റെ സംഗീത സംവിധായകന്‍ മുജീബ് മജീദും എക്കോയില്‍ ഉണ്ട്.

Content highlight: Sandeep Pradeep on Eko movie and his career