തിരുവനന്തപുരം: താരസംഘടനയായ അമ്മയ്‌ക്കെതിരെ വിമര്‍ശനവുമായി നടി മാലാ പാര്‍വതി. എക്‌സിക്യൂട്ടിവ് അംഗമായ നടന്‍ ടിനി ടോമിനെതിരെ നടി അന്‍സിബ ഹസന്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് മാലാ പാര്‍വതിയുടെ പ്രതികരണം.
സംഘടനയില്‍ ഒരുമാറ്റം വരണമെന്ന് ആഗ്രഹിച്ചു കൊണ്ടാണ് തലപ്പത്തേക്ക് സ്ത്രീകള്‍ വരണമെന്ന് പറഞ്ഞതും അതിന് വേണ്ടി മുന്‍കൈയെടുത്തതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ അത് ഇത്തരത്തിലൊരു നാണക്കേടായി മാറുമെന്ന് അറിയില്ലായിരുന്നുവെന്നും സമസ്താപരാധം നാട്ടുകാരോട് മാപ്പു പറയുന്നുവെന്നും മാലാ പാര്‍വതി പറഞ്ഞു.
അരമന രഹസ്യം അങ്ങാടിപ്പാട്ട് എന്ന് പറയുന്നത് പോലെയാണ് സംഘടനയിലെ കാര്യങ്ങളെന്നും മെമ്പര്‍ എന്ന നിലയ്ക്ക് ഒരു കാര്യങ്ങളും അറിയാറില്ലെന്നും അംഗങ്ങളും നേതൃത്വവും തമ്മില്‍ ആശയവിനിമയം നടക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മീറ്റിങ് കൂടുന്നത് പോലും മീഡിയയില്‍ നിന്നുമാണ് അറിയുന്നത്. പല ഗ്രൂപ്പുകളും ഉണ്ട്. അവര്‍ തമ്മിലുള്ള ചെളിവാരിയെറിയലുമാണ് നടക്കുന്നതെന്നും മാല പാര്‍വ്വതി പറഞ്ഞു.
ടിനി ടോമിനെതിരെയുള്ള നടി അന്‍സിബയുടെ പരാതി ഗൗരവമുള്ളതാണ്. ആ കുട്ടി നേരത്തെ തന്നെ താന്‍ നേരിട്ട ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയിരുന്നുവെന്നും മാലാ പാര്‍വതി വ്യക്തമാക്കി.
കുക്കുപരമേശ്വരനും ശ്വേത മേനോനും രണ്ട് ചേരികളിലാണെന്നും ഈ വിഷയങ്ങളിലൊക്കെ ഇടപെട്ടതിന് താന്‍ മാപ്പു പറയുന്നുവെന്നും അവര്‍ പറഞ്ഞു. നേതൃമാറ്റം വേണമെന്ന് ജനറല്‍ ബോഡി യോഗത്തില്‍ ആവശ്യമുന്നയിക്കാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ക്ക് അടിയുണ്ടാക്കാനല്ലല്ലോ സംഘടനയുടെ നേതൃ സ്ഥാനം നല്‍കിയതെന്നും മാലാ പാര്‍വ്വതി പറഞ്ഞു.
ടിനി ടോമിനെതിരെ അന്‍സിബ ഹസനും നീനാ കുറുപ്പും രംഗത്തെത്തിയതോടെയാണ് അവരുടെ പ്രതികരണം. ടിനിടോം തന്നെ ജിഹാദിയെന്ന് വിളിച്ചതായും പലരെയും ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചുവെന്നും ടിനി ടോം പറഞ്ഞിരുന്നുവെന്നും തനിക്കെതിരെ അവിഹിതാരോപണങ്ങള്‍ നടത്തിയെന്നും അന്‍സിബ ഹസന്‍ പറഞ്ഞിരുന്നു.
ടിനി ടോം കാരണമാണ് താന്‍ സംഘടനയുടെ നേതൃ സ്ഥാനത്ത് നിന്നും രാജിവെച്ചതെന്നും അന്‍സിബ പറഞ്ഞു. തന്നെ അധിക്ഷേപിക്കുകയും അശ്ലീലം പറഞ്ഞ് അപമാനിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് നീനാ കുറുപ്പും ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് ആസൂത്രിതമായ ഗുഢ നീക്കമാണെന്നായിരുന്നു അമ്മ പ്രസിഡന്റ് ശ്വേത മേനോന്റെ പ്രതികരണം.
Content Highlight: Samastha Pradham apology; Shweta Menon and Kukku Parameswaran have two options: Mala Parvathy wants Amma leadership to change
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.