ഇന്ത്യയിലുള്ള മതസ്വാതന്ത്ര്യം ലോകത്ത് മറ്റൊരു രാജ്യത്തുമില്ല: സമസ്ത എ.പി. വിഭാഗം നേതാവ്
Kerala News
ഇന്ത്യയിലുള്ള മതസ്വാതന്ത്ര്യം ലോകത്ത് മറ്റൊരു രാജ്യത്തുമില്ല: സമസ്ത എ.പി. വിഭാഗം നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th January 2023, 3:35 pm

കോഴിക്കോട്: ഇന്ത്യ മതസ്വാതന്ത്ര്യമുള്ള രാജ്യമാണെന്ന് സമസ്ത എ.പി. വിഭാഗം നേതാവ് പൊന്മുള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍. ഇന്ത്യയെപോലെ മതസ്വാതന്ത്ര്യം നടക്കുന്ന മറ്റൊരു രാജ്യവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടക്കുന്ന എസ്.എസ്.എഫ് പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലോക രാഷ്ട്രങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇസ്‌ലാമിക മതപ്രവര്‍ത്തനം നടത്താന്‍ സ്വാതന്ത്ര്യമുള്ള മറ്റൊരു രാജ്യവും ഇല്ല. നമ്മുടെ രാജ്യത്ത് നടക്കുന്ന സംഘടനാ പ്രവര്‍ത്തനങ്ങള്‍ മറ്റ് എവിടെയാണ് നടക്കുക. സൗദി ഉള്‍പ്പെടെയുള്ള ജി.സി.സി രാജ്യങ്ങളിള്‍ പോലും ഇന്ത്യയിലേതുപോലുള്ള മതസ്വാതന്ത്ര്യമില്ല.

താഴെത്തട്ടു വരെ മതപ്രവര്‍ത്തന സ്വാതന്ത്ര്യം മറ്റൊരു നാട്ടിലും ഇല്ല,’ പൊന്മുള അബ്ദുല്‍ ഖാദര്‍ പറഞ്ഞു.

എസ്.എസ്.എഫിന്റെ ഗോള്‍ഡന്‍ ഫിഫ്റ്റിയോടനുബന്ധിച്ച് ശനിയും ഞായറുമായാണ് സമ്മേളനം നടക്കുന്നത്. 7,000 വിദ്യാര്‍ത്ഥി പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. 17 സെഷനുകളിലായി 50 പ്രമുഖര്‍ സംസാരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ശനിയാഴ്ച രാവിലെ 8.30 ന് സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി പതാക ഉയര്‍ത്തി. ഒമ്പതിന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ സമ്മേളനത്തിന്റെ ഉദ്ഘാടനം
നിര്‍വഹിച്ചു.

”അല്‍ ഇസ്‌ലാം മനുഷ്യനെ കാണുന്ന ദര്‍ശനങ്ങള്‍’ എന്ന വിഷയത്തില്‍ നടക്കുന്ന പഠനത്തോടെ വിവിധ സെഷനുകള്‍ക്ക് തുടക്കമായത്.

രണ്ടാമത്തെ സെഷനില്‍ ”മനുഷ്യന്റെ മതം, രാജ്യത്തിന്റെ മതേതരത്വം’ വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകരായ കെ.ജെ. ജേക്കബ്, ദാമോദര്‍ പ്രസാദ്, മുഹമ്മദലി കിനാലൂര്‍ സംബന്ധിക്കും.

മൂന്നാമത് സെഷനില്‍ ”ശരികളുടെ സൗന്ദര്യം’ വിഷയത്തില്‍ രാജീവ് ശങ്കരന്‍, കെ.സി. സുബിന്‍, എസ്. ശറഫുദ്ദീന്‍ പങ്കെടുക്കും.

Content Highlight: Samastha AP leader Ponmula Abdul Khader Musliar says that India is a country of religious freedom