രാമായണമാസം ആചരിക്കുകയല്ല ലക്ഷ്യം, പിന്നില്‍ സി.പി.ഐ.എമ്മുമല്ല: സംസ്‌കൃതസംഘം പ്രതിനിധി തിലകരാജ് സംസാരിക്കുന്നു
Focus on Politics
രാമായണമാസം ആചരിക്കുകയല്ല ലക്ഷ്യം, പിന്നില്‍ സി.പി.ഐ.എമ്മുമല്ല: സംസ്‌കൃതസംഘം പ്രതിനിധി തിലകരാജ് സംസാരിക്കുന്നു
ന്യൂസ് ഡെസ്‌ക്
Thursday, 19th July 2018, 10:10 am

സി.പി.ഐ.എം രാമായണ മാസം ആചരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത ഇപ്പോള്‍ ചര്‍ച്ചാവിഷയമായിക്കൊണ്ടിരിക്കുകയാണ്. സംസ്‌കൃത പണ്ഡിതന്‍മാരും  ചേര്‍ന്ന് രൂപീകരിച്ച സംസ്‌കൃത സംഘമെന്ന സംഘടന രാമായണ ചിന്തകള്‍ പ്രചരിപ്പിക്കുന്ന സെമിനാറുകള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ്.

 

എന്നാല്‍ സി.പി.ഐ.എമ്മിന്‍റെ യാതൊരു പിന്തുണയോടും കൂടിയല്ല സംസ്‌കൃത സംഘത്തിന്റെ പ്രവര്‍ത്തനമെന്നും രാമായണ മാസം ആചരിക്കാന്‍ ഇടതുപക്ഷത്തിന്റെ ഭാഗത്ത് നിന്ന് യാതൊരു നീക്കമില്ലെന്നും പാര്‍ട്ടിവൃത്തങ്ങള്‍ പറഞ്ഞിരുന്നു.


ALSO READ: പൊതുവിദ്യാലയങ്ങളിലെ പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്നത് ഗുണനിലവാരം കുറഞ്ഞരീതിയില്‍; സ്വകാര്യ ലോബിയെ സഹായിക്കാനെന്ന് ആരോപണം ശക്തം


ഇതേ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സംസ്‌കൃത സംഘവും. തങ്ങളുടെ ലക്ഷ്യം സവര്‍ണ്ണവത്കരിക്കപ്പെടുന്ന സംസ്‌കൃതഭാഷയെ തിരികെ കൊണ്ടുവരിയെന്നതാണെന്നും, വര്‍ഗ്ഗീയ രാഷട്രീയ കക്ഷികള്‍ വളച്ചൊടിക്കുന്ന പുരാണങ്ങളും ഇതിഹാസങ്ങളും അതിന്റെ യഥാര്‍ഥ അര്‍ത്ഥം ബാക്കിയുള്ളവരില്‍ എത്തിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കാനാണ് സംസ്‌കൃത സംഘത്തിന്റെ ലക്ഷ്യമെന്നാണ് സംഘടന നേതാക്കള്‍ പറഞ്ഞത്.

Image result for സംസ്കൃതസംഘം

കേരളത്തില്‍ രാമായണ മാസം ആചരിക്കാനല്ല തങ്ങള്‍ ശ്രമിക്കുന്നതെന്നും രാമായണ ചിന്തകള്‍ എന്ന പേരില്‍ സംവാദ ശൃംഖലകള്‍ സംഘടിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും സംസ്‌കൃതസംഘം കണ്‍വീനറും അധ്യാപകനുമായ തിലകരാജ് ഡൂള്‍ന്യൂസിനോട് പറഞ്ഞു. ഈ വിവാദങ്ങളില്‍ സംസ്‌കൃത സംഘത്തിന്റെ നിലപാട് വ്യക്തമാക്കി തിലകരാജ് ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍.

രാമായണമാസം ആചരിക്കാനായി സംസ്‌കൃതസംഘമെന്ന പ്രസ്ഥാനം രൂപീകരിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നു. ശരിക്കും എന്താണ് സംസ്‌കൃത സഭ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്?

ഞങ്ങളുടെ ലക്ഷ്യം എന്തെന്നാല്‍ സംസ്‌കൃതഭാഷയെ ഉപയോഗിച്ചുകൊണ്ട് ചിലര്‍ ഇതിഹാസങ്ങളെയും പുരാണങ്ങളെയും മറ്റ് സംസ്‌കൃത കൃതികളെയും ജനങ്ങള്‍ക്ക്, അതായത് സംസ്‌കൃതം അറിയാത്തവര്‍ക്ക് തെറ്റായി വ്യാഖ്യാനിച്ച് കൊടുക്കുന്നു. ഒരു സംഘം ആള്‍ക്കാര്‍ അവരുടെ രാഷ്ട്രീയ ലാഭത്തിനായിട്ടാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിന്റെ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് സംസ്‌കൃത അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ചരിത്ര ഗവേഷകരുടെയും ഒരു കൂട്ടായ്മ രൂപീകരിച്ചത്.


ALSO READ: ഇനിയും പെണ്‍കുട്ടികളുണ്ട്, അവരുടെ തൊഴിലിടങ്ങള്‍ സുരക്ഷിതമാക്കണം


സി.പി.ഐ.എമ്മിന്റെ പിന്തുണയോടെയാണ് സംസ്‌കൃത സഭ രൂപീകരിക്കപ്പെട്ടത് എന്ന പ്രസ്താവനയോടുള്ള സംസ്‌കൃത സംഘത്തിന്റെ നിലപാട് എന്താണ്?

ഇപ്പോള്‍ രൂപീകരിച്ച സംസ്‌കൃത സംഘമെന്ന സംഘടനയ്ക്ക് ഒരു രാഷ്ട്രീയപാര്‍ട്ടികളുമായി യാതൊരു ബന്ധവുമില്ല. നിലവിലെ ചര്‍ച്ചകളനുസരിച്ച് ഇടതുപക്ഷപ്രസ്ഥാനവുമായി സംസ്‌കൃതസംഘത്തിന് ബന്ധമുണ്ട് എന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. ഞങ്ങളുടെ സംഘടനയ്ക്ക് ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി യാതൊരു ബന്ധവുമില്ല. ഒരു മതനിരപേക്ഷ സ്വഭാവമാണ് സംസ്‌കൃത സംഘത്തിനുള്ളത്.

Image result for സംസ്കൃതസംഘം

സംസ്‌കൃത ഭാഷ ഒരു മതനിരപേക്ഷ ഭാഷയാണ്. അതില്‍ അമൂല്യമായ സാഹിത്യങ്ങളും ഇതിഹാസങ്ങളും ഉണ്ട്. അതെല്ലാം ചില സംഘടനകള്‍ തെറ്റായി വ്യാഖ്യാനിക്കുന്നു. ഈ തെറ്റായ വ്യാഖ്യാനങ്ങളില്‍ നമ്മുടെ ജനങ്ങള്‍ വഞ്ചിതരാകാതിരിക്കാന്‍ വേണ്ടിയാണ് സംസ്‌കൃത പണ്ഡിതന്‍മാരുടെ ഈ കൂട്ടായ്മ രൂപീകരിക്കുന്നതിന്റെ ഉദ്ദേശ്യം.ചരിത്രം അറിയാവുന്നവര്‍, ചരിത്രത്തെ പറ്റി ഗവേഷണം നടത്തിയവര്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ടവര്‍ ചേര്‍ന്ന് തെറ്റായ പ്രചരണം നടത്തുന്നവര്‍ക്കതിരെ മറുപടി നല്‍കുകയെന്നതാണ് സംസ്‌കൃത സംഘത്തിന്റെ ഉദ്ദേശ്യം.


ALSO READ:പട്ടയം ലഭിച്ച ഭൂമിയില്‍ ദുരിതജീവിതവുമായി ആദിവാസികള്‍


വരുന്ന ജൂലൈ പതിനഞ്ചു മുതല്‍ ആഗസ്റ്റ് പതിനഞ്ചുവരെയുള്ള കാലയളവില്‍ രാമായണ ചിന്തകള്‍ എന്നവിഷയത്തെ ആസ്പദമാക്കി ഒരു സെമിനാറാണ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഈ ഉദ്യമത്തെ പേടികൊണ്ട് മറ്റ് ചിലര്‍ മറ്റ് പല വ്യാഖ്യാനങ്ങള്‍ കൊടുത്തത്. ഈ സംഘടന സി.പി.ഐ.എമ്മിന്റെ ഭാഗമാണെന്ന് പറയുന്നു. സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ രാമായണമാസം ആചരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പരക്കുന്നു.

സംസ്‌കൃത സംഘം രാമായണ മാസം ആചരിക്കുകയല്ല ചെയ്യാനുദ്ദേശിക്കുന്നത്. ഈ വിഷയത്തെക്കുറിച്ച് സെമിനാര്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. രാമായണ ചിന്തകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ നടത്താനാണ് സംസ്‌കൃത സംഘം പദ്ധതിയിടുന്നത്. ഇതൊരു മതവിശ്വാസത്തിന് എതിരല്ല ഈശ്വര വിശ്വാസത്തിന് എതിരല്ല. പിന്നെന്തിനാണ് ചിലര്‍ പേടിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.

സംസ്‌കൃത സംഘം രാമായണ മാസം ആചരിക്കുന്നുവെന്ന വാര്‍ത്തകള്‍ തെറ്റാണ്. ഞങ്ങള്‍ രാമായണ ചിന്തകള്‍ എന്ന വിഷയത്തെക്കുറിച്ച് സെമിനാറുകള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. ജൂലൈ 15 നും ആഗസ്റ്റിനും ഇടയില്‍ നടത്തുന്ന പതിനാലോളം സെമിനാറുകളാണ് സംസ്‌കൃത സംഘത്തിന്റെ അജണ്ടയിലുള്ളത്. കേരളത്തിലെ പതിനാല് ജില്ലകളിലും നടത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. കേരളത്തിലെ എല്ലാ ജില്ലകളിലും ഇത് നടക്കുമെന്ന പ്രതീക്ഷയില്ല. എന്തായാലും എല്ലാ ജില്ലകളിലും നടത്തും.

ആര്‍.എസ്.എസിന്റെ ഹിന്ദുസവര്‍ണ്ണബോധം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളെ ചെറുക്കാനുള്ള വഴിയാണ് രാമായണ ചിന്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് സംസ്‌കൃത സംഘം അവകാശപ്പെടുന്നുണ്ടല്ലോ. എങ്ങനെ കാണുന്നു ഈ പരാമര്‍ശത്തെ?

ആര്‍.എസ്.എസിനെ പ്രതിരോധിക്കാനായി രൂപീകരിച്ച മതനിരപേക്ഷകരുടെ സംഘമാണ് സംസ്‌കൃത സംഘമെന്ന ശ്രുതി നിരവധിയാണ്. അങ്ങനെ ആര്‍എസ്എസിനെ പ്രതിരോധിക്കാനല്ല രാമായണ ചിന്തകള്‍ എന്ന വിഷയം തെരഞ്ഞെടുത്തത്. ഒരു സംഘടനയേയും പ്രതിരോധിക്കാനല്ല. നമ്മുടെ സമൂഹത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന രാമായണ കഥകള്‍ പലവിധത്തിലാണ്. വാല്മീകി രാമായണത്തില്‍ രാമന്‍ വെറും രാമനാണ് . പിന്നീടാണ് ശ്രീരാമന്‍ എന്ന രീതിയില്‍ മാറ്റം വരുന്നത്. അതിനാല്‍ എന്താണ് ഇതിലെ വസ്തുതയെന്ന ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.


ALSO READ: എന്തുകൊണ്ട് സഭയിലെ പീഡനങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ കന്യാസ്ത്രീകള്‍ മടിക്കുന്നു?


ശ്രീരാമന്‍ എന്ന കഥാപാത്രത്തെ ഉപയോഗിച്ച് രാഷ്ട്രീയ-മത ലക്ഷ്യങ്ങള്‍ നേടുന്നവര്‍ക്കുള്ള മറുപടിയാണ് രാമായണ ചിന്തകള്‍ എന്ന സെമിനാറിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്നാണ് തിലക് രാജ് പറഞ്ഞത്.

മതത്തെ ഉപയോഗിക്കുന്നതിന്റ ഭാഗമായി ആര്‍.എസ്.എസ് കക്ഷികള്‍ ഗീത ക്ലാസ്സുകള്‍ നടത്തുന്നു. എന്നാല്‍ സംസ്‌കൃത സംഘത്തിന്റെ ഉദ്ദേശ്യം അതൊന്നുമല്ല. ജില്ലകളില്‍ ചില സംവാദങ്ങള്‍ സൃഷ്ടിക്കുക. ഇടതുപക്ഷ പ്രസ്ഥാനവുമായി സംസ്‌കൃത സംഘത്തിന് യാതൊരു ബന്ധവുമില്ല. എന്നാല്‍ ഇടതുപക്ഷ അനുഭാവികളാണ് സംസ്‌കൃതസഭയില്‍ കൂടുതലായും ഉള്ളത്. ഞാനൊരു ഇടതുപക്ഷ അനുഭാവിയാണ്. എന്നുവെച്ച് സി.പി.ഐ.എമ്മുമായി ഈ പ്രസ്ഥാനത്തിന് യാതൊരു ബന്ധവുമില്ല.

സംസ്‌കൃത സഭ നടത്തുന്ന രാമായണ ക്ലാസ്സുകളുടെ പ്രധാന ഉദ്ദേശ്യം എന്താണ്?

രാമായണ ചിന്തകളിലെ ഭൗതിക വാദത്തെപ്പറ്റിയാണ് സംസ്‌കൃതസംഘത്തിന്റെ ഇപ്പോള്‍ നടത്താനുദ്ദേശിക്കുന്ന സെമിനാറുകള്‍ മുന്നോട്ട് പോകുന്നത്. ഞങ്ങള്‍ തുടങ്ങിവെയ്ക്കുന്ന സെമിനാറുകളില്‍ ഈ ഭൗതിക വാദവും രാമായണം പോലുള്ള പുരാണങ്ങളും തമ്മിലുള്ള ബന്ധത്തെപ്പറ്റി സംവാദങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഞാനൊരു ഇടതുപക്ഷ അനുഭാവിയാണ്.


ALSO READ: പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദത്തെ പ്രതിരോധിക്കേണ്ടത് നിരോധനം കൊണ്ടല്ല; നിലപാട് വ്യക്തമാക്കി സി.പി.ഐ.എം


അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ നേതൃസ്ഥാനങ്ങള്‍ വരെ താന്‍ വഹിച്ചിട്ടുണ്ട്. ഞങ്ങള്‍ നടത്താന്‍ പോകുന്ന രാമായണ ചിന്തകള്‍ എന്ന വിഷയത്തിലെ സംവാദങ്ങളാണ് ഇപ്പോള്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്. അതില്‍ രാഷ്ട്രീയമില്ല തികച്ചും സംസ്‌കൃതഭാഷയുടെ ദുരുപയോഗം ചെയ്യുന്ന ശക്തികളെ എതിര്‍ത്തു തോല്‍പ്പിക്കുക എന്ന ലക്ഷ്യം മാത്രമേയുള്ളു.

വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള സംഘടനകള്‍ കര്‍ക്കിടക മാസത്തെ രാമായണമായി ആചരിച്ചു പോരുന്നു. ഈ അവസരത്തില്‍ തന്നെയാണ് സംസ്‌കൃതസംഘവും രാമായണ സെമിനാറുകളുമായി മുന്നോട്ട് എത്തുന്നത്. ഈ അവസരത്തില്‍ നിങ്ങള്‍ തെരഞ്ഞെടുത്ത സമയം ഹിന്ദുത്വ സംഘടകളോട് ഒത്തുപോകുന്ന അപകടകരമായരീതിയിലല്ലേ എന്നു തോന്നുന്നുണ്ടോ?

രാമായണത്തിന്റെ വിവിധ ദര്‍ശനങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. കര്‍ക്കിടക മാസത്തെ രാമായണമാസമാക്കി പരിവര്‍ത്തനം ചെയ്തത് ഒരു ഹിന്ദു മഹാസമ്മേളനത്തിന്റെയും സഭയുടെയും ഭാഗമായിട്ടാണ്.

ഇന്നത്തെ ഇന്ത്യന്‍ സാഹചര്യം വെച്ച് നോക്കിയാല്‍ ആ തീരുമാനത്തിന് വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരുന്നതായി കാണാന്‍ കഴിയും. എന്നാല്‍ സംസ്‌കൃത സംഘത്തിന്റെ നേതൃത്വത്തില്‍ ഞങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നത് വാല്മീകി രാമായണമാണ്. ഇന്ത്യയില്‍ തന്നെ 19 മഹര്‍ഷിമാര്‍ എഴുതിയ രാമായണങ്ങള്‍ ഉണ്ട്.

ഞങ്ങള്‍ ഈ രാമായണത്തെ വിശ്വാസികള്‍ക്ക് എതിരായല്ല അവരെ ഞങ്ങളോട് അടുപ്പിക്കാനായാണ് ഉപയോഗിക്കുന്നത്. രാമായണത്തെ തെറ്റായി ഉപയോഗിക്കുന്നതിനെതിരെയാണ് സംസ്‌കൃതസംഘം പ്രവര്‍ത്തിക്കുന്നത്.

അത്തരത്തില്‍ ഞങ്ങളുടെ അജണ്ട മുന്നോട്ട് പോകുന്നതിനാലാണല്ലോ ഇതിപ്പോള്‍ ചര്‍ച്ചയാകുന്നതും വിവാദങ്ങള്‍ സൃഷ്ടിക്കുന്നതും. ഞങ്ങളുടെ ഈ സംരംഭത്തെ അതായത് സംസ്‌കൃത സംഘമെന്ന പ്രസ്ഥാനത്തെ പേടിക്കുന്നവരാണ് ഈ വിഷയം ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്.

ഞങ്ങള്‍ യഥാര്‍ഥത്തില്‍ രാമായണം എന്താണ് പറഞ്ഞിരിക്കുന്നത് എന്ന കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പോകുകയാണ്. അതിന് ഈ മാസം തന്നെ തെരഞ്ഞെടുക്കാനുള്ള കാരണം രാമായണം തെറ്റായി വ്യാഖ്യാനിച്ചവര്‍ക്കുള്ള മറുപടിയാകുമെന്ന ധാരണയുടെ പുറത്താണ്.

രാമായണത്തിലെ നന്മ എന്നതാണ്     സംസ്‌കൃത സംഘത്തിന്റെ മുഖ്യ പ്രചരണ ലക്ഷ്യമായി പറയുന്നത്. ശരിക്കും അത്തരമൊരര്‍ത്ഥത്തില്‍ സമകാലിക സാഹചര്യത്തില്‍ എന്ത് നന്മയാണ് രാമായണത്തിന് അവകാശപ്പെടാനുള്ളത്.?

രാമായണം എന്ന ഗ്രന്ഥത്തെ ഉപയോഗിച്ച് ധാരാളം കലാപങ്ങളും, സാമൂദായിക സംഘര്‍ഷങ്ങളും ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ട്. ആ കലാപമാണ് രാമായണത്തെ ഉപയോഗിച്ച് സംഭവിച്ച തിന്മ. അതല്ല രാമായണത്തിലെ പ്രസക്തഭാഗം. അതെന്തെന്ന് അറിയിക്കാനാണ്, അതായത് നന്‍മയുടെ ആ വശം എന്താണെന്ന് അറിയിക്കാനാണ് സംസ്‌കൃസംഘം ഉദ്ദേശിക്കുന്നത്. കലാപമുണ്ടാക്കുന്നതല്ല രാമായണം. കലാപത്തിന് എതിരാണ് രാമായണം എന്ന് ബോധ്യപ്പെടുത്താനാണ് സംസ്‌കൃത സംഘം ലക്ഷ്യം വെയ്ക്കുന്നത്.

വാല്മീകി രാമായണത്തില്‍ പറയുന്നത് ഇച്ഛാകു വംശത്തില്‍ രാമന്‍ എന്നൊരു രാജാവ് ജനിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. രാമായണം ഒരു മതഗ്രന്ഥമല്ല. ഏഷ്യന്‍ ക്ലാസ്സിക്കുകളിലൊന്നാണ് രാമായണം. ഏറ്റവും ബൃഹത്തായ കൃതിയാണ് രാമായണം. എന്റെ അഭിപ്രായത്തില്‍ ലോക ക്ലാസ്സിക്കുകളില്‍ തന്നെ ഏറ്റവും വലിയ കൃതിയാണ് രാമായണം. അത് മതഗ്രന്ഥമാക്കി പരിവര്‍ത്തനം ചെയ്തതിനുശേഷമാണ് അതിലെ തിന്മ ഉപയോഗിക്കുന്നത്. ലോക ക്ലാസിക്കുകളില്‍ തന്നെ ബൃഹത്തായ കൃതികളായ മഹാഭാരതവും രാമായണവും ചര്‍ച്ചയ്ക്ക് വിധേയമാക്കി സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താനാണ് സംസ്‌കൃതസംഘം ശ്രമിക്കുന്നത്.

 സംസ്‌കൃതസംഘം ഇടതുപക്ഷത്തിന്റെ കൂട്ടായ സംഘടനയാണോ എന്ന ചോദ്യം വളരെയധികം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇടതുപക്ഷ അനുഭാവികളാണ് ഈ സംഘടനയുടെ പ്രധാന വക്താക്കള്‍. സംഘപരിവാര്‍ ശക്തികള്‍ക്ക് പിന്തുണയേകുന്ന രീതിയില്‍ ഇടതുപക്ഷ അനുഭാവികള്‍ തന്നെ കൂട്ടു നില്‍ക്കുന്നവെന്ന വിമര്‍ശനത്തെ എങ്ങനെ കാണുന്നു?

ഞാനടക്കമുള്ള വ്യക്തികള്‍ ഇടതുപക്ഷാനുഭാവികള്‍ തന്നെയാണ് സംസ്‌കൃതസംഘത്തിന്റെ നേതൃത്വത്തിലുള്ള രാമായണ സെമിനാറുകള്‍ സംഘടിപ്പിക്കുന്നതില്‍ മുന്നിട്ട് നില്‍ക്കുന്നത്. എന്നിരുന്നാലും മതേതരവിശ്വാസികളായിട്ടുള്ള മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഞങ്ങളുടെ ഈ സംരംഭത്തിന് പിന്തുണയര്‍പ്പിച്ച് രംഗത്തെത്തിയിട്ടിട്ടുണ്ട്. രാമായണത്തിലെ നന്മയെന്തെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സംസ്‌കൃത സംഘം എടുത്ത നിലപാടിനെ അവരും സ്വാഗതം ചെയ്യുന്നുണ്ട്.

ഹിന്ദുത്വതീവ്രവാദികളെ സഹായിക്കാന്‍ വേണ്ടിയല്ലേ നിങ്ങളും രാമായണ മാസാചരണം ഈ മാസം തന്നെതെരഞ്ഞെടുക്കുന്നതെന്നല്ലെ താങ്കളുടെ മുമ്പേയുള്ള ചോദ്യങ്ങളുടെ ധ്വനി. എന്നാല്‍ അത് വെറും തെറ്റായ ധാരണയാണ്. ഇതിന്റെ യഥാര്‍ഥ വശം രാമനെ ഉപയോഗിച്ച് തെറ്റായ ആശയങ്ങള്‍ പ്രചരിപ്പിച്ച് അതാണ് ശരിയെന്ന സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുന്ന രീതിക്കെതിരെയാണ് ഞങ്ങള്‍ നിലകൊള്ളുന്നത്.

ഇതില്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം സംസ്‌കൃത സംഘം മുന്നോട്ട് വെയ്ക്കുന്നത് വാല്മീകി രാമായണത്തെയാണ്. ആര്‍.എസ്.എസുകാര്‍ ഒരിക്കലും വാല്മീകി രാമായണത്തെ പ്രചരണത്തിനായി ഉപയോഗിക്കില്ല. മതഗ്രന്ഥമായി തെറ്റായ രീതിയില്‍ ഉപയോഗപ്പെടുത്താനാണ് ഹിന്ദുത്വ സംഘടനകള്‍ശ്രമിക്കുന്നത്.

ഹിന്ദുമത ചിഹ്നങ്ങളും സംസ്‌കൃതഭാഷയും രാഷ്ട്രീയവല്‍ക്കരിക്കാന്‍ നടത്തുന്ന സംഘപരിവാര്‍ ശ്രമങ്ങള്‍ക്ക് ഒരു മറുപടി നല്‍കാനാണ് സംസ്‌കൃതസംഘം രൂപികരിച്ചതെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ ആര്‍.എസ്.എസിന്റെ മതത്തിന്റെ പേരിലുള്ള ഈ നീക്കങ്ങള്‍ക്ക് പരിഹാരം മതേതര ആശയങ്ങളുടെ പ്രചരണമാണെന്ന വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ സംസ്‌കൃതമെന്ന ഭാഷയെ മുന്‍നിര്‍ത്തിയാണ് തങ്ങള്‍ ഈ ദൗത്യം ഏറ്റെടുത്തതെന്നാണ് തിലകരാജ് അടക്കമുള്ള സംസ്‌കൃതസംഘം നേതാക്കളുടെ വാദം.