ആര്‍.എസ്.എസിനെതിരെ ഉപരോധം ഏര്‍പ്പെടുത്തണം; ട്രംപിനോട് യു.എസ് റിലീജിയസ് ഫ്രീഡം പാനല്‍
India
ആര്‍.എസ്.എസിനെതിരെ ഉപരോധം ഏര്‍പ്പെടുത്തണം; ട്രംപിനോട് യു.എസ് റിലീജിയസ് ഫ്രീഡം പാനല്‍
രാഗേന്ദു. പി.ആര്‍
Sunday, 15th March 2026, 3:55 pm

വാഷിങ്ടണ്‍: ആര്‍.എസ്.എസിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് യു.എസ് റിലീജിയസ് ഫ്രീഡം പാനല്‍. 2026ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് യു.എസ് പാനല്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ത്യയിലെ മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ തടയാനും സഹിഷ്ണുതയ്ക്കുമായി ആര്‍.എസ്.എസിനെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്നാണ് പാനലിന്റെ ശുപാര്‍ശ. ട്രംപ് സര്‍ക്കാര്‍ ഈ ശുപാര്‍ശ നടപ്പിലാക്കുകയാണെങ്കില്‍ ആസ്തികള്‍ മരവിപ്പിക്കുക, യു.എസിലേക്കുള്ള പ്രവേശനം തടയുക തുടങ്ങിയ നടപടികളായിരിക്കും ആര്‍.എസ്.എസ് നേരിടേണ്ടി വരിക.

2025 നവംബറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍, ബി.ജെ.പിയും ആര്‍.എസ്.എസും തമ്മിലുള്ള ബന്ധം ഇന്ത്യയില്‍ ഒട്ടനവധി വിവേചനപരമായ നിയമങ്ങള്‍ സൃഷ്ടിക്കുന്നതിനും നടപ്പിലാക്കുന്നതിനും കാരണമാകുന്നുണ്ടെന്ന് യു.എസ് പാനല്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഗോവധം, പൗരത്വം, മതപരിവര്‍ത്തനം എന്നീ വിഷയങ്ങള്‍ ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ട്. അതേസമയം ഈ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ ഇന്ത്യയെ ‘പ്രത്യേക ആശങ്കയുള്ള രാജ്യം’ ആയി പ്രഖ്യാപിക്കണമെന്നാണ് യു.എസ് പാനല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ട്രംപ് സര്‍ക്കാര്‍ ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തിന്റെ അതിരുകടന്ന ലംഘനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും യു.എസ് പാനല്‍ സംശയം പ്രകടിപ്പിച്ചു.

ഇന്ത്യ ഉള്‍പ്പെടെ 18 രാജ്യങ്ങളെ പ്രത്യേക ആശങ്കയുള്ള രാജ്യമായി പ്രഖ്യാപിക്കണമെന്നാണ് യു.എസ് പാനല്‍ പറയുന്നത്. അഫ്ഗാനിസ്ഥാന്‍, ചൈന, ഇറാന്‍, ലിബിയ, ഉത്തര കൊറിയ, പാകിസ്ഥാന്‍. റഷ്യ, സൗദി അറേബ്യ തുടങ്ങിയവയാണ് മറ്റു രാജ്യങ്ങള്‍.

2025ന് ശേഷം ഇന്ത്യയിലെ സാഹചര്യങ്ങള്‍ വളരെ മോശമായി കൊണ്ടിരിക്കുകയാണ്. നിയമവിരുദ്ധമായ തടങ്കല്‍വെക്കലും മതന്യൂനപക്ഷങ്ങള്‍ക്ക് എതിരായ അക്രമങ്ങളും വര്‍ധിച്ചു. ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നവരെ തടവിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

ഷര്‍ജീല്‍ ഇമാം, ഉമര്‍ ഖാലിദ് എന്നിവരുടെ ജയില്‍വാസം പരാമര്‍ശിച്ചുകൊണ്ടാണ് യു.എസ് പാനലിന്റെ വിമര്‍ശനം. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ആള്‍ക്കൂട്ട കൊലപാതകങ്ങളെ കുറിച്ചും യു.എസ് പാനല്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

അന്താരാഷ്ട്രതലത്തില്‍ മതസ്വാതന്ത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും വൈറ്റ് ഹൗസിന് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന സ്വതന്ത്ര അമേരിക്കന്‍ സര്‍ക്കാര്‍ ഏജന്‍സിയാണ് യു.എസ് റിലീജിയസ് ഫ്രീഡം പാനല്‍. എന്നാല്‍ സംഘടനയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ യു.എസ് സര്‍ക്കാരിനെ നിയമം നിര്‍ബന്ധിക്കുന്നില്ല.

യു.എസ് പാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പ്രതികരിക്കാന്‍ ഇന്ത്യ ഇതുവരെ തയ്യാറായിട്ടില്ല. 2025ലെ റിപ്പോര്‍ട്ടില്‍ പ്രതികരിച്ച വിദേശകാര്യ മന്ത്രാലയം, യു.എസ് പാനല്‍ പക്ഷപാതവും രാഷ്ട്രീയ പ്രേരിതവുമായ നിരീക്ഷണങ്ങളാണ് നടത്തുന്നതെന്ന് ആരോപിച്ചിരുന്നു.

Content Highlight: Sanctions should be imposed on RSS; US Religious Freedom Panel tells Trump

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.