”സഞ്ജു സാംസണ്‍ തന്റെ റോള്‍ നന്നായി നിര്‍വഹിച്ചു. ടീമിന് മികച്ച തുടക്കം നല്‍കി. ഇന്ത്യ സഞ്ജുവില്‍നിന്ന് പ്രതീക്ഷിക്കുന്നത് ഇതുതന്നെയാണ്…!”
സിംബാബ്‌വേയ്‌ക്കെതിരെ സഞ്ജു ഔട്ടായതിനു ശേഷം ദിനേഷ് കാര്‍ത്തിക് കമന്ററി ബോക്‌സിലൂടെ പറഞ്ഞ വരികളാണിത്.
കാര്‍ത്തിക് ആ വാക്കുകള്‍ ഉച്ചരിച്ചപ്പോള്‍ ടെലിവിഷന്‍ സ്‌ക്രീനില്‍ ഇന്ത്യന്‍ ടീമിന്റെ ഡഗ്-ഔട്ട് ദൃശ്യമായി. ഹെഡ് കോച്ച് ഗംഭീറും മറ്റ് ടീം അംഗങ്ങളും സഞ്ജുവിനെ അഭിനന്ദിക്കുന്ന കാഴ്ച്ച ലോകം കണ്ടു! കാര്‍ത്തിക്കിന്റെ പ്രസ്താവനയോട് ടീം ഇന്ത്യ പൂര്‍ണ്ണമായും യോജിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചന.
THE ARRIVAL OF SANJU SAMSON AT CHEPAUK 💛
– Madness coming in April & May. pic.twitter.com/dKDu8xeZcU
— Johns. (@CricCrazyJohns) February 27, 2026
സഞ്ജു വലിയൊരു സ്‌കോര്‍ കണ്ടെത്തിയിരുന്നുവെങ്കില്‍ നമ്മുടെ ആനന്ദം പതിന്മടങ്ങ് വര്‍ദ്ധിക്കുമായിരുന്നു എന്നതില്‍ തര്‍ക്കമില്ല. പക്ഷേ ഒരു കാര്യം മറക്കരുത്. ദക്ഷിണാഫ്രിക്കയോട് പോരിനിറങ്ങിയപ്പോള്‍ ദിശാബോധമില്ലാതെ വലഞ്ഞ ഇന്ത്യന്‍ ടീം വീണ്ടും ട്രാക്കില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഈ മുന്നേറ്റത്തില്‍ നിര്‍ണായക പങ്ക് വഹിച്ച സഞ്ജുവിനെ നാം അഭിനന്ദിച്ചേ മതിയാകൂ.
ഓപ്പണര്‍മാരില്‍നിന്ന് മികച്ച തുടക്കങ്ങള്‍ ലഭിച്ചിരുന്നില്ല എന്നതാണ് ഈ ലോകകപ്പില്‍ ഇന്ത്യ അഭിമുഖീകരിച്ചിരുന്ന ഏറ്റവും വലിയ പ്രതിസന്ധി. ആദ്യ ഓവര്‍ സ്പിന്നര്‍ക്ക് നല്‍കുക എന്ന തന്ത്രത്തിലൂടെ എതിര്‍ടീമുകള്‍ ഇന്ത്യയെ വരിഞ്ഞുമുറുക്കിക്കൊണ്ടിരുന്നു.
സഞ്ജുവിനെ ഇറക്കിയതോടെ ഈ രണ്ട് പ്രശ്‌നങ്ങള്‍ക്കും ഒറ്റയടിയ്ക്ക് പരിഹാരമായി! ഇന്ത്യയ്ക്ക് സ്‌ഫോടനാത്മകമായ തുടക്കം കിട്ടി! ഒന്നാമത്തെ ഓവര്‍ എറിയുമെന്ന് കരുതപ്പെട്ടിരുന്ന സിക്കന്ദര്‍ റാസ പവര്‍പ്ലേ കഴിയുന്നത് വരെ പന്ത് കൈകൊണ്ട് സ്പര്‍ശിച്ചതുമില്ല.

സഞ്ജു സാംസണ്‍
പിച്ചില്‍ ഈര്‍പ്പമുണ്ട് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സിംബാംബ്‌വേ ബോള്‍ ചെയ്യാന്‍ തീരുമാനിച്ചത്. അവരുടെ ഓപ്പണിങ് ബോളറായ ബ്ലെസിങ് മുസരബാനിയുടെ പേരില്‍ അത്യാകര്‍ഷകമായ ഒരു റെക്കോര്‍ഡുണ്ടായിരുന്നു.
ഈ ലോകകപ്പില്‍ 10 പവര്‍പ്ലേ ഓവറുകള്‍ മുസരബാനി എറിഞ്ഞിരുന്നു. പക്ഷേ ഒരു ബൗണ്ടറി പോലും അയാള്‍ വഴങ്ങിയിരുന്നില്ല! അങ്ങനെയുള്ള മുസരബാനിയെ സഞ്ജു പുള്‍ ചെയ്ത് ലോങ്ങ്-ഓണിനു മുകളിലൂടെ സിക്‌സര്‍ അടിച്ചു.
Carnage at Chepauk 🔥
The highest total of this #T20WorldCup 🇮🇳💪🏻
A Thread 🧵#WhistlePodu pic.twitter.com/aEbjCiiOlh
— Chennai Super Kings (@ChennaiIPL) February 26, 2026
സ്‌ക്വയര്‍ ലെഗ്ഗിലൂടെ പായുന്ന പുള്‍ ഷോട്ടുകളെ ‘മികച്ചത്’ എന്ന് വിലയിരുത്താം. മിഡ്-വിക്കറ്റിലൂടെ പറക്കുന്ന പുള്‍ ഷോട്ടുകളെ ‘മഹത്തരം’ എന്ന് വിശേഷിപ്പിക്കാം. എന്നാല്‍ ആ ഹിറ്റ് ലോങ്ങ്-ഓണിനുമുകളിലൂടെ കളിക്കപ്പെട്ടാല്‍ അതിനെ ‘അവിശ്വസനീയം’ എന്ന് മാത്രമേ വിളിക്കാനാകൂ! അതാണ് സഞ്ജുവിന്റെ പ്രതിഭ!
റിച്ചാര്‍ഡ് എന്‍ഗാരവയ്‌ക്കെതിരെ സഞ്ജു നേടിയ സിക്‌സര്‍ അതിനേക്കാള്‍ ചേതോഹരമായിരുന്നു. ഒരു കട്ട് ഷോട്ടിന് അനുയോജ്യമായ ബോളാണ് എന്‍ഗാരവ എറിഞ്ഞത്. പക്ഷേ സഞ്ജു അതിനെ ബാക്ക്ഫൂട്ടില്‍ സ്‌ട്രെയിറ്റ് ആയി ഹിറ്റ് ചെയ്തു!
പതിവുപോലെ ഒരു ഡു ഓര്‍ ഡൈ മത്സരത്തിനാണ് സഞ്ജു ചെപ്പോക്കില്‍ ഇറങ്ങിയത്. എന്നിട്ടും നേരിട്ട രണ്ടാം പന്തിനെ അയാള്‍ ഗാലറിയില്‍ നിക്ഷേപിച്ചു! സഞ്ജു എന്ന ധീരനായ ടീം മാനെ ലോകം ഒരിക്കല്‍ക്കൂടി തിരിച്ചറിഞ്ഞ നിമിഷം!
𝐃𝐈𝐒𝐏𝐀𝐓𝐂𝐇𝐄𝐃 🚀
Sanju Samson starts the innings on a positive note! 💪
ICC Men’s #T20WorldCup 👉 SUPER 8, #INDvZIM | LIVE NOW ➡️ https://t.co/vIdZg7mGmy pic.twitter.com/TtmJRlvcR0
— Star Sports (@StarSportsIndia) February 26, 2026
ഇഷാന്‍ കിഷന്‍ ടീമില്‍ ഉണ്ടായിട്ടും സഞ്ജുവാണ് വിക്കറ്റുകള്‍ക്ക് കാവല്‍ നിന്നത്. ഈ ലോകകപ്പില്‍ അവശേഷിക്കുന്ന എല്ലാ മത്സരങ്ങളിലും കളിപ്പിക്കും എന്ന ഉറപ്പ് സഞ്ജുവിന് കിട്ടിയിട്ടുണ്ട് എന്നാണ് തോന്നുന്നത്. അതുകൊണ്ട് വരും മത്സരങ്ങളില്‍ അയാള്‍ കൂടുതല്‍ കത്തിപ്പടരാന്‍ സാധ്യതയുണ്ട്.
ടോസ് നടന്ന സമയത്ത് സഞ്ജു കളിക്കുന്നു എന്ന കാര്യം സൂര്യകുമാര്‍ വെളിപ്പെടുത്തിയപ്പോള്‍ കാതടപ്പിക്കുന്ന ആരവങ്ങളാണ് ചെന്നൈയില്‍ ഉയര്‍ന്നത്! മഹേന്ദ്ര സിങ് ധോനിയെപ്പോലെ ഒരു വലിയ ബ്രാന്‍ഡ് ആയി സഞ്ജു രൂപപ്പെടാന്‍ പോകുന്നു എന്നതിന്റെ സിഗ്‌നല്‍.

സഞ്ജുവും ധോണിയും. Photo: Rajasthan Royals
1996ലെ ലോകകപ്പ് ഓര്‍മിക്കുന്നില്ലേ? അന്ന് സെമിഫൈനലിലും ഫൈനലിലും മികച്ച ഇന്നിങ്‌സുകള്‍ കളിച്ചത് അരവിന്ദ ഡിസില്‍വയായിരുന്നു. എന്നാല്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണ്ണമെന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് സനത് ജയസൂര്യയായിരുന്നു.
രമേഷ് കലുവിതരണയുമായി കൂട്ടുചേര്‍ന്ന് ജയസൂര്യ നല്‍കിയ തീപ്പൊരി തുടക്കങ്ങളാണ് ശ്രീലങ്കയെ ഒരു ചാമ്പ്യന്‍ സംഘമാക്കി മാറ്റിയത്. അതുപോലൊരു ദൗത്യമാണ് സഞ്ജു ഇപ്പോള്‍ നിറവേറ്റിക്കൊണ്ടിരിക്കുന്നത്.
മത്സരം അവസാനിച്ചപ്പോള്‍ സഞ്ജുവിന്റെ ഏറ്റവും വലിയ വിമര്‍ശകനായ സുനില്‍ ഗാവസ്‌കര്‍ പറയുന്നത് കേട്ടു,
”ടീമിനുവേണ്ടിയാണ് സഞ്ജു വമ്പന്‍ ഷോട്ടിന് ശ്രമിച്ച് പുറത്തായത്. അയാള്‍ ഫിഫ്റ്റി നേടിയില്ലായിരിക്കാം. പക്ഷേ സഞ്ജുവിന്റെ ചിറകിലേറിയാണ് ഇന്ത്യ ഇന്ന് പറന്നുതുടങ്ങിയത്…”
Content Highlight: Sandeep Das writes about Sanju Samson
