അയാളുടെ പക്കല്‍ എല്ലാ ശേഷികളുമുണ്ട്; പൂര്‍ണതയുടെ തൊട്ടടുത്ത് നിലകൊള്ളുന്ന പ്രതിഭാസം! സൂര്യയുടെ ഇന്നിങ്‌സ് എല്ലാക്കാലവും അനശ്വരമായി നിലനില്‍ക്കും
Sports News
അയാളുടെ പക്കല്‍ എല്ലാ ശേഷികളുമുണ്ട്; പൂര്‍ണതയുടെ തൊട്ടടുത്ത് നിലകൊള്ളുന്ന പ്രതിഭാസം! സൂര്യയുടെ ഇന്നിങ്‌സ് എല്ലാക്കാലവും അനശ്വരമായി നിലനില്‍ക്കും
സന്ദീപ് ദാസ്
Sunday, 30th October 2022, 7:27 pm

സൂര്യകുമാര്‍ യാദവ് ഔട്ടായപ്പോള്‍ ഹര്‍ഷ ഭോഗ്ലെ പറഞ്ഞ ഒരു വാചകമുണ്ട്-സൂര്യയുടെ ഇന്നിങ്‌സ് എടുത്തുമാറ്റിയതിന് ശേഷം സ്‌കോര്‍കാര്‍ഡ് പരിശോധിച്ചുനോക്കൂ! നമുക്ക് ഭയമാകും!
സാങ്കേതിക മികവുള്ള ബാറ്റര്‍മാര്‍ ഒരുപാടുണ്ട്. അവര്‍ക്ക് 170 എന്ന പ്രഹരശേഷിയില്‍ ലോങ്ങ് ഇന്നിങ്‌സ് കളിക്കാന്‍ ബുദ്ധിമുട്ടുണ്ടാവും.

ബിഗ് ഹിറ്റര്‍മാര്‍ അരങ്ങുവാഴുന്ന കാലമാണിത്. അത്തരക്കാര്‍ പെര്‍ത്തിലേതുപോലുള്ള പിച്ചില്‍ അതിജീവിക്കില്ല.
ടെക്‌നിക്കും പ്രഹരശേഷിയും കൈവശമുള്ള കളിക്കാര്‍ അപൂര്‍വമാണ്. അതുകൊണ്ടും പൂര്‍ണത അവകാശപ്പെടാനാവില്ല.

സമ്മര്‍ദത്തെ മറികടക്കാനുള്ള ശേഷി അവര്‍ക്കുണ്ടോ എന്ന ചോദ്യം അവശേഷിക്കും.
ഇവര്‍ക്കെല്ലാം ഇടയില്‍ സൂര്യകുമാര്‍ യാദവുണ്ട്. അയാളുടെ പക്കല്‍ എല്ലാ ശേഷികളുമുണ്ട്. പൂര്‍ണതയുടെ തൊട്ടടുത്ത് നിലകൊള്ളുന്ന പ്രതിഭാസം!

കളിയുടെ റിസള്‍ട്ട് എന്തായാലും സൂര്യയുടെ ഇന്നിങ്‌സ് എല്ലാക്കാലവും അനശ്വരമായി നിലനില്‍ക്കും. പേസര്‍മാരുടെ സ്വര്‍ഗത്തിലെ അതിസമ്മര്‍ദ സാഹചര്യത്തില്‍ 170 എന്ന സ്‌ട്രൈക്ക് റേറ്റില്‍ ഫിഫ്റ്റി! പറയാന്‍ വാക്കുകളില്ല….!

സന്ദീപ് ദാസ്
എഴുത്തുകാരന്‍