ഈ സാഹചര്യത്തില്‍ പഴയ ചില കണക്കുകള്‍ പരിശോധിക്കേണ്ടതുണ്ട്. 2024ലെ ടി-20 ലോകകപ്പില്‍ ഇന്ത്യ കിരീടം ചൂടിയിരുന്നു. അന്ന് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായിരുന്ന റിഷബ് പന്ത് ‘ക്വാര്‍ട്ടര്‍ ഫൈനലിലും’ സെമിഫൈനലിലും ഫൈനലിലും നടത്തിയ പ്രകടനങ്ങള്‍ ഓര്‍മിക്കുന്നില്ലേ?
മൂന്ന് മത്സരങ്ങളില്‍ നിന്ന് 19 റണ്‍സ്. 86 എന്ന സ്‌ട്രൈക്ക് റേറ്റ്. ആറ് റണ്ണുകളുടെ ബാറ്റിങ്ങ് ആവറേജ്. 2024ലെ ടി-20 ലോകകപ്പിലെ അതീവ നിര്‍ണായകമായ അവസാന മൂന്ന് മത്സരങ്ങളില്‍ റിഷബ് പന്ത് എന്ന ബാറ്ററുടെ സ്‌കോറിങ് ഇങ്ങനെയായിരുന്നു.
2026ല്‍ സഞ്ജു എന്താണ് ചെയ്തത്? ‘ക്വാര്‍ട്ടര്‍ ഫൈനലിലും’ സെമിഫൈനലിലും ഫൈനലിലും ടോപ് സ്‌കോറര്‍ ആയി. പ്ലെയര്‍ ഓഫ് ദ സീരീസ് പുരസ്‌കാരവും നേടി. ഇനി ഒന്ന് ആലോചിച്ചുനോക്കൂ. ഈ റിഷബ് പന്ത് ഒരുപാട് കാലം ഇന്ത്യയുടെ ടി-20 ടീമില്‍ കളിച്ചിരുന്നില്ലേ? സഞ്ജുവിന്റെ വിലപ്പെട്ട നിരവധി വര്‍ഷങ്ങള്‍ അതിന്റെ പേരില്‍ നഷ്ടമായിട്ടില്ലേ?
റിഷബ് പന്ത്
ഈ അനീതിയ്ക്കെതിരെയാണ് സഞ്ജു ഫാന്‍സ് ശബ്ദം ഉയര്‍ത്തിയത്. അര്‍ഹതപ്പെട്ട പിന്തുണ സഞ്ജുവിന് നല്‍കണം എന്ന ന്യായമായ ആവശ്യമാണ് അവര്‍ ഉന്നയിച്ചത്. പക്ഷേ അതിന്റെ പേരില്‍ സഞ്ജുവിന്റെ ആരാധകര്‍ക്ക് ‘ടോക്സിക് ഫാന്‍സ്’ എന്ന ഓമനപ്പേരാണ് കിട്ടിയത്.
സഞ്ജു ഫാന്‍സിന്റെ ചെയ്തികള്‍ മൂലമാണ് സഞ്ജുവിനെ വെറുക്കുന്നത് എന്ന് പലരും ആരോപിക്കാറുണ്ട്. ഇത്ര വലിയ അനീതി സഞ്ജു നേരിട്ടുകൊണ്ടിരുന്നപ്പോള്‍ സഞ്ജു ഫാന്‍സിന് മൗനം പാലിച്ച് വെറുതെ നോക്കിയിരിക്കാന്‍ സാധിക്കുമായിരുന്നോ!?
സഞ്ജുവിന് മുകളിലൂടെ നൂലില്‍ കെട്ടിയിറക്കിയ റഷബ് പന്തുമാരെയും ശുഭ്മാന്‍ ഗില്ലുമാരെയും സഞ്ജു ആരാധകര്‍ വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ മെറിറ്റില്‍ വന്ന ഇഷാന്‍ കിഷനെ ഏതെങ്കിലുമൊരു സഞ്ജു ഫാന്‍ കുറ്റം പറഞ്ഞിട്ടുണ്ടോ? സഞ്ജു ഹേറ്റേഴ്സ് ബോധപൂര്‍വം കണ്ടില്ലെന്ന് നടിക്കുന്ന സത്യങ്ങളാണ് ഇവയെല്ലാം.
എന്തുകൊണ്ടാണ് സഞ്ജുവിന് ഇത്രയധികം പിന്തുണ ലഭിച്ചിരുന്നത് എന്ന് സഞ്ജു വിരോധികള്‍ക്ക് ഇപ്പോള്‍ മനസിലായിട്ടുണ്ടാവും. ടി-20 ലോകകപ്പിലെ സഞ്ജുവിന്റെ സ്ട്രോക്ക് പ്ലേ രോഹിത് ശര്‍മയെ ഓര്‍മിപ്പിക്കുന്നതായിരുന്നു. വിരാട് കോഹ്‌ലിയ്ക്ക് തുല്യമായ മനോബലവും സഞ്ജു പ്രകടമാക്കി. എം.എസ്. ധോണിയെപ്പോലെ കൂള്‍ ആയ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയി മാറാന്‍ ഭാവിയില്‍ സഞ്ജുവിന് കഴിയുമെന്ന് പല വിദഗ്ധരും കരുതുന്നു. ഇതില്‍ക്കൂടുതല്‍ എന്തുവേണം?
സഞ്ജു എന്ന മനുഷ്യനെ വെറുക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? ടി-20 ലോകകപ്പ് ജയിച്ചതിന് ശേഷമുള്ള ഇന്ത്യന്‍ ടീമിന്റെ ആഘോഷങ്ങളുടെ വിഷ്വലുകള്‍ ശ്രദ്ധിച്ചിരുന്നില്ലേ? ചില താരങ്ങള്‍ പുരപ്പുറത്ത് കയറി ആനന്ദിച്ചപ്പോള്‍ സഞ്ജുവില്‍ കണ്ടത് എളിമയായിരുന്നു.
കുല്‍ദീപ് യാദവിന്റെ കൂടെയാണ് സഞ്ജു ലോകകപ്പ് വിജയം ആഘോഷിച്ചത്. അത് യാദൃശ്ചികമാണെന്ന് തോന്നുന്നില്ല. ലോകകപ്പില്‍ കുല്‍ദീപിന് കാര്യമായ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. അവഗണനയുടെ വേദന ഏറ്റവും നന്നായി അറിയുന്ന സഞ്ജുവിന് കുല്‍ദീപിനോടൊപ്പം നില്‍ക്കാനേ സാധിക്കുകയുള്ളൂ.
3️⃣2️⃣1️⃣ RUNS 🔥
3️⃣ FIFTIES 👏
8️⃣0️⃣.2️⃣5️⃣ AVERAGE ✨
സഞ്ജുവിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ പി.ആര്‍ വര്‍ക്ക് നടക്കുന്നുണ്ടെന്ന് ചിലര്‍ ആത്മാര്‍ത്ഥമായും വിശ്വസിക്കുന്നുണ്ട്. സഞ്ജുവിന് അതിന്റെ യാതൊരുവിധ ആവശ്യവും ഇല്ല എന്നതാണ് സത്യം. സച്ചിന്‍, ധോണി, വിരാട്, രോഹിത് തുടങ്ങിയ താരങ്ങളാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കപ്പെട്ടിട്ടുള്ളത്. ആരാധകപിന്തുണയുടെ കാര്യത്തില്‍ അവരുടെ തൊട്ടരികില്‍ സഞ്ജു എത്തിക്കഴിഞ്ഞു.
സഞ്ജുവിന് ലഭിക്കുന്നത് സ്നേഹമാണ്. പരിധികളും ഉപാധികളും ഇല്ലാത്ത സ്നേഹം. അത് പി.ആര്‍ വര്‍ക്ക് അല്ല. അങ്ങനെയാണ് സ്നേഹം വര്‍ക്ക് ചെയ്യുന്നത്…
Content Highlight: Sandeep Das Writing About Sanju Samson And His Fans