ഗില്ലിനേക്കാള്‍ കേമനാണ് സഞ്ജുവെന്ന് തിരിച്ചറിഞ്ഞിട്ടും അത് മനസ്സിലാകാത്തത് പോലെ അഭിനയിക്കേണ്ടിവരുന്ന ഹതഭാഗ്യനായ നായകന്‍
Sports News
ഗില്ലിനേക്കാള്‍ കേമനാണ് സഞ്ജുവെന്ന് തിരിച്ചറിഞ്ഞിട്ടും അത് മനസ്സിലാകാത്തത് പോലെ അഭിനയിക്കേണ്ടിവരുന്ന ഹതഭാഗ്യനായ നായകന്‍
സന്ദീപ് ദാസ്
Friday, 12th December 2025, 7:53 am

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാമത്തെ ടി-20 മത്സരത്തില്‍ ഇന്ത്യ 51 റണ്ണുകളുടെ തോല്‍വി ഏറ്റുവാങ്ങിയിട്ടുണ്ട്. സഞ്ജു സാംസണ്‍ എന്ന പ്രതിഭാശാലിയുടെ ഓപ്പണിങ്ങ് പൊസിഷനില്‍ അര്‍ഹതയില്ലാതെ കടന്നുകൂടിയ ബി.സി.സി.ഐയുടെ പൊന്നോമനയായ ശുഭ്മാന്‍ ഗില്‍ ഗോള്‍ഡന്‍ ഡക്കിന് പുറത്തായിട്ടുമുണ്ട്!

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുടെ ടി-20 ടീമിന്റെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പടാനുള്ള അര്‍ഹത സൂര്യകുമാര്‍ യാദവിനും ശുഭ്മന്‍ ഗില്ലിനും ഇല്ല. പക്ഷേ എത്ര കളികളില്‍ പരാജയപ്പെട്ടാലും അവര്‍ ഡ്രോപ്പ് ചെയ്യപ്പെടില്ല. ക്യാപ്റ്റനെയും വൈസ് ക്യാപ്‌നെയും എന്തു വില കൊടുത്തും സംരക്ഷിക്കാന്‍ ബി.സി.സി.ഐ തയ്യാറാണ്!

സൂര്യകുമാര്‍ യാദവും ശുഭ്മന്‍ ഗില്ലും. Photo. BCCI/x.com

എന്തുകൊണ്ടാണ് സഞ്ജുവിന് ഇത്തരം പ്രിവിലേജുകള്‍ ലഭിക്കാത്തത്? എന്താണ് അയാളുടെ അയോഗ്യത?

ഇതെല്ലാം കാണുമ്പോള്‍ പഴയൊരു കഥ ഓര്‍ത്തുപോവുകയാണ്. 1983ലെ ഏകദിന ലോകകപ്പ് ഇന്ത്യ ജയിച്ചത് കപില്‍ ദേവിന്റെ നേതൃത്വത്തിലായിരുന്നു. അങ്ങനെയുള്ള കപില്‍ തൊട്ടടുത്ത വര്‍ഷം ടെസ്റ്റ് ടീമില്‍ നിന്ന് തഴയപ്പെട്ടിരുന്നു! ഒരു മോശം ഷോട്ട് കളിച്ചതിന്റെ പേരിലാണ് സെലക്ടര്‍മാര്‍ കപിലിനെ പുറത്താക്കിയത്!

ലോകകപ്പ് ജയിച്ച കപിലിനെതിരെ മുഖം നോക്കാതെ നടപടിയെടുത്ത ചരിത്രം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനുണ്ട്. അവരുടെ ഇന്നത്തെ അവസ്ഥ നോക്കൂ! ഇഷ്ടക്കാരെ ടീമില്‍ തിരുകിക്കയറ്റുന്നതില്‍ ഗവേഷണം നടത്തുന്ന ഒരു സംഘടനയായി ബി.സി.സി.ഐ അധഃപതിച്ചിരിക്കുന്നു.

നിങ്ങള്‍ സഞ്ജുവിന്റെ ഭാഗത്തുനിന്ന് ചിന്തിച്ചുനോക്കൂ. ഇത്ര വലിയ അനീതി ഒരു മനുഷ്യനോട് കാട്ടുന്നത് ശരിയാണോ?

രണ്ടാം ടി-20യ്ക്കിടെ ഡഗ്ഔട്ടില്‍ തുടരുന്ന സഞ്ജു സാംസണ്‍. Photo: Screen Grab during the match

ടി-20 ക്രിക്കറ്റില്‍ ഓപ്പണ്‍ ചെയ്യാനുള്ള അവസരം സഞ്ജുവിന് അവിചാരിതമായിട്ടാണ് വീണുകിട്ടിയത്. മൂന്ന് സെഞ്ച്വറികള്‍ നേടിക്കൊണ്ടാണ് സഞ്ജു അതിന്റെ നന്ദി പ്രകാശിപ്പിച്ചത്.

അതോടെ ബി.സി.സി.ഐയിലെ മേലാളന്‍മാര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടു. ഏഷ്യാകപ്പില്‍ ഗില്ലിനെ ടോപ് ഓര്‍ഡറില്‍ ഇറക്കി. സഞ്ജുവിനെ മധ്യനിരയിലേയ്ക്ക് തള്ളി.

ടി-20 ക്രിക്കറ്റില്‍ സഞ്ജുവിന്റെ സ്ഥാനം ഗില്‍ കയ്യടക്കിയത് എന്തിന്റെ അടിസ്ഥാനത്തിലാണ്? ഇന്നേവരെ ആരും ആ ചോദ്യത്തിന് തൃപ്തികരമായ ഉത്തരം തന്നിട്ടില്ല.

മിഡില്‍ ഓര്‍ഡറില്‍ കളിക്കേണ്ടിവന്നുവെങ്കിലും എഷ്യാകപ്പില്‍ സഞ്ജു തിളങ്ങിയിരുന്നു. ഫൈനലില്‍ തിലക് വര്‍മയുമൊത്ത് സഞ്ജു ഉണ്ടാക്കിയ കൂട്ടുകെട്ട് നിര്‍ണ്ണായകമായിരുന്നു. അതേ മത്സരത്തില്‍ ഗില്‍ ദയനീയമായി പരാജയപ്പെട്ടു എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

അതിനുശേഷം ഇന്ത്യ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തി. അവിടെ ആകെ ഒരു തവണയാണ് സഞ്ജുവിനെ ബാറ്റ് ചെയ്യിച്ചത്. അതും വണ്‍-ഡൗണ്‍ എന്ന പുതിയ പൊസിഷനില്‍!

അന്ന് സഞ്ജു പരാജയപ്പെട്ടു. ആ ഒറ്റ മോശം പ്രകടനത്തിന്റെ പേരിലാണ് അയാള്‍ ഇന്നും പുറത്തിരിക്കുന്നത്! എത്ര വലിയ ക്രൂരത!

സഞ്ജു അപ്പോഴും കഠിനാധ്വാനം തുടര്‍ന്നു. സയേദ് മുഷ്താഖ് അലി ട്രോഫിയില്‍ റണ്ണുകള്‍ വാരിക്കൂട്ടി. ആന്ധ്രയ്‌ക്കെതിരെ സഞ്ജു കാഴ്ച്ചവെച്ച ഒറ്റയാള്‍ പോരാട്ടം ആര്‍ക്കെങ്കിലും മറക്കാനാവുമോ!?

ഇനി മറുഭാഗത്തേയ്ക്ക് നോക്കുക. ദക്ഷിണാഫ്രിക്കയുമായുള്ള ടെസ്റ്റ് സീരീസിനിടയില്‍ പരിക്കുപറ്റിയ ഗില്ലിനുവേണ്ടി ബി.സി.സി.ഐ ടി-20 ടീമിന്റെ സെലക്ഷന്‍ പോലും നീട്ടിവെച്ചു. ഗില്‍ ഫിറ്റ്‌നെസ്സ് വീണ്ടെടുത്തു എന്ന സാക്ഷ്യപത്രം ലഭിച്ചതോടെ അയാള്‍ നിസ്സാരമായി ടീമിലേയ്ക്ക് മടങ്ങിയെത്തി!

രണ്ടാം മത്സരത്തില്‍ പൂജ്യത്തിന് പുറത്തായി തിരികെ മടങ്ങുന്ന ശുഭ്മന്‍ ഗില്‍. Photo: Surjeet Suman/x.com

ആഭ്യന്തര ക്രിക്കറ്റില്‍ കഴിവുതെളിയിച്ച സഞ്ജു പുറത്ത്! ഒരു പരിശീലന മത്സരം പോലും കളിക്കാത്ത ഗില്ലിന് ഡയറക്റ്റ് സെലക്ഷന്‍ ഇതാണ് ഇരട്ടത്താപ്പ്.

സഞ്ജുവിന് പകരം വിക്കറ്റ് കീപ്പറുടെ ചുമതല ഏറ്റെടുത്ത ജിതേഷ് ശര്‍മയുടെ അവസ്ഥ എന്താണ്? റൈസിങ് സ്റ്റാര്‍സ് ഏഷ്യാകപ്പിന്റെ സെമിഫൈനലിലെ ഇന്ത്യയുടെ പരാജയത്തിന്റെ പ്രധാന ഉത്തരവാദിത്തം ജിതേഷിനായിരുന്നില്ലേ? എന്നിട്ടും സഞ്ജുവിനുമുകളില്‍ ജിതേഷ് സംരക്ഷിക്കപ്പെട്ടു.

സൂര്യകുമാര്‍ യാദവ് പത്രസമ്മേളനത്തില്‍ പറഞ്ഞ ചില കാര്യങ്ങള്‍ കേട്ടപ്പോള്‍ എനിക്ക് അയാളോട് സഹതാപം തോന്നി! ”സഞ്ജുവിന് ഞങ്ങള്‍ ആവശ്യത്തിന് അവസരങ്ങള്‍ നല്‍കി” എന്നായിരുന്നു സൂര്യയുടെ അവകാശവാദം.

ജ്ഞാനപീഠ ജേതാവായ ആശാപൂര്‍ണ്ണാദേവിയുടെ ഒരു ബംഗാളി നോവല്‍ ഓര്‍മ വരികയാണ്. അതിലെ നായകന്‍ സ്വന്തം കുഞ്ഞിനോടൊപ്പം കൂട്ടുകാരന്റെ കുഞ്ഞിനെയും വളര്‍ത്തുന്നുണ്ട്.

നിര്‍ഭാഗ്യവശാല്‍ സുഹൃത്തിന്റെ കുഞ്ഞ് മരണപ്പെടുന്നു. ആ വിവരം കൂട്ടുകാരനെ അറിയിക്കാനാകാതെ നായകന്‍ കുഴങ്ങുന്നു. അവസാനം തന്റെ സ്വന്തം കുഞ്ഞാണ് മരിച്ചത് എന്ന നിലയില്‍ നായകന് അഭിനയിക്കേണ്ടിവരുന്നു!

സൂര്യകുമാര്‍ യാദവ് ഇപ്പോള്‍ ആശാപൂര്‍ണ്ണാദേവിയുടെ നായകന്റെ അവസ്ഥയിലാണ്. ഗില്ലിനേക്കാള്‍ കേമനാണ് സഞ്ജു എന്ന സത്യം തിരിച്ചറിയുമ്പോഴും അത് മനസ്സിലാകാത്തത് പോലെ അഭിനയിക്കേണ്ടിവരുന്ന ഹതഭാഗ്യനായ നായകന്‍.

 

Content Highlight: Sandeep Das writes about Sanju Samson and Team India

 

സന്ദീപ് ദാസ്
എഴുത്തുകാരന്‍