നൂറെ ഹബീബിന്റെ പരസ്യം സുപ്രഭാതത്തില്‍; പരിപാടിയുടെ ഉദ്ഘാടകന്‍ സാബിഖലി തങ്ങള്‍; വിമര്‍ശനവുമായി സമസ്ത നേതാവ്
Kerala News
നൂറെ ഹബീബിന്റെ പരസ്യം സുപ്രഭാതത്തില്‍; പരിപാടിയുടെ ഉദ്ഘാടകന്‍ സാബിഖലി തങ്ങള്‍; വിമര്‍ശനവുമായി സമസ്ത നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th April 2022, 8:10 pm

കോഴിക്കോട്: ഓണ്‍ലൈനിലൂടെയുള്ള മതപരിപാടികളുടെ പേരില്‍ വിവാദത്തിലായ അത്മീയ പ്രഭാഷകന്റെ പരിപാടിയുടെ പരസ്യം സുപ്രഭാതം പത്രത്തില്‍ വന്നതിന് പിന്നാലെ വിമര്‍ശനം. ആത്മീയതയെ പ്രഹസനമാക്കുന്നതാണ് ഇത്തരം പരിപാടികളുടെ ലക്ഷ്യമെന്ന് ജാമിഅ നൂരിയ്യ അറബിയ്യിയിലെ അധ്യാപകന്‍ സിയാവുദ്ദീന്‍ ഫൈസി പറഞ്ഞു.

മുസ്‌ലിം ലീഗ് നിയന്ത്രണത്തിലാക്കിയ കോ ഓര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളേജിന്റെ (സി.ഐ.സി)യുടെ പരസ്യവും വാര്‍ത്തയും സമസ്ത മുഖപത്രം സുപ്രഭാതം ഒഴിവാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് സിയാവുദ്ദീന്‍ ഫൈസി ഇത്തരമൊരു പരസ്യത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

‘ആത്മീയതയെ പ്രഹസനമാക്കുന്നതാണ് അതിന്റെ പേരില്‍ നടക്കുന്ന പല പരിപാടികളും. ഒരു വിഭാഗം ആത്മീയതയെ തന്നെ നിഷേധിക്കുമ്പോള്‍ അവര്‍ക്ക് വളം വെച്ച് കൊടുക്കുന്നതാണ് ആത്മീയതയുടെ പേരില്‍ നടക്കുന്ന പല പരിഹാസങ്ങളും കോപ്രായങ്ങളും. ആത്മീയ രംഗത്തിന് ഇവര്‍ ഏല്‍പ്പിക്കുന്ന പരിക്ക് ചെറുതല്ല. സ്വന്തം ന്യൂനതകള്‍ പരതലും പരിഹരിക്കലുമാണ് ആത്മീയതയുടെ പ്രഥമ പടി.

അതിന്റെ നേര്‍ വിപരീതമാണ് പൊങ്ങച്ചം പറയലും ആസ്വദിക്കലും. ധന സമ്പാദനത്തിന് കുറുക്കു വഴി തേടി ഓണ്‍ലൈന്‍ ബിസിനസ് തട്ടിപ്പില്‍ കുടുങ്ങലും സ്വര്‍ഗ പ്രവേശനത്തിന് കുറുക്കുവഴി തേടി വ്യാജ ആത്മീയതയില്‍ കുടുങ്ങലും വലിയ അന്തരമില്ല. പൊതു സമൂഹത്തിന് മുന്നില്‍ മാന്യതയോടെയും അന്തസോടെയും ഇസ്‌ലാമിനെ അവതരിപ്പിക്കാനാണ് എല്ലാവരും പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതും. കഴിയില്ലെങ്കില്‍ മിണ്ടാതിരിക്കുക,’ എന്നാണ് സിയാവുദ്ദീന്‍ ഫൈസി എഴുതിയത്.

പാണക്കാട് സാബിഖലി ശിഹാബ് തങ്ങളാണ് പരിപാടിയുടെ ഉദ്ഘാടകനെന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ കുറച്ചുകാലമായി കാലമായി ‘നൂറെ ഹബീബ്’ എന്ന പേരില്‍ സയ്യിദ് ഹാമിദ് ആറ്റ കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ഥനയും സ്വലാത്തും യൂട്യൂബിലും ഫേസ്ബുക്കിലും ലൈവ് വന്നിരുന്നു. കൊവിഡ് സമയത്ത് മത പരിപാടികള്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു ഇത്തരം പരിപാടികള്‍ നടന്നത്.

എന്നാല്‍ മലപ്പുറം ജില്ലയിലെ കരിങ്കല്ലത്താണിയില്‍ ആത്മീയ സമ്മേളനം എന്ന ശീര്‍ഷകത്തില്‍ നൂറെ ഹബീബ് പരിപാടി നടത്തിയതോടെ ഇത് സമസ്തക്കകത്ത് തന്നെ വിവാദമായിരുന്നു.

വിഷയത്തില്‍ ആഭ്യന്തര അന്യഷണത്തിന് സമസ്ത ഉത്തരവിട്ടിരുന്നു. ഇത് ആത്മീയ ചൂഷണമെന്ന് പറഞ്ഞ് സമസ്തയുടെ യുവജന വിഭാഗമായ എസ്.വൈ.എസും രംഗത്തെത്തിയിരുന്നു.

NB:- ഈ വാര്‍ത്ത ആദ്യം പബ്ലിഷ് ചെയ്തപ്പോള്‍ സാബിക്കലി തങ്ങള്‍ക്ക് പകരം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിക്കലി തങ്ങളുടെ ഫോട്ടോ തെറ്റായി ഉപയോഗിച്ചിരുന്നു. തെറ്റ് മനസ്സിലാക്കി ഉടന്‍ തിരുത്തുകയും ചെയ്തു. തെറ്റ് സംഭവിച്ചതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.