ബട്‌ലറിനെ മറന്നാലും ലോകകപ്പ് ഫൈനല്‍ മറന്നാലും പാകിസ്ഥാന്‍ ആരാധകര്‍ ഇവന്റെ പേര് ഒരിക്കലും മറക്കില്ല
Sports News
ബട്‌ലറിനെ മറന്നാലും ലോകകപ്പ് ഫൈനല്‍ മറന്നാലും പാകിസ്ഥാന്‍ ആരാധകര്‍ ഇവന്റെ പേര് ഒരിക്കലും മറക്കില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 13th November 2022, 3:54 pm

ടി-20 ലോകകപ്പ് ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് പാകിസ്ഥാന്‍ ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ പാക് ആരാധകര്‍ ഒരിക്കലും ഇത്തരത്തിലൊന്ന് പ്രതീക്ഷിച്ചു കാണില്ല.

ട്രെന്റ് ബോള്‍ട്ടിനെയും മിച്ചല്‍ സാന്റ്‌നറിനെയും ടിം സൗത്തിയെയും പഞ്ഞിക്കിട്ട് ആധികാരികമായി ഫൈനലില്‍ പ്രവേശിച്ച പാക് ബാറ്റര്‍മാര്‍ ഒരു കൊച്ചുപയ്യന് മുമ്പില്‍ നിന്ന് വിറക്കുകയായിരുന്നു.

അവന്റെ പേസിന് മുമ്പില്‍ താളം കണ്ടെത്താന്‍ സാധിക്കാതെ പാക് ബാറ്റര്‍മാര്‍ കുഴങ്ങി. പലരും അവന്റെ പേസിനെ അതിജീവിക്കാനാവാതെ കളം വിട്ടു. ഒരുപക്ഷേ പാകിസ്ഥാന്‍ ഈ ഫൈനല്‍ മത്സരത്തില്‍ തോല്‍ക്കുകയാണെങ്കില്‍ അതിന്റെ പ്രധാന കാരണം ഈ 24കാരനാണ്.

ലോകകപ്പിന്റെ ചരിത്രത്തില്‍ തന്നെ ഒരു മത്സരത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ തന്നിലേക്കാവാഹിച്ച സാം കറന്‍ തന്നെയായിരുന്നു ഫൈനലില്‍ പാകിസ്ഥാന്‍ ബാറ്റര്‍മാരെ വെള്ളം കുടിപ്പിച്ചത്.

മെല്‍ബണ്‍ പോലെ ഒരു പിച്ചില്‍ നാല് ഓവര്‍ പന്തെറിഞ്ഞ് വെറും 12 റണ്‍സ് വഴങ്ങി മൂന്ന് മുന്‍നിര വിക്കറ്റുകളാണ് കറന്‍ പിഴുതെറിഞ്ഞത്. മൂന്ന് എന്ന എക്കോണമിയിലാണ് താരം ഫൈനലില്‍ പന്തെറിഞ്ഞത്.

താനെറിഞ്ഞ 24 പന്തില്‍ 15 എണ്ണവും ഡോട്ട് ബോളെറിഞ്ഞാണ് സാം കറന്‍ പാകിസ്ഥാനെ വരിഞ്ഞുമുറുക്കിയത്. മുഹമ്മദ് റിസ്വാന്‍, ഷാന്‍ മസൂദ്, മുഹമ്മദ് നവാസ് എന്നിവരാണ് കറന്റെ പേസിന്റെ ചൂടറിഞ്ഞത്.

സാം കറന് പുറമെ ആദില്‍ റഷീദും ക്രിസ് ജോര്‍ദനും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് സ്വന്തമാക്കിയത്.

38 റണ്‍സെടുത്ത ഷാന്‍ മസൂദും 32 റണ്‍സ് നേടിയ ബാബര്‍ അസവുമാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് സെമിയിലെ അതേ ബാറ്റിങ് ശൈലി തുടരുകയാണ്. മൂന്ന് ഓവര്‍ പിന്നിടുമ്പോഴേക്കും ഇംഗ്ലണ്ട് 28 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്.

3.3 ഓവറില്‍ 32 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. അലക്‌സ് ഹേല്‍സിന്റെയും ഫില്‍ സോള്‍ട്ടിന്റെയും വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടപ്പെട്ടത്.

 

Content Highlight: Sam Curran’s incredible spell in T20 World Cup Final