12 റണ്ണിന് മൂന്ന് വിക്കറ്റൊക്കെ വീഴ്ത്തി എന്നത് ശരി തന്നെ, എന്നാലും ആ മാന്‍ ഓഫ് ദി മാച്ച് എനിക്കവകാശപ്പെട്ടതല്ല; നിരാശ വ്യക്തമാക്കി സാം കറന്‍
Sports News
12 റണ്ണിന് മൂന്ന് വിക്കറ്റൊക്കെ വീഴ്ത്തി എന്നത് ശരി തന്നെ, എന്നാലും ആ മാന്‍ ഓഫ് ദി മാച്ച് എനിക്കവകാശപ്പെട്ടതല്ല; നിരാശ വ്യക്തമാക്കി സാം കറന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 13th November 2022, 8:01 pm

ഐ.സി.സി ടി-20 ലോകകപ്പ് 2022ല്‍ പാകിസ്ഥാനെ തോല്‍പിച്ച് ഇംഗ്ലണ്ട് തങ്ങളുടെ രണ്ടാം കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. ഫൈനലില്‍ അഞ്ച് വിക്കറ്റിന്റെ മാസ്മരിക വിജയമായിരുന്നു ഇംഗ്ലണ്ട് പിടിച്ചടക്കിയത്.

ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച ഇംഗ്ലണ്ട് പാകിസ്ഥാനെ 137ല്‍ എറിഞ്ഞൊതുക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെ സൂപ്പര്‍ ബൗളര്‍മാരെല്ലാം തിളങ്ങിയ മത്സരത്തില്‍ യുവതാരം സാം കറനായിരുന്നു ത്രീ ലയണ്‍സിന്റെ ബൗളിങ്ങിനെ മുന്നില്‍ നിന്നും നയിച്ചത്.

നാല് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റായിരുന്നു സാം കറന്‍ പിഴുതെടുത്തത്. അപകടകാരിയായ മുഹമ്മദ് റിസ്വാനെ ക്ലീന്‍ ബൗള്‍ഡാക്കി തുടങ്ങിയ സാം കറന്‍ ഇന്‍ ഫോം ബാറ്റര്‍ ഷാന്‍ മസൂദിനെയും മുഹമ്മദ് നവാസിനെയും പുറത്താക്കിയിരുന്നു.

In a World Cup final at only 24 years of age 👏

Scorecard: https://t.co/WUiBm2y0S4#T20WorldCup | #PAKvENG pic.twitter.com/6ZtnZRV1f1

— England Cricket (@englandcricket) November 13, 2022

മെല്‍ബണ്‍ പോലുള്ള പിച്ചില്‍ കേവലം മൂന്ന് എന്ന എക്കോണമിയിലായിരുന്നു കറന്റെ പ്രകടനം.

ഈ പ്രകടനം ടീമിന് വിജയം മാത്രമല്ല, ഫൈനലിലെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം എന്ന സുവര്‍ണ നേട്ടവും താരത്തിന് നേടിക്കൊടുത്തിരുന്നു.

എന്നാല്‍ ഈ പുരസ്‌കാരം തനിക്ക് അവകാശപ്പെട്ടതല്ലെന്ന് പറയുകയാണ് സാം കറന്‍.

ബെന്‍ സ്‌റ്റോക്‌സിന്റെ പ്രകടനം കണക്കിലെടുക്കുമ്പോള്‍ ഇത് തനിക്ക് കിട്ടേണ്ടതല്ലെന്നായിരുന്നു സാം കറന്‍ പറഞ്ഞത്.

‘സ്‌റ്റോക്‌സി (ബെന്‍ സ്‌റ്റോക്‌സ്) കളിച്ച രീതി കാണുമ്പോള്‍ ഈ പുരസ്‌കാരം എനിക്ക് ലഭിക്കേണ്ടതല്ല എന്നാണ് എനിക്ക് തോന്നുന്നത്. എന്നിരുന്നാലും ഞങ്ങള്‍ ഈ അവസരം ആഘോഷിക്കാന്‍ തന്നെ പോവുകയാണ്. ഇത് വളരെയധികം സ്‌പെഷ്യലായ ഒരു മൊമെന്റാണ്,’ കറന്‍ പറഞ്ഞു.

പ്ലെയര്‍ ഓഫ് ദി മാച്ചിന് പുറമെ ടൂര്‍ണമെന്റിലെ താരമായും സാം കറനെ തന്നെയായിരുന്നു തെരഞ്ഞെടുത്തത്. ടൂര്‍ണമെന്റില്‍ 13 വിക്കറ്റാണ് താരം സ്വന്തമാക്കിയത്. ഹസരങ്കക്ക് ശേഷം ടൂര്‍ണമെന്റില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയതും കറന്‍ തന്നെ.

ശ്രീലങ്കന്‍ താരം വാനിന്ദു ഹസരങ്കയാണ് ഏറ്റവുമധികം വിക്കറ്റുകള്‍ വീഴത്തിയത്. 15 വിക്കറ്റാണ് ഹസരങ്ക സ്വന്തമാക്കിയത്.

Content Highlight: Sam Curran says Ben Stoke should have won the man of the match award in the final