സ്‌കൂള്‍ സമയമാറ്റം; മത പഠനത്തെ ബാധിക്കുന്നു, പ്രതിഷേധവുമായി സമസ്ത
Kerala News
സ്‌കൂള്‍ സമയമാറ്റം; മത പഠനത്തെ ബാധിക്കുന്നു, പ്രതിഷേധവുമായി സമസ്ത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd September 2022, 8:08 am

തിരുവനന്തപുരം: സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുത്തണമെന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശിപാര്‍ശ അംഗീകരിക്കാനാവില്ലെന്ന് സമസ്ത. പഠനസമയം എട്ട് മണിക്ക് ആക്കുന്നത് മൂലം ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ മദ്റസ പഠനത്തെ സാരമായി ബാധിക്കുമെന്ന് സമസ്ത പ്രസ്താവനയില്‍ അറിയിച്ചു.

ഖാദര്‍ കമ്മിറ്റി ശിപാര്‍ശ തള്ളിക്കളയണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ പ്രസ്താവനയിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും സമസ്ത നേതാക്കള്‍ അറിയിച്ചു.

കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ച് ജനറല്‍ സ്‌കൂളുകള്‍ രാവിലെ 10 മണിക്കും മുസ്‌ലിം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ 10.30 നുമാണ് പ്രവര്‍ത്തിക്കേണ്ടത്. കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന പഠനസമയത്തില്‍ മാറ്റം വരുത്തേണ്ട ഒരു സാഹചര്യവും നിലവിലില്ല.

2007ലെ പാഠ്യപദ്ധതി ചട്ടക്കൂടിലെ സ്‌കൂള്‍ സമയ നിര്‍ദേശത്തിനെതിരേ ശക്തമായ എതിര്‍പ്പുമൂലം അന്നത്തെ സര്‍ക്കാര്‍ സമയമാറ്റ നിര്‍ദേശം പിന്‍വലിച്ചതാണ്. പ്രസ്തുത നിര്‍ദേശം വീണ്ടും കൊണ്ടുവരുന്നത് ഒരു നിലക്കും അംഗീകരിക്കാനാവില്ലെന്നും ഇരുവരും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

സ്‌കൂളുകളില്‍ ക്ലാസ് റൂം പഠനം രാവിലെ മുതല്‍ ഉച്ചവരെയാക്കണമെന്നാണ് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രധാന ശിപാര്‍ശകളില്‍ ഒന്ന്. പഠനത്തിന് ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണെന്നും പഠനസമയം രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാക്കണമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സ്‌കൂള്‍ സമയക്രമത്തില്‍ മാറ്റം വരുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചുവരികയാണെന്ന് മുഖ്യമന്ത്രിയും നേരത്തെ വ്യക്തമാക്കിയിരുന്നു. കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ച് ജനറല്‍ സ്‌കൂളുകളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെയും മുസ്‌ലിം സ്‌കൂളുകളില്‍ രാവിലെ 10.30 മുതല്‍ വൈകീട്ട് 4.30 വരെയുമാണ് നിലവില്‍ പഠന സമയം.

2007 ലെ സര്‍ക്കാര്‍ സകൂള്‍ സമയമാറ്റ നിര്‍ദേശം കൊണ്ടുവന്നപ്പോള്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെയും മറ്റു മുസ്‌ലിം സംഘടനകളുടെയും ശക്തമായ എതിര്‍പ്പും കാരണം ഉപേക്ഷിക്കുകയാണുണ്ടായത്.

Content Highlight: Samastha Against School Timing Changes In Kerala