പുകവലി പോലെ മോശം; സമൂസയും ജിലേബിയും ദോഷമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
India
പുകവലി പോലെ മോശം; സമൂസയും ജിലേബിയും ദോഷമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 14th July 2025, 1:14 pm

ന്യൂദൽഹി: സമൂസയും ജിലേബിയും പുകവലി പോലെ തന്നെ മോശമാണെന്നും ആരോഗ്യത്തിന് ഹാനികരമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം. വർധിച്ചുവരുന്ന പൊണ്ണത്തടിയെ ചെറുക്കുന്നതിനായി സമൂസ, ജിലേബി തുടങ്ങിയ എണ്ണയിൽ പൊരിച്ചെടുക്കുന്ന ലഘുഭക്ഷണങ്ങൾക്ക് സിഗരറ്റ് പാക്കറ്റുകളിലുള്ളതിന് സമാനമായ ആരോഗ്യ മുന്നറിയിപ്പുകൾ നൽകാൻ ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു.

കേന്ദ്ര ആരോഗ്യ സ്ഥാപനങ്ങൾ, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വകുപ്പുകള്‍ എന്നിവയുടെ കാന്റീനുകള്‍, കഫ്റ്റീരിയകള്‍ എന്നിവിടങ്ങളിലാണ് ലഘുഭക്ഷണങ്ങളിലെ എണ്ണയും കൊഴുപ്പും പഞ്ചസാരയും സംബന്ധിച്ച് ആരോഗ്യ മുന്നറിയിപ്പുകൾ നൽകാൻ നിർദേശമുള്ളത്. ലഡു, വട പാവ്, പക്കോഡ എന്നിവയെല്ലാം സൂക്ഷ്മപരിശോധനയിലാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ജനപ്രിയ ഭക്ഷണങ്ങളിലെ കൊഴുപ്പിന്റെയും പഞ്ചസാരയുടെയും അളവിനെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന പോസ്റ്ററുകൾ സിഗരറ്റുകളെക്കുറിച്ചുള്ള ആരോഗ്യ മുന്നറിയിപ്പ് പോലെ ഫലപ്രദമായി പ്രവർത്തിക്കുമെന്നും ആരോഗ്യ വകുപ്പ് പറഞ്ഞു.

ഇന്ത്യയിൽ ജീവിതശൈലി രോഗങ്ങളെക്കുറിച്ചുള്ള ആശങ്ക വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. പൊണ്ണത്തടി, പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം എന്നിവയ്ക്ക് പഞ്ചസാരയും ഫാറ്റും പ്രധാന കാരണങ്ങളാണെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

തങ്ങൾ എന്താണ് കഴിക്കുന്നതെന്ന് അറിയാന്‍ ആളുകള്‍ അര്‍ഹരാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 2050 ആകുമ്പോഴേക്കും രാജ്യത്തെ 44.9 കോടിയിലധികം പേര്‍ അമിതഭാരമുള്ളവരാകുമെന്നാണ് കണക്കുകള്‍. നഗരപ്രദേശങ്ങളിലെ മുതിര്‍ന്നവരില്‍ അഞ്ചില്‍ ഒരാള്‍ക്ക് അമിതഭാരമുണ്ടെന്നും കണക്കുകള്‍ പറയുന്നു. കുട്ടികളുടെ തെറ്റായ ഭക്ഷണക്രമവും വ്യായാമമില്ലായ്മയും മൂലം പൊണ്ണത്തടി വര്‍ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

സിഗരറ്റ് മുന്നറിയിപ്പുകള്‍ പോലെ ഭക്ഷണ ലേബലിങ്ങും ഗൗരവമുള്ളതായി മാറുന്നതിന്റെ തുടക്കമാണിതെന്ന് കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ നാഗ്പൂര്‍ ചാപ്റ്റര്‍ പ്രസിഡന്റ് അമര്‍ അമാലെ പറഞ്ഞു.

ഇവ ഭക്ഷണത്തിന് മേൽ കൊണ്ടുവരുന്ന നിയന്ത്രങ്ങൾ അല്ലെന്നും മുന്നറിയിപ്പ് മാത്രമാണെന്നും മുതിർന്ന പ്രമേഹ വിദഗ്ധൻ സുനിൽ ഗുപ്ത പറഞ്ഞു. ‘ഒരു ഗുലാബ് ജാമിൽ അഞ്ച് ടീസ്പൂൺ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് ആളുകൾക്ക് അറിയാമെങ്കിൽ, അവർ കഴിക്കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിച്ചേക്കാം,’ അദ്ദേഹം പറഞ്ഞു.

 

Content Highlight: Samosas, jalebis join cigarettes on health alert list, to carry warnings soon: Report