അവതരണത്തിലും ആഖ്യാനരീതിയിലും വ്യത്യസ്തത പുലര്‍ത്തുന്ന ചിത്രമാണ് ‘എക്കോ’യെന്ന് നടന്‍ സന്ദീപ് പ്രദീപ്. ‘കിഷ്‌കിന്ധാ കാണ്ഡ’ത്തിന് ശേഷം ബാഹുല്‍ രമേശ് എഴുതി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 21നാണ് തിയേറ്ററുകളിലെത്തുന്നത്. ഇപ്പോള്‍ മലയാള മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ‘എക്കോ’യെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സന്ദീപ്.
അവതരണത്തിലും ആഖ്യാനരീതിയിലും വ്യത്യസ്തത പുലര്‍ത്തുന്ന സിനിമയാണിതെന്നും നിഗൂഢതകള്‍ നിറഞ്ഞ ഒരു പീരിയഡ് ഡ്രാമ എന്ന് വേണമെങ്കില്‍ എക്കോയെ വിശേഷിപ്പിക്കാമെന്നും നടന്‍ പറഞ്ഞു.
‘കിഷ്‌കിന്ധ കാണ്ഡം’ ചെയ്ത ദിന്‍ജിത് അയ്യത്താന്‍- ബാഹുല്‍ രമേഷ് ടീമിന്റെ അടുത്ത ചിത്രം എന്നത് തന്നെയാണ് എക്കോയുടെ ഏറ്റവും വലിയ സവിശേഷതയെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.
‘ആലപ്പുഴ ജിംഖാനയും പടക്കളവും ചെയ്തതിന് ശേഷമാണ് ഞാന്‍ എക്കോയില്‍ എത്തിയത്. പക്ഷേ, അന്ന് ഈ രണ്ട് സിനിമകളും റിലീസ് ആയിട്ടില്ലായിരുന്നു. അതിന് മുമ്പ് ഇറങ്ങിയ അന്താക്ഷരി, ഫാലിമി എന്നീ ചിത്രങ്ങള്‍ കണ്ടാണ് അവര്‍ എന്നെ വിളിച്ചത്. എക്കോ ഒരു സോളോ ഹീറോ സിനിമയല്ല. എല്ലാ കഥാപാത്രങ്ങള്‍ക്കും തുല്യ പ്രാധാന്യമുണ്ട്. പല കഥാപാത്രങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്,’ സന്ദീപ് പറയുന്നു.
പടക്കളത്തിലെ കഥാപാത്രത്തിന് ഇത വലിയ അംഗീകാരം താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും എന്നാല്‍ അതിന്റെ സമ്മര്‍ദം ഒന്ന് എക്കോയിലേക്ക് വരുമ്പോള്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഈ കഥയിലും ടീമിലും തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും തനിക്ക് ലഭിച്ച വലിയൊരു അവസരമാണ് എക്കോയെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.
അനൗണ്‍സ്മെന്റ് മുതല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ ഇന്നലെ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ടീസറും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറില്‍ എം.ആര്‍.കെ ജയറാമാണ് എക്കോ നിര്‍മിക്കുന്നത്. കിഷ്‌കിന്ധ കാണ്ഡത്തിന്റെ സംഗീത സംവിധായകന്‍ മുജീബ് മജീദും എക്കോയില്‍ ഉണ്ട്.
സൂരജ് ഇ.എസ് ആണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് കൈകാര്യം ചെയ്തിരിക്കുന്നത്. ഐക്കണ്‍ സിനിമാസ് ആണ് ഡിസ്ട്രിബ്യൂഷന്‍. മിസ്ട്രി ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ സന്ദീപ് പ്രദീപിന് പുറമെ വിനീത്, നരേന്‍, ബിനു പപ്പു, അശോകന്‍, ബിയാന മോമിന്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.
Content highlight: Sandeep Pradeep about Eko Cinema and his entry into cinema