മുബൈ: ബി.ജെ.പി രാജ്യവ്യാപകമായി നടത്തുന്ന ‘വന്ദേമാതരം’ 150ാം വാര്‍ഷിക ആഘോഷത്തിലേക്കുള്ള ക്ഷണം നിരസിച്ച് മഹാരാഷ്ട്രയിലെ സമാജ്‌വാദി പാര്‍ട്ടി എം.എല്‍.എ അബു അസിം ആസ്മി.
മുസ്‌ലിങ്ങള്‍ വന്ദേമാതരം ആലപിക്കണമെന്ന് ബി.ജെ.പി പറയുന്നു. എന്നാല്‍ ഖാന്‍ എന്ന് കുടുംബ പേരുള്ള ഒരു മേയര്‍ വേണ്ട എന്നാണ് അവര്‍ പറയുന്നതെന്ന് ആസ്മി കുറ്റപ്പെടുത്തി.
ആസ്മിയെ ദേശീയ ഗീതമായ വന്ദേമാതരം പാരായണം ചെയ്യുന്ന പരിപാടിയിലേക്ക് ബി.ജെ.പി മുംബൈ യൂണിറ്റ് അധ്യക്ഷന്‍ അമിത് സതം ക്ഷണിച്ചിരുന്നു. ഈ ക്ഷണം നിരസിച്ചുകൊണ്ട് എക്‌സില്‍ പോസ്റ്റ് ചെയ്ത കത്തിലാണ് ആസ്മി ബി.ജെ.പിയെ വിമര്‍ശിച്ചത്.
ഖുറാന്‍ പാരായണം ചെയ്യുന്നവരെ പാകിസ്ഥാനിലേക്ക് അയക്കാനും അവരെ രാജ്യദ്രോഹികള്‍ എന്ന് മുദ്രകുത്താനും ബി.ജെ.പി ശ്രമിക്കുന്നുവെന്നും ആസ്മി പറഞ്ഞു.
‘നിയമസഭയില്‍ വന്ദേമാതരം ആലപിക്കുമ്പോഴെല്ലാം ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കാറുണ്ട്. നിങ്ങളോടൊപ്പം തന്നെ ജന ഗണ മനയും പാടുന്നു.
പക്ഷെ ഒരു മുസ്‌ലിമിന് വന്ദേമാതരം പാടാന്‍ സാധിക്കില്ലെന്ന് നിങ്ങള്‍ പൊതുജനങ്ങളോട് പറയില്ല, പകരം ദേശവിരുദ്ധരെന്ന് മുദ്രകുത്താനാണ് ശ്രമിക്കുന്നത്. അത് അപലപനീയമാണ്,’ ആസ്മി പറഞ്ഞു.
ദേശീയ ഗീതം ആലപിക്കാന്‍ നിര്‍ബന്ധിക്കുന്നത് അവരുടെ മതസ്വാതന്ത്ര്യത്തിനും മനസാക്ഷിക്കുമുള്ള മൗലികാവകാശത്തെ ലംഘിക്കുന്നതിന് തുല്യമാണെന്നും സുപ്രീം കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ദേശീയഗാനമായ ജന ഗണ മനയ്ക്ക് തുല്യമായ നിയമപരമായ സംരക്ഷണം വന്ദേമാതരത്തിനും ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളിക്കളഞ്ഞിരുന്നെന്നും ആസ്മി സതമിന് അയച്ച കത്തില്‍ പറഞ്ഞു.
അമ്മയെ ബഹുമാനിക്കുന്നതിന് ഇസ്‌ലാം പ്രാധാന്യം നല്‍കുന്നു. പക്ഷെ, അമ്മയുടെ മുന്നില്‍ സാഷ്ടാംഗം പ്രണമിക്കാന്‍ മതം അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, ന്യൂയോര്‍ക്ക് മേയറായി ഇന്തയന്‍ വംശജനായ സൊഹ്‌റാന്‍ മംദാനി വിജയിച്ച സാഹചര്യത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ ഒരു ഖാനെയും മുംബൈയുടെ മേയറാകാന്‍ തങ്ങള്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി നേതാവ് അമിത് സതം പറഞ്ഞിരുന്നു.