റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ മാര്‍ച്ച് നടത്താനൊരുങ്ങി സംയുക്ത കിസാന്‍ മോര്‍ച്ച
national news
റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ മാര്‍ച്ച് നടത്താനൊരുങ്ങി സംയുക്ത കിസാന്‍ മോര്‍ച്ച
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th January 2025, 4:41 pm

ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ രാജ്യവ്യാപകമായി ട്രാക്ടര്‍ മാര്‍ച്ചിന് ആഹ്വാനം ചെയ്ത് സംയുക്ത കിസാന്‍ മോര്‍ച്ച. കര്‍ഷകരുടെ ആവശ്യങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ഷകരുമായി ചര്‍ച്ച നടത്തണമെന്നും കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു.

76ാമത് റിപ്പബ്ലിക് ദിനമായ ജനുവരി 26ന് രാജ്യത്തുടനീളം ജില്ലാ സബ്ഡിവിഷന്‍ തലങ്ങളില്‍ ട്രാക്ടര്‍/മോട്ടോര്‍വാഹന/ സൈക്കിള്‍ പരേഡുകള്‍ നടത്താന്‍ തീരുമാനിച്ചുവെന്നും പുറത്തിറക്കിയ പ്രസ്താവനയില്‍ സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു.

ഡ്രാഫ്റ്റ് നാഷണല്‍ പോളിസി ഫ്രേംവര്‍ക്ക് ഓണ്‍ അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിങ് (എന്‍.പി.എഫ്.എ.എം) കരട് രേഖ റദ്ദാക്കണമെന്നടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് സംയുക്ത സമരത്തിനായി സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും യോഗം ചേരുമെന്നും പ്രസ്താവനയില്‍ പറയുന്നു.

സമരം ചെയ്യുന്ന കര്‍ഷകരുമായും എല്ലാ കര്‍ഷക സംഘടനകളുമായും പ്രധാനമന്ത്രി ഉടന്‍ ചര്‍ച്ച നടത്തണമെന്നും കര്‍ഷക നേതാവ് ജഗ്ജിത് ദല്ലേവാളിന്റെ ജീവന്‍ രക്ഷിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.

കര്‍ഷകവിരുദ്ധവും ഫെഡറല്‍ വിരുദ്ധവുമായ എന്‍.പി.എഫ്.എ.എം കരട് രേഖ ഉടന്‍ പിന്‍വലിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. എന്‍.പി.എഫ്.എ.എമ്മിന്റെ പകര്‍പ്പ് രേഖ കത്തിച്ച് പ്രതിഷേധിക്കുമെന്നാണ് കിസാന്‍ മസ്ദൂര്‍ മോര്‍ച്ച ആഹ്വാനം ചെയ്തിരിക്കുന്നത്.

കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കുമുള്ള സമഗ്ര വായ്പ പദ്ധതി എഴുതിത്തള്ളണമെന്നും വൈദ്യുതി സ്വകാര്യവത്ക്കരണം, സ്മാര്‍ട്ട് മീറ്ററുകള്‍, 300 യൂണിറ്റ് വരെ സൗജന്യമായി വൈദ്യുതി നല്‍കല്‍ തുടങ്ങിയ ആവശ്യങ്ങളും കര്‍ഷകര്‍ ഉന്നയിക്കുന്നുണ്ട്.

ജഗ്ജിത് സിങ് ദല്ലേവാളിന്റെ ആരോഗ്യനില വഷളാവുന്ന സാഹചര്യത്തില്‍ പോലും കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്താന്‍ തയ്യാറാവാത്ത പ്രധാനമന്ത്രിയുടെ സ്വേച്ഛാധിപത്യപരവും വിവേകശൂന്യപരവുമായ മനോഭാവത്തെ ശക്തമായി അപലപിക്കുന്നുവെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു.

48 ദിവസമായി അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിന്റെ ആരോഗ്യനില സംബന്ധിച്ച് ആശങ്കകള്‍ ഉയരുന്നതിനിടെയാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആഹ്വാനം. വിളകള്‍ക്ക് മിനിമം താങ്ങുവില, നിയമപരമായ ഗ്യാരണ്ടി നല്‍കണമെന്നതുള്‍പ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ദല്ലേവാള്‍ അടക്കമുള്ള കര്‍ഷകര്‍ സമരം ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 26 മുതലാണ് പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള അതിര്‍ത്തിയായ ഖനൗരിയില്‍ രണ്ടാംഘട്ട കര്‍ഷകസമരം ആരംഭിച്ചത്.

Content Highlight: Samyukta Kisan Morcha to hold tractor march on Republic Day