വര്‍ഷങ്ങള്‍ ഒരുപാട് കടന്നുപോയി. ഗാംഗുലി കാണിച്ചുതന്ന പാതയിലൂടെ സുന്ദറും ജഡേജയും സഞ്ചരിച്ചു. ഇംഗ്ലീഷ് ധിക്കാരത്തോട് മുട്ടുമടക്കാന്‍ ഇന്ത്യക്കാര്‍ക്ക് സൗകര്യമില്ല എന്ന് അവര്‍ ഉറക്കെപ്പറഞ്ഞു.
രവീന്ദ്ര ജഡേജയും വാഷിങ്ങ്ടണ്‍ സുന്ദറും ഒരു പ്രസ്താവനയാണ് മുന്നോട്ട് വെച്ചിട്ടുള്ളത്. വെള്ളക്കാരന്റെ അഹന്ത ഇവിടെ വിലപ്പോവില്ല എന്ന ശക്തമായ സ്റ്റേറ്റ്‌മെന്റ്.
ഇംഗ്ലിഷ് നായകനായ ബെന്‍ സ്റ്റോക്‌സ് ആഗ്രഹിച്ചത് ഒരു ഷെയ്ക് ഹാന്‍ഡ് ആയിരുന്നു. അയാള്‍ക്ക് പരമാവധി വേഗത്തില്‍ സമനില പിടിക്കണമായിരുന്നു. ജഡേജയും സുന്ദറും ആ ക്ഷണം നിഷ്‌കരുണം നിഷേധിച്ചു.
0/2 എന്ന സ്‌കോറിലാണ് ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. ഇംഗ്ലണ്ട് വമ്പന്‍ ലീഡ് നേടിയിരുന്നു. തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍നിന്ന് കെ.എല്‍ രാഹുലും ശുഭ്മന്‍ ഗില്ലും സുന്ദറും ജഡേജയും ചേര്‍ന്ന് ഇന്ത്യയെ രക്ഷിച്ചെടുക്കുകയായിരുന്നു.
The 4th Test ends in a draw in Manchester! 🤝
Tremendous display of resistance and composure from #TeamIndia in Manchester! 👏👏
സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് ഉള്ള ഏതൊരാളും ഇന്ത്യയെ അഭിനന്ദിക്കാന്‍ തയ്യാറാകുമായിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിന്റെ കപ്പിത്താനായ സ്റ്റോക്‌സ് എന്താണ് ചെയ്തത്?
ജഡേജയും സുന്ദറും സെഞ്ച്വറിയ്ക്കരികില്‍ നില്‍ക്കുമ്പോള്‍ സ്റ്റോക്‌സ് സമനിലയ്ക്കുവേണ്ടി ഇന്ത്യന്‍ ബാറ്റര്‍മാരെ സമീപിച്ചു. ഇന്ത്യ ആ ഓഫര്‍ നിരസിച്ചപ്പോള്‍ സ്റ്റോക്‌സിന്റെ മട്ടുമാറി!
”നിങ്ങള്‍ക്ക് ബ്രൂക്കിനും ഡക്കറ്റിനും എതിരെ സെഞ്ച്വറി അടിക്കണോ’ എന്ന് സ്റ്റോക്‌സ് രോഷത്തോടെ ജഡേജയോട് ചോദിച്ചു! സുന്ദറും ജഡേജയും സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ ഒന്ന് കൈയ്യടിക്കുക പോലും ചെയ്യാതെ ഇംഗ്ലിഷ് താരങ്ങള്‍ മുഖം വീര്‍പ്പിച്ചുനിന്നു!
Scored a hundred, saved the Test, farmed ♾ aura! 💁♂#RavindraJadeja didn’t hesitate, till the end 👀#ENGvIND 👉 5th TEST | Starts THU, 31st July, 2:30 PM | Streaming on JioHotstar! pic.twitter.com/cc3INlS07P
ഇതെല്ലാം കണ്ടപ്പോള്‍ ഞാന്‍ പഴയൊരു സംഭവം ഓര്‍ത്തുപോയി. 2012ല്‍ ഇംഗ്ലണ്ട് ടീം ഇന്ത്യയില്‍ പര്യടനത്തിന് എത്തിയിരുന്നു. ആ സീരീസിലെ അവസാന ടെസ്റ്റ് നടന്നത് നാഗ്പൂരിലായിരുന്നു.
അന്ന് അരങ്ങേറ്റക്കാരനായിരുന്ന രവീന്ദ്ര ജഡേജയ്ക്ക് ഒരു അബദ്ധം പറ്റി. ജൊനാഥന്‍ ട്രോട്ടിനെതിരെ ബോള്‍ ചെയ്യുന്ന സമയത്ത് പന്ത് കൈയ്യില്‍ നിന്ന് വഴുതിപ്പോയി! തന്റെ അരികിലേയ്ക്ക് സാവകാശത്തില്‍ ഉരുണ്ടുവന്ന ചുവന്ന ബോളിനെ ട്രോട്ട് ബൗണ്ടറിയിലേക്ക് പറപ്പിക്കുകയും ചെയ്തു!
ട്രോട്ടിന്റെ പ്രവൃത്തി നിയമവിരുദ്ധമായിരുന്നില്ല. പക്ഷേ പലരും അയാളുടെ മാന്യതയെ ചോദ്യം ചെയ്തിരുന്നു. ട്രോട്ട് ചെയ്തതിനോട് അന്നും ഇന്നും എനിക്ക് എതിര്‍പ്പില്ല. കുറുക്കുവഴിയിലൂടെ റണ്‍സ് നേടാനുള്ള അവസരം അയാള്‍ കൃത്യമായി ഉപയോഗിച്ചു എന്ന് മാത്രം.
എന്നാല്‍ ഇതേ ട്രോട്ടിന്റെ പിന്‍ഗാമികള്‍ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ എന്താണ് ചെയ്തത്? നേരായ വഴിയിലൂടെ മൂന്നക്കത്തിലേയ്ക്ക് കുതിക്കുകയായിരുന്ന ജഡേജയ്ക്ക് സെഞ്ച്വറി നിഷേധിക്കാന്‍ ശ്രമിച്ചു! അത് തികഞ്ഞ അശ്ശീലമല്ലേ!??
ഇന്ത്യ എന്നും ഇംഗ്ലണ്ടിനോട് മര്യാദ കാട്ടിയിട്ടുണ്ട്. 2011-ലെ നോട്ടിങ്ഹാം ടെസ്റ്റ് ഓര്‍മ്മിക്കുന്നില്ലേ? അന്നത്തെ ഇയാന്‍ ബെല്ലിന്റെ റണ്‍-ഔട്ട് ഒരുപാട് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ബോള്‍ ‘ഡെഡ്’ ആവുന്നതിന് മുമ്പ് ക്രീസ് വിട്ടിറങ്ങി റണ്‍-ഔട്ടായി മാറിയ ബെല്ലിന്റെ ഇന്നിങ്‌സിന് മൂന്നാം അമ്പയര്‍ കര്‍ട്ടനിട്ടതാണ്. പക്ഷേ ഇന്ത്യന്‍ നായകനായിരുന്ന എം.എസ് ധോണി അപ്പീല്‍ പിന്‍വലിച്ച് ബെല്ലിനെ തിരികെ വിളിച്ചു.
1979-80 സീസണില്‍ നടന്ന ഗോള്‍ഡന്‍ ജൂബിലി ടെസ്റ്റ് ഏറെ പ്രശസ്തമാണ്. ആ മത്സരത്തില്‍ ഇംഗ്ലിഷ് ബാറ്ററായിരുന്ന ബോബ് ടെയ്‌ലറെ അമ്പയര്‍ പുറത്താക്കിയതാണ്. പക്ഷേ ടെയ്‌ലര്‍ യഥാര്‍ത്ഥത്തില്‍ നോട്ട്ഔട്ട് ആയിരുന്നു. ഇന്ത്യന്‍ താരമായ ഗുണ്ടപ്പ വിശ്വനാഥ് ഇക്കാര്യം അമ്പയറെ അറിയിച്ചു. ടെയ്‌ലര്‍ ബാറ്റിങ്ങ് തുടരുകയും ചെയ്തു.
എന്നാല്‍ ഇത്തരം മര്യാദകള്‍ ഇംഗ്ലണ്ട് ഇന്ത്യയോട് പ്രകടിപ്പിക്കാറുണ്ടോ?
നമ്മുടെ അഭിമാന താരമായ വി.വി.എസ്. ലക്ഷ്മണ്‍ കളിക്കളത്തില്‍ തികഞ്ഞ മാന്യനായിരുന്നു. അങ്ങനെയുള്ള ലക്ഷ്മണിനെ ഒരേയൊരാള്‍ മാത്രമേ ചീത്തവിളിച്ചിട്ടുള്ളൂ. ഹോട്ട്‌സ്‌പോട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ലക്ഷ്മണ്‍ ബാറ്റില്‍ വാസലൈന്‍ പുരട്ടി എന്ന് ആരോപിച്ചത് മുന്‍ ഇംഗ്ലിഷ് നായകനായ മൈക്കല്‍ വോണാണ്!
ക്രിക്കറ്റ് മത്സരങ്ങള്‍ കവര്‍ ചെയ്യാന്‍ ഇംഗ്ലണ്ടില്‍ പോയപ്പോള്‍ ഉണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് ഹര്‍ഷ ഭോഗ്ലെ വെളിപ്പെടുത്തിയിട്ടുണ്ട്. ”തനിക്ക് ലോര്‍ഡ്‌സിലെ പുല്ലില്‍ ചവിട്ടാനുള്ള അധികാരമില്ല” എന്ന് ചില ബ്രിട്ടീഷ് തമ്പുരാക്കന്‍മാര്‍ ഹര്‍ഷയോട് പറഞ്ഞുവെത്രേ! അതാണ് വെള്ളക്കാരന്റെ ധാര്‍ഷ്ട്യം
2002ലെ നാറ്റ്‌വെസ്റ്റ് സീരീസിന്റെ ഫൈനല്‍ മറക്കാനാവുമോ? മുന്നൂറിന് മുകളിലുള്ള വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യത്തെ അഞ്ച് വിക്കറ്റുകള്‍ വേഗത്തില്‍ നഷ്ടമായപ്പോള്‍ കമന്ററി ബോക്‌സില്‍ ഉണ്ടായിരുന്നത് ജെഫ് ബോയ്‌ക്കോട്ടും നവ്‌ജോത് സിങ് സിദ്ധുവുമായിരുന്നു.
ബോയ്‌ക്കോട്ട് മൈക്ക് താഴെവെച്ച് അട്ടഹസിച്ചു,
”ഇത് ലോര്‍ഡ്‌സാണ്! ഇവിടെ നിങ്ങള്‍ക്ക് ജയിക്കാനാവില്ല…”
മനസ്സിനുള്ളില്‍ കുമിഞ്ഞുകൂടിയ വര്യേണബോധമാണ് ബോയ്‌ക്കോട്ടിനെക്കൊണ്ട് അത് പറയിച്ചത്. ഒരുകാലത്ത് ബ്രിട്ടന്റെ കോളനി ആയിരുന്ന ഇന്ത്യ ക്രിക്കറ്റിന്റെ തറവാടായ ലോര്‍ഡ്‌സില്‍ വെച്ച് ടൂര്‍ണമെന്റ് ജയിക്കുന്നത് ബോയ്‌ക്കോട്ടിന് അസഹനീയമായിരുന്നു!
പക്ഷേ നാറ്റ്‌വെസ്റ്റ് ട്രോഫി ഇന്ത്യ ജയിച്ചു! ലോര്‍ഡ്‌സിന്റെ മട്ടുപ്പാവില്‍ ഇന്ത്യന്‍ നായകനായ സൗരവ് ഗാംഗുലി ജേഴ്‌സി ഊരി നെഞ്ചുവിരിച്ച് നിന്നു ബോയ്‌ക്കോട്ടുമാരുടെ അഹങ്കാരത്തിന് ഏറ്റവും സ്‌റ്റൈലിഷ് ആയ മറുപടി!
വര്‍ഷങ്ങള്‍ ഒരുപാട് കടന്നുപോയി. ഗാംഗുലി കാണിച്ചുതന്ന പാതയിലൂടെ സുന്ദറും ജഡേജയും സഞ്ചരിച്ചു. ഇംഗ്ലീഷ് ധിക്കാരത്തോട് മുട്ടുമടക്കാന്‍ ഇന്ത്യക്കാര്‍ക്ക് സൗകര്യമില്ല എന്ന് അവര്‍ ഉറക്കെപ്പറഞ്ഞു.
‘ട്രാഫിക് ‘ എന്ന സിനിമയില്‍ വിഖ്യാതമായ ഒരു ഡയലോഗുണ്ട്. അതിന് ചെറിയൊരു മാറ്റം വരുത്തുന്നു,
”സ്റ്റോക്‌സിന്റെ ക്ഷണത്തോട് ജഡേജയും സുന്ദറും യെസ് പറഞ്ഞിരുന്നുവെങ്കില്‍ ഇവിടെ ഒന്നും സംഭവിക്കുകയില്ലായിരുന്നു. ആ ദിവസം സാധാരണ മട്ടില്‍ കടന്നുപോകുമായിരുന്നു. എന്നാല്‍ അവരുടെ ഒരൊറ്റ നോ…! അതിപ്പോള്‍ ചരിത്രമാണ്…”
Content highlight: Sandeep Das writes about Ravindra Jadeja and Ben Stokes