മുഖ്യമന്ത്രിയ്ക്കും ജലീലിനും സ്പീക്കര്‍ക്കുമെതിരെ മൊഴി നല്‍കാന്‍ ഇ.ഡി നിര്‍ബന്ധിച്ചു: സന്ദീപ് നായര്‍
Gold smuggling case
മുഖ്യമന്ത്രിയ്ക്കും ജലീലിനും സ്പീക്കര്‍ക്കുമെതിരെ മൊഴി നല്‍കാന്‍ ഇ.ഡി നിര്‍ബന്ധിച്ചു: സന്ദീപ് നായര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th October 2021, 7:16 pm

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇ.ഡി നിര്‍ബന്ധിച്ചെന്ന് ജയില്‍മോചിതനായ സന്ദീപ് നായര്‍.

മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും സ്വര്‍ണക്കടത്തിനെ കുറിച്ച് എല്ലാമറിയാം എന്ന് മൊഴി നല്‍കിയാല്‍ മാപ്പ് സാക്ഷിയാക്കാമെന്ന ഓഫറാണ് ഇ.ഡി നല്‍കിയതെന്നും സന്ദീപ് പറഞ്ഞു. മുന്‍മന്ത്രി കെ.ടി ജലീല്‍, അന്നത്തെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചുവെന്നും സന്ദീപ് പറയുന്നു.

‘ഒരു രാഷ്ട്രീയപാര്‍ട്ടിക്കെതിരെയുള്ള കരുനീക്കമാണെന്ന് മനസ്സിലായപ്പോഴാണ് കോടതിയോട് സംസാരിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. ഇതിനെ തുടര്‍ന്നാണ് കോടതി തന്നെ മാപ്പ് സാക്ഷിയാക്കിയത്,’ സന്ദീപ് കൂട്ടിച്ചേര്‍ത്തു.

നിരവധി പേപ്പറുകളില്‍ ഒപ്പിടാന്‍ ഇ.ഡി ആവശ്യപ്പെട്ടപ്പോള്‍ താന്‍ സമ്മര്‍ദത്തിലായെന്നും അവര്‍ ആ രേഖകളൊന്നും കോടതിയില്‍ ഹാജരാക്കിയില്ലെന്നും സന്ദീപ് പറയുന്നു. കെ.ടി ജലീലിന് കോണ്‍സുലേറ്റ് വഴിയുള്ള കള്ളപ്പണ ഇടപാടില്‍ പങ്കുണ്ടെന്ന് മൊഴി നല്‍കാനായിരുന്നു നിര്‍ബന്ധിച്ചത്.

സരിത് തന്റെ സുഹൃത്താണ്. അങ്ങനെയാണ് സ്വപ്നയെ പരിചയപ്പെട്ടത്. ഇവര്‍ വഴിയാണ് ശിവശങ്കറിനെ പരിചയപ്പെട്ടത്. ലൈഫ് മിഷന് സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നും സന്ദീപ് പറഞ്ഞു.

എന്‍.ഐ.എ അറസ്റ്റ് ചെയ്ത് ഒരു വര്‍ഷവും മൂന്നു മാസവും തികയുമ്പോഴാണ് ജയില്‍ മോചിതനായത്. സംഭവത്തില്‍ മാപ്പുസാക്ഷിയാവുകയും വിവിധ കേസുകളില്‍ ഇദ്ദേഹത്തിന് ജാമ്യം കിട്ടുകയും ചെയ്തിരുന്നു.

സ്വര്‍ണ്ണക്കടത്തിന് പുറമേ, ഡോളര്‍ കടത്ത് കേസിലും, കള്ളപ്പണ കേസിലും, എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസിലും സന്ദീപിന് ജാമ്യം ലഭിച്ചിരുന്നു. കോഫെപോസ തടവും അവസാനിച്ചതോടെയാണ് പൂജപ്പുര ജയിലില്‍ കഴിയുകയായിരുന്ന സന്ദീപ് പുറത്തിറങ്ങിയത്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക്ക് ബാഗേജ് വഴി വന്‍ സ്വര്‍ണ്ണക്കടത്താണ് സന്ദീപ്, സ്വപ്ന, സരിത്ത് എന്നിവരടങ്ങുന്ന സംഘം യു.എ.ഇ കോണ്‍സല്‍ ജനറല്‍ അറ്റാഷെയെ എന്നിവരുടെ അടക്കം സഹായത്തോടെ നടത്തിയത്.

30 കിലോയുടെ സ്വര്‍ണ്ണമാണ് ഒരു തവണ മാത്രം കടത്തിയത്. ഇത്തരത്തില്‍ 21 തവണ കടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Sandeep Nair Pinaray Vijayan KT Jaleel SreeRamakrishnan Gold Smuggling