| Monday, 29th September 2025, 9:08 am

പാകിസ്ഥാനായി അങ്കം ജയിക്കാന്‍ ഇനിയൊരു മിയാന്‍ദാദുണ്ടാവില്ല! തിലകും ഇന്ത്യയും അത് അനുവദിച്ചുകൊടുക്കില്ല

സന്ദീപ് ദാസ്

39 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസമായ സുനില്‍ ഗാവസ്‌കറും അക്കാലത്തെ പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകനായിരുന്ന സുരേഷ് മേനോനും ഒന്നിച്ച് ഒരു ലിഫ്റ്റില്‍ സഞ്ചരിക്കുകയായിരുന്നു. ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ലിഫ്റ്റിലേയ്ക്ക് ഒരാള്‍ കൂടി കടന്നുവന്നു. അയാളുടെ പേര് ജാവേദ് മിയാന്‍ദാദ് എന്നായിരുന്നു!

ഗാവസ്‌കര്‍ ഉടനെ ഒരു ചോദ്യം ഉന്നയിച്ചു,

”എനിക്ക് ഒരു കാര്യം അറിയണമെന്നുണ്ട് ജാവേദ്. കഴിഞ്ഞ ഏതാനും മാസങ്ങള്‍കൊണ്ട് എത്ര ലക്ഷം രൂപയാണ് നിങ്ങള്‍ പുതിയതായി സമ്പാദിച്ചത്?’

ഗാവസ്‌കറിന്റെ വാക്കുകളില്‍ ഒട്ടും അതിശയോക്തി ഇല്ലായിരുന്നു. ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഷാര്‍ജയില്‍ വെച്ചുനടന്ന ഓസ്ട്രലേഷ്യ കപ്പിന്റെ ഫൈനലില്‍ പാകിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. അവസാന പന്തില്‍ നാല് റണ്‍സ് വേണം എന്ന സാഹചര്യത്തില്‍ മിയാന്‍ദാദ് ചേതന്‍ ശര്‍മയ്‌ക്കെതിരെ പറത്തിയ സിക്‌സറാണ് പാക്കിസ്ഥാന്റെ വിജയം പൂര്‍ത്തിയാക്കിയത്!

ജാവേദ് മിയാന്‍ദാദ്

അതോടെ മിയാന്‍ദാദ് പാകിസ്ഥാന്റെ ദേശീയ ഹീറോ ആയി മാറി. ആ ഒരൊറ്റ ഷോട്ടിന്റെ പേരില്‍ അളവില്ലാത്ത സമ്പത്തും നിരവധി പാരിതോഷികങ്ങളും മിയാന്‍ദാദിലേയ്ക്ക് ഒഴുകിയെത്തിയിരുന്നു. അതുകൊണ്ടാണ് ഗാവസ്‌കര്‍ മിയാന്‍ദാദിനോട് അങ്ങനെ ചോദിച്ചത്!

2025ലെ ഏഷ്യാ കപ്പിന്റെ ഫൈനലില്‍ ഇന്ത്യയും പാക്കിസ്ഥാനും മാറ്റുരച്ചപ്പോള്‍ പാക് ടീമിലെ ഓരോ അംഗവും കൊതിച്ചിട്ടുണ്ടാവണം, എനിക്ക് ഈ തലമുറയിലെ മിയാന്‍ദാദ് ആവണം! ഒറ്റ രാത്രികൊണ്ട് കോടീശ്വരനാകണം പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ അമരത്വം നേടണം!

പാകിസ്ഥാനികള്‍ക്ക് ഇന്ത്യയോട് കടുത്ത അമര്‍ഷമുണ്ടായിരുന്നു. അവരുമായി ഹസ്തദാനം ചെയ്യാന്‍ ഇന്ത്യ വിസമ്മതിച്ച നിമിഷം മുതല്‍ പകയുടെ കനല്‍ എരിഞ്ഞുതുടങ്ങിയിരുന്നു. ഫര്‍ഹാന്റെ ഗണ്‍ സെലിബ്രേഷനും റൗഫിന്റെ വിമാനം താഴെവീഴുന്ന ആംഗ്യവുമെല്ലാം അതിന്റെ ബാക്കിപത്രങ്ങളായിരുന്നു.

ഇന്ത്യയുടെ റണ്‍ചെയ്‌സിന്റെ പത്തൊമ്പതാം ഓവറില്‍ ഉണ്ടായ കാര്യങ്ങള്‍ ശ്രദ്ധിക്കുക. ശിവം ദുബെയില്‍ നിന്ന് ഒരു ഡോട്ട്‌ബോള്‍ കിട്ടിയപ്പോള്‍ ബോളറായ ഫഹീം അഷ്‌റഫ് മുന്നോട്ട് നടന്നുചെന്ന് ബാറ്ററെ തുറിച്ചുനോക്കി! അടുത്ത പന്തില്‍ ദുബേ ലോങ്ങ്-ഓഫില്‍ പിടികൊടുത്തപ്പോള്‍ ഫഹീം വന്യമായി അലറുകയും ചെയ്തു!

അവസാന ഓവറില്‍ ഇന്ത്യയ്ക്ക് 10 റണ്‍സ് വേണ്ടിയിരുന്നു. രവി ശാസ്ത്രി പറഞ്ഞു,

”This Is Still Anybody’s Game…”

അതിനുപിന്നാലെ ഹാരിസ് റൗഫ് ബോള്‍ ചെയ്യാനെത്തി. തന്നെ പുറത്താക്കിയതിനുശേഷം ജസ്പ്രീത് ബുംറ നടത്തിയ ആഘോഷം റൗഫിന്റെ മനസ്സില്‍ കിടന്ന് പുകയുന്നുണ്ടായിരുന്നു!

ആറ് മികച്ച പന്തുകള്‍ എറിയാന്‍ സാധിച്ചാല്‍ ഇനിയുള്ള കാലം മുഴുവനും പാക്കിസ്ഥാനില്‍ താന്‍ ആരാധിക്കപ്പെടുമെന്ന് റൗഫിന് നല്ല നിശ്ചയമുണ്ടായിരുന്നു.

പക്ഷേ റൗഫിന്റെ രണ്ടാമത്തെ പന്ത് മിഡ്-വിക്കറ്റിനുമുകളിലൂടെ പറന്നു! സിക്‌സര്‍ ഒരിക്കലും നിസ്സംഗത കൈവിടാത്ത ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ ആവേശം മൂലം തന്റെ മുന്നിലിരുന്ന മേശയില്‍ മുഷ്ടിചുരുട്ടി ഇടിച്ചു!

ആ സിക്‌സര്‍ ഒരു പ്രസ്താവനയായിരുന്നു,

”ആര്‍ക്കും ജയിക്കാവുന്ന കളിയല്ല ഇത്! ഇന്ത്യയുടെ മാത്രം ഗെയ്മാണിത്…”

പാകിസ്ഥാന്റെ ശവപ്പെട്ടിയിലെ അവസാന ആണിയായിരുന്നു ആ സിക്‌സര്‍! ഇനിയൊരു ഫ്‌ലൈറ്റ് സെലിബ്രേഷന്‍ നടത്താനുള്ള അവസരം റൗഫിന് ഉണ്ടാവില്ല എന്ന് ഉറപ്പിച്ച ഹിറ്റ്, അത് പായിച്ചത് തിലക് വര്‍മയായിരുന്നു!

പിന്നീട് റിങ്കു സിങ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. അവസാന പന്തില്‍ ബൗണ്ടറി! ഇന്ത്യയ്ക്ക് ഏഷ്യാ കപ്പ്.

പണ്ട് ധാക്കയില്‍ നടന്ന ഇന്‍ഡിപെന്‍ഡന്‍സ് കപ്പില്‍ പാക്കിസ്ഥാനെതിരെ നേടിയ ഒറ്റ ഫോറിലൂടെ മനം കവര്‍ന്ന ഋഷികേശ് കനിക്തറിനെ ഒരു നിമിഷനേരത്തേയ്ക്ക് ഓര്‍ത്തുപോയി.

വര്‍ഷങ്ങള്‍ക്കുമുമ്പ് കുട്ടിയായിരുന്ന തിലക് വര്‍മയോട് അച്ഛനായ നാഗരാജു പറഞ്ഞിരുന്നു,

”നീ നന്നായി പഠിക്കണം. നല്ലൊരു ജോലി സമ്പാദിക്കണം…”

തിലകിന്റെ മറുപടി ഇതായിരുന്നു,

”നന്നായി പഠിച്ചാല്‍ ഞാന്‍ ഹൈദരാബാദില്‍ പ്രശസ്തനായേക്കാം. പക്ഷേ എന്നെ കളിക്കാന്‍ അനുവദിച്ചാല്‍ ലോകം മുഴുവനും എന്നെ അറിയും…”

അത് കേട്ടതോടെ നാഗരാജു മകന്റെ ക്രിക്കറ്റ് പരിശീലനത്തെ പ്രോത്സാഹിപ്പിച്ചുതുടങ്ങി. തിലകിന്റെ വാക്കുകള്‍ സത്യമായി! ഇപ്പോള്‍ ലോകം അയാളെ ആദരിക്കുകയാണ്.

പാകിസ്ഥാന്‍ ഇന്ത്യയുടെ ടോപ് ഓര്‍ഡറിനെ മെരുക്കിയത് കൃത്യമായ ആസൂത്രണത്തോടെയാണ്. അഭിഷേക് ശര്‍മയും സൂര്യകുമാര്‍ യാദവും പുറത്തായത് ഫഹീമിന്റെ സ്ലോബോളുകളിലായിരുന്നു.

ഫഹീം തിലകിനെതിരെയും സ്ലോബോള്‍ പ്രയോഗിച്ചു. പക്ഷേ മുഖമടച്ചുള്ള അടി പോലെ ഫോറും സിക്‌സും പിറന്നു! അതോടെയാണ് ഇന്ത്യയുടെ റണ്‍ചേസ് ട്രാക്കിലായത്.

‘ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നര്‍’ എന്ന് പാക് കോച്ച് മൈക്ക് ഹെസ്സന്‍ വിശേഷിപ്പിച്ച മുഹമ്മദ് നവാസിനെ തിലക് സ്വീപ്പുകളിലൂടെ അടിതെറ്റിച്ചു. ഏഷ്യാ കപ്പില്‍ 5.02 എന്ന മാജിക് ഇക്കോണമി റേറ്റ് ഉണ്ടായിരുന്ന അബ്രാര്‍ അഹമ്മദിന്റെ പന്ത് സ്റ്റാന്‍ഡ്‌സിലെത്തിച്ചു! തിലക് ശരിക്കും പാക്കിസ്ഥാന്റെ കഴുത്ത് ഞെരിക്കുകയായിരുന്നു!

ഇന്ത്യന്‍ ആരാധകരുടെ മനസ്സ് നിറച്ച ഒത്തിരി കാര്യങ്ങള്‍ ദുബായില്‍ കണ്ടു.

പാകിസ്ഥാന് ചുറ്റും സ്പിന്‍വലയം തീര്‍ത്ത കുല്‍ദീപ്-വരുണ്‍-അക്‌സര്‍ ത്രയം. ഹര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ആ റോള്‍ ഭംഗിയായി നിര്‍വഹിച്ച ശിവം ദുബേ, വലിയ സ്‌കോര്‍ നേടാനായില്ലെങ്കിലും ഒരു സുപ്രധാന കൂട്ടുകെട്ടിന്റെ ഭാഗമായ സഞ്ജു സാംസണ്‍… എല്ലാറ്റിനും തിലകക്കുറിയായി വര്‍മയുടെ പ്രകടനവും…

പാകിസ്ഥാനുവേണ്ടി അങ്കം ജയിക്കാന്‍ ഇനിയൊരു മിയാന്‍ദാദുണ്ടാവില്ല! തിലക് വര്‍മയും ഇന്ത്യയും അത് അനുവദിച്ചുകൊടുക്കുകയില്ല.

1982ലെ ഏഷ്യന്‍ ഗെയിംസിന്റെ ഫൈനലില്‍ ഇന്ത്യയുടെ ഹോക്കി ടീം പാക്കിസ്ഥാനോട് തോറ്റിരുന്നു. അതിന്റെ മുഴുവന്‍ പഴിയും ഏറ്റുവാങ്ങിയത് ഗോള്‍ കീപ്പറായിരുന്ന മിര്‍ രഞ്ജന്‍ നേഗിയായിരുന്നു.

നേഗി പില്‍ക്കാലത്ത് പരിതപിച്ചു,

”എന്റെ വീട് ആക്രമിക്കപ്പെട്ടു. എല്ലാരും എന്നെ അധിക്ഷേപിച്ചു. ചിലര്‍ എന്നെ വഞ്ചകന്‍ എന്ന് മുദ്രകുത്തി. ഒരു ഘട്ടത്തില്‍ ഞാന്‍ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചുപോയി…”

നേഗി ഈ ഏഷ്യാകപ്പ് ഫൈനല്‍ ഉറപ്പായും കണ്ടിട്ടുണ്ടാകും. അയാളുടെ മുഖത്തൊരു ചിരിയുണ്ടാകും! തന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കപ്പെട്ട പ്രശസ്തമായ ബോളിവുഡ് സിനിമയിലെ ആ സുന്ദരഗാനം നേഗിയുടെ ഉള്ളില്‍ മുഴങ്ങുന്നുണ്ടാവും നമുക്ക് അതേറ്റുപാടാം,

”ചക് ദേ… ഹൊ ചക് ദേ ഇന്ത്യ…”

Content highlight: Sandeep Das writes about Tilak Varma and IND vs PAK Asia Cup Final

സന്ദീപ് ദാസ്

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more