ഗില്ലിന് കളിക്കാനുള്ള യോഗ്യതയില്ല എന്ന് തന്നെയാണ് രവി ശാസ്ത്രി പറയാതെ പറഞ്ഞത്! ഇനിയെങ്കിലും ഇന്ത്യ സഞ്ജുവിനോട് നീതി കാട്ടുമോ?
Sports News
ഗില്ലിന് കളിക്കാനുള്ള യോഗ്യതയില്ല എന്ന് തന്നെയാണ് രവി ശാസ്ത്രി പറയാതെ പറഞ്ഞത്! ഇനിയെങ്കിലും ഇന്ത്യ സഞ്ജുവിനോട് നീതി കാട്ടുമോ?
സന്ദീപ് ദാസ്
Saturday, 20th December 2025, 7:13 am
ക്യാപ്റ്റനെ യാതൊരു കാരണവശാലും ഒഴിവാക്കാനാവില്ല എന്ന സിദ്ധാന്തം പോലും ക്രിക്കറ്റില്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. പിന്നെയല്ലേ ഒരു വൈസ് ക്യാപ്റ്റന്‍! ശുഭ്മന്‍ ഗില്ലിനോട് ഒന്നേ പറയാനുള്ളൂ. നിങ്ങളെ ടി-20 ലോകകപ്പില്‍ ഓപ്പണറായി പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങള്‍ ബി.സി.സി.ഐ തുടര്‍ന്നും നടത്തും. അന്ന് ഒരു ദിനേഷ് ചണ്ഡിമല്‍ ആവാനുള്ള മര്യാദയെങ്കിലും നിങ്ങള്‍ കാണിക്കണം! എങ്കില്‍ ചരിത്രം നിങ്ങളെ നീതിമാന്‍ എന്ന് വിശേഷിപ്പിക്കും

”ദക്ഷിണാഫ്രിക്കയോടുള്ള എന്റെ ആദ്യത്തെ മത്സരം ഞാന്‍ ഇന്നും വ്യക്തമായി ഓര്‍ക്കുന്നുണ്ട്. ബാറ്റിങ്ങിനിറങ്ങിയ ഞാന്‍ റണ്‍സ് നേടാനാകാതെ വിഷമിച്ചു. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകാതെ ഞാന്‍ അത്ഭുതപ്പെട്ടു…

”പിന്നീടാണ് എനിക്ക് കാര്യം മനസ്സിലായത്. ഞാന്‍ സ്ഥിരമായി ഷോട്ടുകള്‍ കളിക്കുന്ന ഇടങ്ങളിലെല്ലാം ദക്ഷിണാഫ്രിക്ക കൃത്യമായി ഫീല്‍ഡര്‍മാരെ വിന്യസിച്ചിരുന്നു! അവര്‍ക്കെതിരെ റണ്‍സ് ശേഖരിക്കണമെങ്കില്‍ പുതിയ വഴികള്‍ കണ്ടെത്തേണ്ടിവരുമെന്ന് ഒരു ഞെട്ടലോടെ ഞാന്‍ തിരിച്ചറിഞ്ഞു…”

തൊണ്ണൂറുകളില്‍ ഇന്ത്യയുടെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തിരുന്ന നവ്‌ജോത് സിങ്ങ് സിദ്ധു പങ്കുവെച്ച അനുഭവമാണിത്. അതാണ് ദക്ഷിണാഫ്രിക്കന്‍ ലെഗസി! നന്നായി ഗൃഹപാഠം ചെയ്ത് എതിരാളികളെ മണിച്ചിത്രപ്പൂട്ടുകൊണ്ട് ബന്ധിക്കുന്ന ശൈലി!

ഐ.സി.സി ടൂര്‍ണ്ണമെന്റുകളില്‍ സ്ഥിരമായി കാലിടറുന്നു എന്ന പേരുദോഷം മാറ്റിനിര്‍ത്തിയാല്‍ ദക്ഷിണാഫ്രിക്ക എന്നും ഒരു കംപ്ലീറ്റ് ടീമായിരുന്നു. ഇക്കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ വിജയത്തിലൂടെ ആ കുറവും അവര്‍ പരിഹരിച്ചിരുന്നു.

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് സീരീസ് ദക്ഷിണാഫ്രിക്ക തൂത്തുവാരിയിരുന്നു. ഏകദിന പരമ്പരയില്‍ അവര്‍ തോല്‍വി സമ്മതിച്ചത് അവസാനത്തെ മത്സരത്തിലായിരുന്നു. അഹമ്മദാബാദില്‍ അഞ്ചാമത്തെ ടി-20 മാച്ച് കളിക്കാനിറങ്ങുമ്പോള്‍ സീരീസ് സമനിലയിലാക്കാനുള്ള അവസരം പ്രോട്ടിയാസിനുണ്ടായിരുന്നു. കളിയുടെ മൂന്ന് ഫോര്‍മാറ്റുകളിലും മികച്ച പ്രകടനങ്ങള്‍!

ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയില്‍

അങ്ങനെയുള്ള ദക്ഷിണാഫ്രിക്കയോടാണ് സഞ്ജു സാംസണ്‍ പോരിനിറങ്ങിയത്. ബി.സി.സി.ഐയുടെ പ്രിയ പുത്രനായ ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റതുകൊണ്ട് മാത്രം വീണുകിട്ടിയ ഒരവസരം! കുറച്ച് കടുപ്പമേറിയ ഭാഷയില്‍ പറഞ്ഞാല്‍ ഔദാര്യത്തിന്റെ അപ്പക്കഷ്ണം.

സ്വപ്നതുല്യമായ പ്രകടനങ്ങള്‍ കാഴ്ച്ചവെച്ചിട്ടും തനിക്ക് അര്‍ഹതപ്പെട്ട ഓപ്പണിങ്ങ് പൊസിഷന്‍ ഗില്ലിന് വിട്ടുകൊടുത്ത് സൈഡ് ബെഞ്ചില്‍ പോയി ഇരുന്നവനായിരുന്നു സഞ്ജു! ടി-20 ലോകകപ്പിനുള്ള ടീമിനെ അടുത്ത ദിവസം പ്രഖ്യാപിക്കും എന്ന കാര്യം സഞ്ജുവിനറിയാമായിരുന്നു.

ഒരു പരാജയം സംഭവിച്ചുപോയാല്‍ തന്റെ ശിരസ്സ് ഛേദിക്കപ്പെടുമെന്ന ഉറപ്പോടെയാണ് അയാള്‍ ആദ്യ പന്ത് നേരിടുന്നത്! ഇത്രയേറെ ഘടകങ്ങള്‍ എതിരുനിന്നപ്പോഴും സഞ്ജു തളര്‍ന്നുപോയില്ല.

സഞ്ജു വരവറിയിച്ചത് ഒരു സിക്‌സറിലൂടെയായിരുന്നു! മൃദുവായി തഴുകുന്നത് പോലൊരു ഹിറ്റ്! കമന്ററി ബോക്‌സില്‍ സുനില്‍ ഗാവസ്‌കര്‍ അത്ഭുതംകൂറി,

”ഒരുപാട് കാലമായി സഞ്ജു പുറത്തിരിക്കുകയായിരുന്നു. എന്നിട്ടും നേരിട്ട നാലാമത്തെ പന്തില്‍ ഇത്തരമൊരു ഷോട്ട് അയാള്‍ കളിച്ചു! ഇതെങ്ങനെ സാധിക്കുന്നു…!?’

ദക്ഷിണാഫ്രിക്കയുടെ ഏറ്റവും വിശ്വസ്തനായ ബൗളറാണ് മാര്‍ക്കോ യാന്‍സന്‍. സഞ്ജുവിന്റെ ഒറ്റ ഷോട്ട് കൊണ്ട് അയാള്‍ ആക്രമണത്തില്‍ നിന്ന് താത്കാലികമായി പിന്‍വലിക്കപ്പെട്ടു! അതായിരുന്നു സഞ്ജു ഇംപാക്റ്റ് .

യാന്‍സനുപകരം വന്ന ബാര്‍ട്മാനെതിരെ സഞ്ജു രണ്ട് സ്‌ട്രെയ്റ്റ് ഡ്രൈവുകള്‍ തൊടുത്തുവിട്ടു. ആദ്യത്തേത് ഒരു കോപ്പിബുക്ക് ഷോട്ടായിരുന്നു. രണ്ടാമത്തേത് ഒരു ടിപ്പിക്കല്‍ ടി-20 ലോഫ്റ്റഡ് ഹിറ്റും! സഞ്ജു ഒരു കംപ്ലീറ്റ് പാക്കേജ് ആണെന്ന് വീണ്ടും തെളിയിക്കപ്പെട്ട നിമിഷം

നടന്‍ മുരളിയ്ക്ക് ‘കാരിരുമ്പ് ‘ എന്നൊരു വിളിപ്പേരുണ്ടായിരുന്നു. ക്രിക്കറ്റില്‍ ആ വിശേഷണം അര്‍ഹിക്കുന്ന ഒരേയൊരാള്‍ മാത്രമേയുള്ളൂ! അവനാണ് സഞ്ജു.

സഞ്ജു സാംസണ്‍

ഈ ചെറിയ പ്രായത്തിനുള്ളില്‍ എത്ര തവണയാണ് സഞ്ജു കുരിശില്‍ തറയ്ക്കപ്പെട്ടത്! എത്ര തവണയാണ് അയാള്‍ ഉയിര്‍ത്തെഴുന്നേറ്റുവന്നത്! സഞ്ജുവിന്റെ മനഃക്കരുത്തിനെക്കുറിച്ച് വലിയ പഠനങ്ങള്‍ നടത്താമെന്നാണ് തോന്നുന്നത്
ഇന്ത്യയുടെ മുന്‍ പരിശീലകനായ രവി ശാസ്ത്രി അഭിപ്രായപ്പെട്ടു,

”മറ്റൊരാളുടെ ആരോഗ്യം മോശമാവുമ്പോള്‍ മാത്രം ടീമില്‍ എത്തേണ്ട കളിക്കാരനാണോ സഞ്ജു? അയാള്‍ ഒരു സ്വാഭാവിക ടോപ് ഓര്‍ഡര്‍ ബാറ്ററാണ്. സഞ്ജു അവിടെനിന്ന് മാറരുത്…!”

ഗില്ലിന് ഈ ടീമില്‍ കളിക്കാനുള്ള യോഗ്യതയില്ല എന്ന് തന്നെയാണ് രവി പറയാതെ പറഞ്ഞത്! ഇനിയെങ്കിലും ഇന്ത്യന്‍ ടീം സഞ്ജുവിനോട് നീതി കാട്ടുമോ!?

ഏഷ്യാകപ്പ് മുതല്‍ ഗില്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നുണ്ട്. അതും ഒരിക്കലും ടീമില്‍നിന്ന് പുറത്താവില്ല എന്ന ഉറപ്പോടെ! എന്നിട്ടും മികവേറിയ ഒരു ഇന്നിങ്‌സ് പോലും അയാളില്‍ നിന്ന് വന്നില്ല

ഗില്ലിന് അവസരം ലഭിക്കുമ്പോള്‍ ബെഞ്ചിലിരിക്കുന്ന സഞ്ജു

സഞ്ജുവിന്റെ കാര്യം നേരെ തിരിച്ചാണ്. നന്നായി കളിച്ചാലും അടുത്ത മാച്ചില്‍ പുറത്താക്കും എന്ന ഉറപ്പാണ് സഞ്ജുവിനുള്ളത്! എന്നിട്ടും അയാള്‍ സ്‌ഫോടനാത്മകമായും നിസ്വാര്‍ത്ഥമായും ബാറ്റ് ചെയ്യുന്നു!

സഞ്ജു ഫുള്‍ ഫ്‌ളോയില്‍ ബാറ്റ് ചെയ്യുമ്പോള്‍ റെഡ് ഹോട്ട് ഫോമിലുള്ള അഭിഷേക് ശര്‍മയുടെ സ്‌ട്രൈക്ക് റേറ്റ് പോലും രണ്ടാം സ്ഥാനത്തേയ്ക്ക് മാറുകയാണ്! അപ്പോഴാണ് 28 പന്തുകളില്‍ നിന്ന് 28 റണ്‍സ് എടുക്കുന്ന ഗില്‍ സഞ്ജുവിന്റെ മുകളിലൂടെ ടി-20 ഓപ്പണറാകുന്നത്! എത്ര വലിയ കോമാളിത്തരം.

മനസ്സില്‍ ചില ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. ടി-20 ലോകകപ്പില്‍ സഞ്ജു ഓപ്പണ്‍ ചെയ്യുമോ? അതോ വൈസ് ക്യാപ്റ്റന്‍ ക്വാട്ടയില്‍ ഗില്‍ വീണ്ടും ടീമിലെത്തുമോ?

അധികം പഴക്കമൊന്നും ഇല്ലാത്ത ഒരു കഥ ബി.സി.സി.ഐ ഓര്‍ക്കുന്നത് നല്ലതായിരിക്കും. 2014ലെ ടി-20 ലോകകപ്പില്‍ ശ്രീലങ്കയെ നയിച്ചിരുന്നത് ദിനേഷ് ചണ്ഡിമലായിരുന്നു. താന്‍ മോശം ഫോമിലാണെന്ന് മനസ്സിലാക്കിയ ചാന്‍ഡിമല്‍ സ്വയം മാറിനിന്നു. സെമി ഫൈനലിലും ഫൈനലിലും ലസിത് മലിംഗ ക്യാപ്റ്റനായി. ശ്രീലങ്ക കിരീടം ചൂടുകയും ചെയ്തു.

ക്യാപ്റ്റനെ യാതൊരു കാരണവശാലും ഒഴിവാക്കാനാവില്ല എന്ന സിദ്ധാന്തം പോലും ക്രിക്കറ്റില്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. പിന്നെയല്ലേ ഒരു വൈസ് ക്യാപ്റ്റന്‍!

ശുഭ്മന്‍ ഗില്ലിനോട് ഒന്നേ പറയാനുള്ളൂ. നിങ്ങളെ ടി-20 ലോകകപ്പില്‍ ഓപ്പണറായി പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങള്‍ ബി.സി.സി.ഐ തുടര്‍ന്നും നടത്തും. അന്ന് ഒരു ദിനേഷ് ചണ്ഡിമല്‍ ആവാനുള്ള മര്യാദയെങ്കിലും നിങ്ങള്‍ കാണിക്കണം! എങ്കില്‍ ചരിത്രം നിങ്ങളെ നീതിമാന്‍ എന്ന് വിശേഷിപ്പിക്കും

 

Content Highlight: Sandeep Das writes about Sanju Samson and Shubman Gill

 

സന്ദീപ് ദാസ്
എഴുത്തുകാരന്‍