ഗോള്‍ കീപ്പറാവാന്‍ വേറെ ആളിനെ നോക്കിയാല്‍ മതി; ഇത് ക്രിസ്റ്റ്യാനോയാണ്...
FIFA World Cup 2026
ഗോള്‍ കീപ്പറാവാന്‍ വേറെ ആളിനെ നോക്കിയാല്‍ മതി; ഇത് ക്രിസ്റ്റ്യാനോയാണ്...
സന്ദീപ് ദാസ്
Wednesday, 24th June 2026, 10:53 am

സ്റ്റീഫന്‍ ക്രെയിന്‍ എഴുതിയ ‘റെഡ് ബാഡ്ജ് ഓഫ് കറേജ് ‘ എന്ന നോവല്‍ അമേരിക്കന്‍ സാഹിത്യത്തിലെ ഒരു ക്ലാസിക് ഗ്രന്ഥമാണ്. ഹെന്റി ഫ്‌ലെമിങ്ങ് എന്ന സൈനികനാണ് അതിലെ കേന്ദ്ര കഥാപാത്രം.

കഥയുടെ ഒരു ഘട്ടത്തില്‍ ഹെന്റിയുടെ തലയില്‍ മുറിവേല്‍ക്കുന്നുണ്ട്. മരണാസന്നനായി രക്തമൊലിപ്പിച്ച് കിടന്നിരുന്ന ഹെന്റിയെ സഹ സൈനികര്‍ പരിചരിക്കുന്നു. മുറിവില്‍ തൂവാല കെട്ടിക്കൊണ്ട് ഹെന്റി വീണ്ടും യുദ്ധത്തിന് സജ്ജനാകുന്നു! അമേരിക്കയുടെ പതാക കൈയ്യിലെടുക്കുന്നതോടെ ഹെന്റി ഏറെ ആവേശഭരിതനാകുന്നു!

ക്രിസ്റ്റ്യാനോ റൊണാൾഡോ

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇപ്പോള്‍ അതേ അമേരിക്കന്‍ മണ്ണില്‍ പന്ത് തട്ടിക്കൊണ്ടിരിക്കുകയാണ്. ഉസ്ബക്കിസ്ഥാനെതിരെ ക്രിസ്റ്റ്യാനോ രണ്ട് തവണ വല കുലുക്കി. മരണത്തില്‍ നിന്ന് തിരിച്ചുവന്ന ഹെന്റി ഫ്‌ലെമിങ്ങിനെപ്പോലെയാണ് ക്രിസ്റ്റ്യാനോ!

കോംഗോ ഡി.ആറിനെതിരെ പോര്‍ച്ചുഗല്‍ സമനില വഴങ്ങിയപ്പോള്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ കേട്ടത് ക്രിസ്റ്റ്യാനോ തന്നെയായിരുന്നു. ആ ഗെയിമില്‍ അയാള്‍ ആകെ 29 തവണയാണ് പന്ത് തൊട്ടത്! പായിച്ച മൂന്ന് ഷോട്ടുകളില്‍ ഒരെണ്ണം പോലും ലക്ഷ്യത്തില്‍ എത്തിയതുമില്ല!

മത്സരശേഷം കോംഗോ ഡി.ആര്‍ മിഡ്ഫീല്‍ഡര്‍ പരസ്യമായി പറഞ്ഞു-

”ക്രിസ്റ്റ്യാനോയ്ക്ക് പ്രായമായി. അയാള്‍ക്ക് ഇപ്പോള്‍ പഴയ മികവില്ല….!”
തനിക്കെതിരെ ഉയര്‍ന്ന സകല പരിഹാസങ്ങളെയും അരിഞ്ഞു തള്ളാന്‍ ക്രിസ്റ്റ്യാനോയ്ക്ക് പത്ത് മിനുറ്റ് പോലും വേണ്ടിവന്നില്ല! ഉസ്ബക്കിസ്ഥാനെതിരെ ആറാം മിനിറ്റില്‍ തന്നെ അയാള്‍ ആദ്യ ഗോള്‍ നേടി!

ഒരു സമ്പൂര്‍ണ്ണ ടീം മാന്‍ ആയി ക്രിസ്റ്റ്യാനോ നിറഞ്ഞുനിന്നു എന്നതായിരുന്നു ഏറ്റവും ശ്രദ്ധേയം. നൂനോ മെന്‍ഡെസ് ഫ്രീ കിക്കിലൂടെ സ്വന്തമാക്കിയ ഗോള്‍ അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു.

ആ ഫ്രീകിക്ക് ക്രിസ്റ്റ്യാനോ എടുക്കുമെന്നാണ് സകലരും പ്രതീക്ഷിച്ചത്. ഉസ്ബക്കിസ്ഥാന്‍ ഗോള്‍ കീപ്പര്‍ ശ്രദ്ധിച്ചത് ക്രിസ്റ്റ്യാനോയെ മാത്രമായിരുന്നു.

കുതിരയുടെ കടിഞ്ഞാണില്‍ ഘടിപ്പിക്കുന്ന ബ്ലിങ്കറുകള്‍ കണ്ടിട്ടില്ലേ? ബ്ലിങ്കറുകള്‍ ധരിച്ച കുതിരകള്‍ക്ക് വശങ്ങളിലെ കാഴ്ച്ചകള്‍ കാണാനാവില്ല. അത്തരമൊരു ആവരണം തന്റെ ശരീരഭാഷയിലൂടെ ഉസ്ബക്കിസ്ഥാന്‍ ഗോളിയെ അണിയിക്കുകയാണ് ക്രിസ്റ്റ്യാനോ ചെയ്തത്!

മറുവശത്തുകൂടി മെന്‍ഡസ് കടന്നുവന്നത് ആ പാവം കീപ്പര്‍ കണ്ടില്ല!

ഉസ്ബക്കിസ്ഥാന്‍ ഒരു ഗോള്‍ അടിച്ചിരുന്നു. പിന്നീട് അത് റഫറി നിഷേധിച്ചു. ആ തീരുമാനം പോര്‍ച്ചുഗലിന് അനുകൂലമാകുന്നതിന് വേണ്ടി റഫറിയോട് വാശിയോടെ സംസാരിക്കുന്ന ക്രിസ്റ്റ്യാനോയുടെ ചിത്രം മനസ്സില്‍ നിന്ന് മായില്ല.

ക്രിസ്റ്റ്യാനോ റൊണാൾഡോ

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ക്രിസ്റ്റ്യാനോയുടെ സഹതാരമായിരുന്നു പോള്‍ സ്‌കോള്‍സ്. കഴിഞ്ഞ കളിയില്‍ ക്രിസ്റ്റ്യാനോ നിറം മങ്ങിയപ്പോള്‍ സ്‌കോള്‍സ് തുറന്നടിച്ചിരുന്നു-

”41 വയസ്സുള്ള ഒരാള്‍ക്ക് ഒരേയൊരു പൊസിഷന് മാത്രമേ അര്‍ഹതയുള്ളൂ. അത് ഗോള്‍ കീപ്പറുടെ സ്ഥാനമാണ്…”

ഇപ്പോള്‍ ക്രിസ്റ്റ്യാനോ നിശബ്ദമായി പറയുകയാണ്-

”എനിക്ക് മുന്നില്‍ നിന്നാണ് ശീലം. പട നയിക്കുന്നതാണ് എന്റെ പതിവ്. ഗോള്‍ അടിക്കുന്നതാണ് എന്റെ വിനോദം. ഗോള്‍ കീപ്പറാവാന്‍ വേറെ ആളിനെ നോക്കിയാല്‍ മതി. ഇത് ക്രിസ്റ്റ്യാനോയാണ്…”

 

Content Highlight: Sandeep Das writes about Cristiano Ronaldo great comeback in 2026 World Cup

 

സന്ദീപ് ദാസ്
എഴുത്തുകാരന്‍