'ഇക്കളി തീക്കളി', കോട്ടയത്തും ഇടുക്കിയിലും പത്തനംതിട്ടയിലും ജയിക്കുന്നവരുടെ മതം തിരയാന്‍ എന്തിന് മടിക്കുന്നു; സജി ചെറിയാനെതിരെ സമസ്ത മുഖപത്രം
Kerala News
'ഇക്കളി തീക്കളി', കോട്ടയത്തും ഇടുക്കിയിലും പത്തനംതിട്ടയിലും ജയിക്കുന്നവരുടെ മതം തിരയാന്‍ എന്തിന് മടിക്കുന്നു; സജി ചെറിയാനെതിരെ സമസ്ത മുഖപത്രം
ആദര്‍ശ് എം.കെ.
Tuesday, 20th January 2026, 9:02 am

കോഴിക്കോട്: വിവാദ പരാമര്‍ശത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത മുഖപത്രം. കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ കയറി നിന്ന് ഇത്തരം വിഷം തീണ്ടല്‍ പരാമര്‍ശങ്ങള്‍ ഉച്ചത്തില്‍ പറയാന്‍ സജി ചെറിയാനെയും എ.കെ. ബാലനെയും പോലുള്ള സി.പി.ഐ.എം നേതാക്കള്‍ക്ക് എവിടെ നിന്നാണ് ധൈര്യം വരുന്നതെന്ന് മുഖപ്രസംഗത്തില്‍ ചോദിക്കുന്നു.

‘അരുളന്‍പനുകമ്പ മൂന്നിനും പൊരുളൊന്നാണിതു തീവതാരകം’ എന്ന ശ്രീനാരായണഗുരുവിന്റെ അനുകമ്പാ ദശകത്തിലെ വരികള്‍ ഉദ്ധരിച്ചുകൊണ്ട്, ഈ വരികള്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുതല്‍ സജി ചെറിയാന്‍ വരെയുള്ളവര്‍ക്ക് ബാധകമാണെന്ന് ‘ഈ തീക്കളി, ചാമ്പലാക്കും മതേതര കേരളത്തെ’ എന്ന തലക്കെട്ടിലെ മുഖപ്രസംഗത്തില്‍ വിമര്‍ശിച്ചു.

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തരേന്ത്യയില്‍ നരേന്ദ്ര മോദിയും അമിത് ഷായും ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ നേതാക്കളും ഇതേ പ്രചാരണവുമായാണ് വോട്ട് തേടിയിറങ്ങിയതെന്ന് ഓര്‍ക്കണമെന്നും ലേഖനത്തില്‍ പറയുന്നു.

‘കരുണയും സ്‌നേഹവും അനുകമ്പയും വറ്റിപ്പോയവര്‍ അസ്ഥിയും തോലുമായി ദുര്‍ഗന്ധം വമിക്കുന്ന ഉടല്‍ മാത്രമാകുന്ന കാഴ്ചയാണ് ഈ ദിവസങ്ങളില്‍ മലയാളി കാണുന്നത്. മതവും സമുദായവും പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ട് നേടാമെന്നും ആ വോട്ടിലൂടെ അധികാരം നിലനിര്‍ത്താമെന്ന് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോ നേതാക്കളോ കരുതുന്നുണ്ടെങ്കില്‍ അതിന് മതേതര കേരളം കനത്ത വില കൊടുക്കേണ്ടി വരും.

മലപ്പുറം ജില്ലാ പഞ്ചായത്തിലും കാസർകോട് മുന്‍സിപ്പാലിറ്റിയിലും ജയിച്ചുവന്നവരുടെ പേരെടുത്ത് നോക്കൂ എന്ന് എങ്ങനെയാണ് ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിക്ക് മലയാളികളോട് പറയാന്‍ കഴിയുന്നത്.

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വാ തുറക്കുന്നതേ വര്‍ഗീയത വിളമ്പാനാണെന്ന് നമുക്കറിയാമെന്നും എന്നാല്‍ സജി ചെറിയാനെയും എ.കെ. ബാലനെയും പോലുള്ള സിപിഐഎം നേതാക്കള്‍ക്ക് ഇത്തരം വിഷം തീണ്ടല്‍ പരാമര്‍ശങ്ങള്‍ കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ കയറി നിന്ന് ഇത്രയും ഉച്ചത്തില്‍ പറയാന്‍ എവിടെ നിന്നാണ് ധൈര്യം കിട്ടുന്നത്.

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഉത്തരേന്ത്യയില്‍ നരേന്ദ്ര മോദിയും അമിത് ഷായും ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ നേതാക്കളും ഇതേ പ്രചാരണവുമായാണ് വോട്ട് തേടിയിറങ്ങിയതെന്ന് ഓര്‍ക്കണം.

തെരഞ്ഞെടുപ്പുകളില്‍ പതിവായി ജയിച്ചുവരുന്നുവരുടെ വേഷം നോക്കൂ എന്നാണ് മോദി മുമ്പ് പറഞ്ഞതെങ്കില്‍ ജയിച്ചുവരുന്നവരുടെ പേര് നോക്കൂ എന്നാണ് കേരളത്തിലെ സാംസ്‌കാരിക വകുപ്പ് മന്ത്രി ഇപ്പോള്‍ പച്ചയ്ക്ക് പറയുന്നത്,’ ലേഖനത്തില്‍ പറയുന്നു.

കോട്ടയത്തും ഇടുക്കിയിലും പത്തനംതിട്ടയിലുമൊക്കെ ജയിച്ചുവരുന്നവരുടെ പേരിലെ മതം പരതാന്‍ എന്തുകൊണ്ട് സജി ചെറിയാന്‍ മടിക്കുന്നുവെന്നും സി.പി.ഐ.എം നേതാക്കളില്‍ പലരും ഒരേ സ്വരത്തില്‍ തുടരെത്തുടരെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് യാദൃശ്ചികമല്ലെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് ബോധ്യമാകുമെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു

‘കോട്ടയത്തും ഇടുക്കിയിലും പത്തനംതിട്ടയിലുമൊക്കെ ജയിച്ചുവരുന്നവരുടെ പേരിലെ മതം പരതാന്‍ എന്തുകൊണ്ട് സജി ചെറിയാന്‍ മടിക്കുന്നു. സി.പി.ഐ.എം നേതാക്കളില്‍ പലരും ഒരേ സ്വരത്തില്‍ തുടരെത്തുടരെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് യാദൃശ്ചികമല്ലെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് ബോധ്യമാവും.

ജനാധിപത്യരീതിയില്‍ മത്സരിച്ച് ജയിക്കുന്നതിലും തോല്‍ക്കുന്നതിലും ഒരന്തസുണ്ട്. അതിന് പകരം മതത്തെ മറയാക്കി രാഷ്ട്രീയ നേതൃത്വം നടത്തുന്ന നെറിക്കെട്ട പ്രചാരവേലകള്‍ മതേതര കേരളത്തോട് ചെയ്യുന്നത് കൊടുംപാതകമാണെന്ന് പറയാതെ വയ്യ.

കേരളത്തില്‍ ഹിന്ദുത്വരാഷ്ട്രീയം വേരുറപ്പിക്കാന്‍ ശ്രമിച്ച കാലത്തൊക്കെ ജീവന്‍നല്‍കിയും അതിനെ ചെറുത്ത ചരിത്രമാണ് സി.പി.ഐ.എമ്മിനുണ്ടായിരുന്നത്. എന്നാല്‍, ആ പ്രതിരോധങ്ങളെ മുഴുവന്‍ റദ്ദുചെയ്യുന്ന നിലപാട് മാറ്റങ്ങള്‍ അടുത്തകാലത്തായി ഇടതുകേന്ദ്രങ്ങളില്‍ നിരന്തരം സംഭവിക്കുന്നത് ഭയാജനകമാണ്.

സംഘപരിവാര്‍ നേതാക്കള്‍ വമിപ്പിക്കുന്ന അതേ വിദ്വേഷവാക്കുകള്‍ സിപിഐഎം നേതാക്കളില്‍ നിന്ന് സമുദായ നേതാക്കളില്‍ നിന്ന് കേള്‍ക്കേണ്ടി വരുന്നതും വല്ലാത്ത ദുര്യോഗമാണ്.

ഉത്തരേന്ത്യയില്‍ പല രാഷ്ട്രീയപാര്‍ട്ടികളും പരീക്ഷിച്ച് പരാജയപ്പെട്ട വഴിയാണ് കേരളത്തില്‍ സി.പി.ഐ.എം പിന്തുടരുന്നതെങ്കില്‍ തീര്‍ച്ചയായും നേര്‍വഴിയല്ല അതെന്ന് നേതാക്കള്‍ തിരിച്ചറിയണം. തിരുത്തുകയും വേണം.

അല്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാത്രമല്ല, കാലം കൂടി ആ പാര്‍ട്ടിയോട് കണക്കു ചോദിക്കുമെന്നുറപ്പ്. മതത്തെ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ഉപയോഗപ്പെടുത്തുന്ന രീതി ഒരു രാഷ്ട്രീയപാര്‍ട്ടിക്കും ഉചിതമല്ല. ഇന്ത്യയെന്ന മതേതര രാജ്യത്തോടു ചെയ്യുന്ന പാതകമാണ്,’ മുഖപ്രസംഗം വിമര്‍ശിക്കുന്നു.

 

Content Highlight: Samastha mouthpiece criticizes Saji Cherian

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.