ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ സംവിധാനം ചെയ്ത വെബ് സീരീസ് ബാ***ഡ്‌സ് ഓഫ് ബോളിവുഡാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ബോളിവുഡ് ബാദ്ഷായുടെ മകന്റെ ഇന്‍ഡസ്ട്രിയിലേക്കുള്ള വരവ് വെറുതെയല്ലെന്ന് അടിവരയിടുന്നതാണ് സീരീസെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ബോളിവുഡിലെ പടലപിണക്കങ്ങളും നെപ്പോട്ടിസവുമെല്ലാം സ്പൂഫ് രൂപത്തില്‍ അവതരിപ്പിച്ച സീരീസില്‍ വിവാദത്തിനിടയാക്കുന്ന പല രംഗങ്ങളുമുണ്ട്. ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത നര്‍ക്കോടിക്‌സ് കേസും സീരീസില്‍ പ്രതിപാദിക്കുന്നുണ്ട്. തമാശരൂപത്തിലാണ് ആ ഭാഗം ആര്യന്‍ സീരീസില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ പ്രസ്തുത രംഗം തന്നെ അപമാനിക്കാന്‍ വേണ്ടിയാണെന്ന് ആരോപിച്ച് ആര്യനെ അറസ്റ്റ് ചെയ്ത സമീര്‍ വാങ്കഡേ കോടതിയെ സമീപിച്ചത് വലിയ വാര്‍ത്തയായിരുന്നു.
രണ്ട് കോടി രൂപ ആവശ്യപ്പെട്ടാണ് സമീര്‍ വാങ്കഡേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. 2022ലായിരുന്നു ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ക്രൂയിസ് കപ്പലില്‍ നടത്തിയ റെയ്ഡില്‍ ലഹരിമരുന്നുകള്‍ പിടിച്ചെടുത്തെന്നും ആര്യനും ഇതില്‍ പങ്കാളിയാണെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്. 25 ദിവസം ആര്യന്‍ മുംബൈ സെന്‍ട്രന്‍ ജയിലില്‍ കഴിഞ്ഞിരുന്നു.
ഇതിനോട് സാമ്യമുള്ള രംഗം ബാ***ഡ്‌സ് ഓഫ് ബോളിവുഡില്‍ ഉള്‍പ്പെടുത്തിയതാണ് സമീറിനെ ചൊടിപ്പിച്ചത്. ആദ്യ എപ്പിസോഡിലാണ് പ്രസ്തുതരംഗമുള്ളത്. നായകനായ ആസ്മാന്‍ സിങ്ങിന്റെ ആദ്യ സിനിമയുടെ സക്‌സസ് പാര്‍ട്ടിയാണ് രംഗം. പാര്‍ട്ടിക്കിടെ ലഹരിമരുന്ന് ഉപയോഗം കണ്ടുപിടിക്കാനെത്തുന്ന ഉദ്യോഗസ്ഥനെ തമാശരൂപത്തിലാണ് അവതരിപ്പിച്ചത്.
‘ഈ നാടിനെയും ബോളിവുഡിനെയും ലഹരിമരുന്നെന്ന ശാപം പിടികൂടി’ എന്ന് പറഞ്ഞുകൊണ്ടാണ് ഈ കഥാപാത്രത്തിന്റെ ഇന്‍ട്രോ. തന്റെ കണ്മുന്നില്‍ വെച്ച് കഞ്ചാവ് വലിക്കുന്ന ഒരാളോട് തര്‍ക്കിക്കുന്ന ഉദ്യോഗസ്ഥന്‍, അയാള്‍ സിനിമയുമായി ബന്ധമുള്ള ആളല്ല എന്നറിയുമ്പോള്‍ വെറുതേ വിടുന്നുണ്ട്. എന്നാല്‍ അയാളുടെ അടുത്ത് വെറുതേ നില്‍ക്കുന്ന ഒരു ബോളിവുഡ് താരത്തെ നാര്‍ക്കോടിക് കേസില്‍ അറസ്റ്റ് ചെയ്യുന്നിടത്താണ് ആ രംഗം അവസാനിക്കുന്നത്.
താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും പ്രശസ്തിക്ക് വേണ്ടി നര്‍ക്കോടിക്‌സ് ഉദ്യോഗസ്ഥന്‍ മനപൂര്‍വം തന്നെ പെടുത്തിയതാണെന്നും ആര്യന്‍ ഈ സീനിലൂടെ വ്യക്തമാക്കുന്നെന്നും സീരീസ് പുറത്തിറങ്ങിയതിന് പിന്നാലെ പലരും ചര്‍ച്ച ചെയ്തിരിക്കുകയാണ്. ഈ സീനിനെതിരെ സമീര്‍ വാങ്കഡേ രംഗത്തെത്തിയതോടെ സിനിമാലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ് ബാ***ഡ്‌സ് ഓഫ് ബോളിവുഡ്.
Content Highlight: Sameer Wankhade’s scene in Ba****ds of Bollywood series has been discussing