47ല്‍ നിന്ന് 130ലേക്ക്; ഇത് ജനങ്ങളിലേക്കിറങ്ങിയ അഖിലേഷ് എന്ന രാഷ്ട്രീയക്കാരന്റെ വിജയം
national news
47ല്‍ നിന്ന് 130ലേക്ക്; ഇത് ജനങ്ങളിലേക്കിറങ്ങിയ അഖിലേഷ് എന്ന രാഷ്ട്രീയക്കാരന്റെ വിജയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th March 2022, 6:37 pm

ന്യൂദല്‍ഹി: യു.പിയിലെ മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിക്ക് മകച്ച നേട്ടം. 2017ല്‍ വെറും 47 സീറ്റില്‍ ഒതുങ്ങിയ സമാജ് വാദി പാര്‍ട്ടി 130 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്.

യു.പി ഭരിച്ച മായാവതിയുടെ ബി.എസ്.പിയെ വന്‍ തകര്‍ച്ചയിലേക്ക് ഒതുക്കിയതിന് പിന്നിലും അഖിലേഷിന്റെ കരുനീക്കള്‍ങ്ങള്‍ക്ക് പങ്കുണ്ട്. ഉത്തര്‍പ്രദേശില്‍ 403 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒരേയൊരു സീറ്റില്‍ മാത്രമാണ് ബി.എസ്.പി ലീഡ് ചെയ്യുന്നത്.

269 സീറ്റില്‍ മുന്നേറ്റം നടത്തി യു.പിയില്‍ ഭരണം ഉറപ്പിക്കുന്ന ബി.ജെ.പിയുടെ ഇത്തവണത്തെ പ്രതിപക്ഷം അഖിലേഷിന്റെ നേതൃത്വത്തിലായിരിക്കും.

അഖിലേഷിന്റെ വിജയ രഹസ്യം

ജനങ്ങളിലേക്ക് ഇറങ്ങി അവരുടെ പ്രശ്‌നങ്ങള്‍ക്ക് ഒപ്പം നിന്ന് പൊരുതുക എന്ന തന്ത്രമാണ് അഖിലേഷിന്റെ തന്ത്രമാണ് അക്ഷരാര്‍ത്ഥത്തില്‍ യു.പിയില്‍ വിജയമായത്.

കോണ്‍ഗ്രസിനെ ഒപ്പം കൂട്ടാതെ മല്‍സരിക്കുക എന്ന തീരുമാനവും നില മെച്ചപ്പെടുത്തുന്നതില്‍ എസ്.പിയെ സഹായിച്ചു എന്ന് വിലയിരുത്തലുകളുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും എതിരെ എസ്.പി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല.

നാല് തവണ പാര്‍ലമെന്റ് അംഗമായ അഖിലേഷ് ആദ്യമായാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എസ്.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ചുക്കാന്‍പിടിച്ച അഖിലേഷ്, തുടക്കത്തില്‍ മത്സരിക്കില്ലെന്ന് അറിയിച്ചെങ്കിലും പിന്നീട് കര്‍ഹലില്‍നിന്നു മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അഖിലേഷ് യാദവിന്റെ പിതാവും എസ്.പി മേധാവിയുമായിരുന്ന മുലായം സിങ് യാദവിന്റെ ജന്മഗ്രാമമായ സൈഫായിയില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയാണ് കര്‍ഹാല്‍ മണ്ഡലം.

അഖിലേഷനു വേണ്ടി പ്രചാരണം നടത്താന്‍ മുലായം സിങ്ങും എത്തിയിരുന്നു.എസ്പിയുടെ ദേശീയ പ്രസിഡന്റായ അഖിലേഷ് 2012 മുതല്‍ 2017 വരെ ഉത്തര്‍പ്രദേശിന്റെ 20ാമത് മുഖ്യമന്ത്രിയായിരുന്നു. 2000ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കനൗജില്‍നിന്ന് ആദ്യമായി ലോക്സഭാംഗമായി. 2004, 2009 ലോക്സഭാ തിരഞ്ഞെടുപ്പുകളിലും കനൗജില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 2012 മേയിലെ യു.പി നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്.പി ജയിച്ചതിനെ തുടര്‍ന്ന് കനൗജ് പാര്‍ലമെന്റ് സീറ്റില്‍ നിന്ന് രാജിവച്ചു.

അഖിലേഷിന്റെ ഭൂരിപക്ഷം

ഇതുവരെയുള്ള ഫലസൂചനകളനുസരിച്ച് മെയിന്‍പുരി പാര്‍ലമെന്റ് മണ്ഡലത്തിന്റെ ഭാഗമായ കര്‍ഹേല്‍ നിയമസഭാ സീറ്റില്‍നിന്ന് മത്സരിച്ച അഖിലേഷ് 54,072 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. ബിജെപി സ്ഥാനാര്‍ഥിയായിരുന്ന എസ്.പി.ബാഗേല്‍ ഇതുവരെ 20,709 വോട്ടുകള്‍ നേടി. ബി.എസ്.പി സ്ഥാനാര്‍ഥി കുലദിപ് നാരായന്‍ 3978 വോട്ട് നേടി.