ഇനി സൗത്ത് ആഫ്രിക്കയുടെ കോച്ച് വാ തുറക്കില്ല, ഒന്നിന് പത്തായി തിരിച്ചുകൊടുക്കുന്നവന്‍ ടീമിനൊപ്പമുണ്ട്
Sports News
ഇനി സൗത്ത് ആഫ്രിക്കയുടെ കോച്ച് വാ തുറക്കില്ല, ഒന്നിന് പത്തായി തിരിച്ചുകൊടുക്കുന്നവന്‍ ടീമിനൊപ്പമുണ്ട്
സന്ദീപ് ദാസ്
Sunday, 30th November 2025, 7:29 pm

നാന്ദ്രേ ബര്‍ഗര്‍ തന്റെ ആദ്യ ഓവര്‍ എറിയുകയാണ്. ടെലിവിഷന്‍ സ്‌ക്രീനില്‍ അയാളുടെ ഡെലിവെറികളുടെ വേഗത ദൃശ്യമായി. കമന്ററി ബോക്‌സില്‍ ഇരുന്ന് ഹര്‍ഷ ഭോഗ്ലെ ആ അക്കങ്ങള്‍ വായിച്ചു,

141km/h, 145 km/h, 144 km/h…! ബര്‍ഗറിന്റെ പന്തുകള്‍ കുതിച്ചുപായുകയായിരുന്നു…

ഭോഗ്ലെയുടെ തൊട്ടരികിലിരുന്ന് സുനില്‍ ഗാവസ്‌കര്‍ ഓര്‍മ്മിപ്പിച്ചു,

”ബര്‍ഗര്‍ ബോളിങ്ങ് തുടങ്ങിയിട്ടേയുള്ളൂ. ഒരു പേസര്‍ക്ക് സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ കുറച്ച് സമയം വേണ്ടിവരും. വൈകാതെ ബര്‍ഗര്‍ തന്റെ താളം കണ്ടെടുക്കും. അപ്പോള്‍ അയാളുടെ സ്പീഡ് വീണ്ടും വര്‍ധിക്കും,”

ഗാവസ്‌കറുടെ പ്രസ്താവനയ്ക്കുപിന്നാലെ ബര്‍ഗര്‍ ആദ്യത്തെ തുള്ളി രക്തം വീഴ്ത്തി! തീപ്പൊരി ഓപ്പണറായ യശസ്വി ജയ്‌സ്വാള്‍ കൂടാരത്തില്‍ മടങ്ങിയെത്തി.

ജയ്‌സ്വാളിന് പകരം ഇറങ്ങിയ കളിക്കാരന് ആദ്യം നേരിടേണ്ടിവന്നത് ഒരു കിടിലന്‍ ബോളായിരുന്നു. അയാളുടെ ബാറ്റിന്റെ എഡ്ജില്‍ തട്ടിയ പന്ത് വേലിക്കെട്ടിലേയ്ക്ക് പാഞ്ഞു! ബോളര്‍ക്ക് ഒരു മാനസിക വിജയം! അത് ആഘോഷിക്കാനെന്നവണ്ണം ബര്‍ഗര്‍ ബാറ്ററുടെ സമീപത്തേയ്ക്ക് ഓടിയടുത്തു! ബര്‍ഗറുടെ മുഖത്ത് ജേതാവിന്റെ ചിരിയുണ്ടായിരുന്നു.

അധികം വൈകാതെ ബര്‍ഗര്‍ വീണ്ടും പന്തെറിഞ്ഞു. മണിക്കൂറില്‍ 146 കിലോമീറ്റര്‍ വേഗത! പക്ഷേ പകരം കിട്ടിയത് ഒരു സ്‌ട്രെയിറ്റ് സിക്‌സര്‍ ആയിരുന്നു.

ബര്‍ഗര്‍ വാശിയോടെ വീണ്ടും ഓടിയടുത്തു. ഡെലിവെറിയുടെ വേഗത വര്‍ധിച്ചതേയുള്ളൂ! ബാക്ക്‌വാര്‍ഡ് പോയന്റിലും ഡീപ് തേഡ്മാനിലും കാവല്‍ക്കാരുണ്ടായിരുന്നു. പക്ഷേ പന്ത് അവര്‍ക്കിടയിലൂടെ ബൗണ്ടറി കടന്നു.

വിരാട് മത്സരത്തിനിടെ | Photo: BCCI

ബര്‍ഗര്‍ സ്വയം തിരിച്ചറിയുകയായിരുന്നു-തന്റെ പക്കല്‍ എക്‌സ്പ്രസ് പേസ് എന്ന വജ്രായുധമുണ്ടാകാം. പക്ഷേ വിരാട് കോഹ്‌ലി തന്നെയാണ് ബോസ്”

മഹേന്ദ്ര സിങ് ധോനിയുടെ മണ്ണാണ് റാഞ്ചി. സിംഹത്തിന്റെ മടയില്‍ വെച്ച് ചക്രവര്‍ത്തിയുടെ തേരോട്ടം! ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ അതായിരുന്നു വിരാടിന്റെ ഇന്നിങ്‌സ്.

വായുവില്‍ ഉയര്‍ന്നുചാടിയിട്ടാണ് വിരാട് സെഞ്ച്വറി ആഘോഷിച്ചത്. ഒരിഞ്ച് പോലും വിട്ടുകൊടുക്കാന്‍ ഇഷ്ടപ്പെടാത്ത ആ പഴയ വിരാടിന്റെ മാനറിസങ്ങളാണ് നാം റാഞ്ചിയില്‍ കണ്ടത്!

വിരാട് ഒരു സൂചന തന്നിട്ടുണ്ട്! 2027ലെ ഏകദിന ലോകകപ്പിന്റെ അങ്കത്തട്ടും താന്‍ കീഴടക്കും എന്ന വലിയ സൂചന

വിരാടിന്റെ മുഖമുദ്ര റിസ്‌ക്-ഫ്രീ ക്രിക്കറ്റായിരുന്നു. അങ്ങനെയുള്ള വിരാട് കോര്‍ബിന്‍ ബോഷിനെ സിക്‌സര്‍ അടിച്ചുകൊണ്ടാണ് ഫിഫ്റ്റി കടന്നത്. ആ നേട്ടം സെലിബ്രേറ്റ് ചെയ്യുന്നതിനുവേണ്ടി ഒരു അപ്പര്‍ കട്ട് കൂടി തൊടുത്തുവിട്ടു! വിരാട് രണ്ടും കല്‍പ്പിച്ച് ഇറങ്ങിയിരിക്കുകയാണ് എന്ന കാര്യം വ്യക്തം.

മുപ്പത്തിയേഴാം വയസ്സിലും വിരാട് കാത്തുസൂക്ഷിക്കുന്ന ശാരീരിക ക്ഷമതയാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്! വാഷിങ്ടണ്‍ സുന്ദര്‍ എന്ന ചെറുപ്പക്കാരന്‍ പോലും വിരാടിനൊപ്പം ഓടിയെത്താന്‍ പാടുപെടുകയായിരുന്നു.

വിരാട് കോഹ്ലി | Photo: BCCI

ഇന്ത്യയെ ബൗണ്‍സറുകള്‍ കൊണ്ട് വിറപ്പിക്കാനാണ് ദക്ഷിണാഫ്രിക്ക ശ്രമിച്ചത്. പ്രോട്ടിയാസ് പേസര്‍മാരുടെ ഷോര്‍ട്ട് ബോളുകള്‍ ഒന്നിലധികം തവണ കീപ്പറുടെ തലയ്ക്കുമുകളിലൂടെ പറന്നിരുന്നു.

ഋതുരാജ് ഗെയ്ക്വാദ് ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ ബര്‍ഗര്‍ ഒരു ബൗണ്‍സറിലൂടെയാണ് എതിരേറ്റത്. ആ ഓവറില്‍ ഒരു ഷോര്‍ട്ട് ബോള്‍ മതി എന്ന് അമ്പയര്‍ അടുത്ത സെക്കന്റില്‍ തന്നെ താക്കീത് നല്‍കി. പക്ഷേ ബര്‍ഗര്‍ വീണ്ടും ബൗണ്‍സര്‍ എറിഞ്ഞ് വൈഡ് വഴങ്ങി.

എക്‌സ്ട്രാ റണ്‍ വിട്ടുകൊടുക്കുന്നതില്‍ പ്രോട്ടിയാസിന് യാതൊരു വിധ പ്രശ്‌നങ്ങളും ഇല്ലായിരുന്നു. ബൗണ്‍സറുകള്‍ എറിഞ്ഞ് ഇന്ത്യയെ മെരുക്കുക എന്നതായിരുന്നു അവരുടെ തന്ത്രം!

പക്ഷേ നീലപ്പട അതുകണ്ട് തരിച്ചുനിന്നില്ല! ഇന്ത്യന്‍ കപ്പലിന്റെ അമരത്ത് ഒന്നിനെയും കൂസാത്ത വിരാട് കോഹ്ലിയുണ്ടായിരുന്നു!

ടെസ്റ്റ് സീരിസിന്റെ സമയത്ത് ദക്ഷിണാഫ്രിക്കയുടെ പരിശീലകന്‍ ഇന്ത്യയെക്കുറിച്ച് പറഞ്ഞ ഒരു വാചകം വലിയ ഒച്ചപ്പാടുകള്‍ ഉണ്ടാക്കിയിരുന്നു. ”We want them to really grovel” എന്നായിരുന്നു അയാള്‍ പറഞ്ഞത്. പ്രോട്ടിയാസിന്റെ കോച്ച് ഇനി അത്തരം വരികള്‍ ഉച്ചരിക്കുമെന്ന് തോന്നുന്നില്ല!

ഒരടി കിട്ടിയാല്‍ അത് പത്തായി തിരിച്ചുകൊടുക്കുന്ന ശീലമുള്ള വിരാട് ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്

ആവേശം വാനോളം | Phot:o BCCI

സുബ്ബരായന്‍ എന്ന ഓഫ്‌സ്പിന്നറുടെ കാര്യം നോക്കുക. ഒമ്പത് ഓവറുകള്‍ അയാള്‍ മോശമല്ലാതെ പൂര്‍ത്തിയാക്കിയതാണ്. പക്ഷേ അവസാനം വിരാടിന്റെ മുമ്പില്‍ ചെന്നുപെട്ടു!

സ്പിന്നറായ സുബ്ബരായന്‍ 101.7 കിലോമീറ്റര്‍ വേഗതയുള്ള ഒരു പന്ത് പായിച്ചു! വിരാട് അതിനെ ഫൈന്‍ലെഗ് ഫെന്‍സിലേയ്ക്ക് പറഞ്ഞയച്ചു അപ്പോള്‍ ബോളര്‍ പന്തിന്റെ വേഗത നല്ലതുപോലെ കുറച്ചു.

എന്നാല്‍ ക്രീസില്‍നിന്ന് ചാടിയിറങ്ങിയ വിരാട് മിഡ്-വിക്കറ്റിനുമുകളിലൂടെ സിക്‌സര്‍ നേടി. ഭയന്നുപോയ സുബ്ബരായന്റെ വലതുകൈയ്യില്‍നിന്ന് ഒരു ഫുള്‍ടോസ് ജന്മംകൊണ്ടു! അത് ലോങ് ഓണിനുമുകളിലൂടെ അപ്രത്യക്ഷമായി അങ്ങനെ സുബ്ബരായന്റെ ബോളിങ്ങ് ഫിഗറുകള്‍ അലങ്കോലമായി! സുബ്ബരായന്‍ എന്തുചെയ്താലും രക്ഷയില്ലാത്ത അവസ്ഥ.

ഡെയില്‍ സ്റ്റെയ്ന്‍ എന്ന ഇതിഹാസ താരം പറഞ്ഞിരുന്നു,

”ദക്ഷിണാഫ്രിക്കയിലെ ആഭ്യന്തര ഗെയിമുകളില്‍ നന്നായി തിളങ്ങാറുള്ള ബോളറാണ് സുബ്ബരായന്‍. അയാളുടെ മാതാപിതാക്കള്‍ റാഞ്ചിയില്‍ വിമാനമിറങ്ങിയിട്ടുണ്ട്. സ്വന്തം മകന്റെ കളി കണ്ട് അവര്‍ അഭിമാനിക്കുന്നുണ്ടാവും…!”

സുബ്ബരായന്റെ അച്ഛനമ്മമാരോട് സംസാരിച്ചാല്‍ അവര്‍ പറയും,

”എന്റെ മകന്‍ നന്നായിത്തന്നെയാണ് പന്തെറിഞ്ഞത്. വിരാടിനോട് മത്സരിക്കേണ്ടിവന്നു എന്നത് മാത്രമായിരുന്നു അവന്റെ പോരായ്മ…”

 

Content Highlight: Sandeep Das writes about Virat Kohli

 

സന്ദീപ് ദാസ്
എഴുത്തുകാരന്‍