സല്‍വ വധം: പ്രതിക്ക് വധശിക്ഷ
Kerala
സല്‍വ വധം: പ്രതിക്ക് വധശിക്ഷ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 31st July 2013, 1:08 pm

[]മലപ്പുറം: മഞ്ചേരി പൂക്കോട്ടുംപാടം സല്‍വ വധക്കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ചു. ഒന്നാംപ്രതി പാമ്പോത്ത് അബ്ദുല്‍ നാസറിനാണ് മഞ്ചേരി കോടതി വധശിക്ഷ വിധിച്ചത്. []

മഞ്ചേരി സെഷന്‍സ് കോടതിയുടേതാണ് വിധി. 302 ാം വകുപ്പ് പ്രകാരമാണ് വധശിക്ഷ. നിലമ്പൂര്‍ ചുള്ളിയോട് പൊന്നാംകല്ലില്‍ ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ ലഭിച്ചത്.

ഹൈക്കോടതിയുടെ സ്ഥിരീകരണത്തിന് ശേഷമായിരിക്കും ശിക്ഷ നടപ്പാക്കുക. അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തെ സമയവും കോടതി അനുവദിച്ചു. ഇതിന് പുറമെ 376ാം വകുപ്പ് പ്രകാരം ഏഴു വര്‍ഷത്തെ കഠിന തടവും 1000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.

പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. 2012 ഏപ്രില്‍ 4നാണ് മനസ്സാക്ഷിയെ കൊലപാതകം നടന്നത്.

ഒന്നിച്ച് മദ്രസ്സയില്‍ പോവാന്‍  പ്രതി നാസറിന്റെ മകളെ അന്വേഷിച്ചാണ് പൊന്നാം കല്ല് മുരികും കാടന്‍ സക്കീര്‍ -സുഹ്‌റാ ദമ്പതികളുടെ മകള്‍ സല്‍വ എന്ന പൂവി രാവിലെ വീട്ടിലെത്തുന്നത്.

ഈ സമയം നാസറിന്റെ ഭാര്യയും മക്കളും ഭാര്യയുടെ തറവാട് വീട്ടിലായിരുന്നു. ഈ തക്കത്തില്‍ കുട്ടിയെ വീട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ച് കൊലപെടുത്തുകയായിരുന്നു.

ബലാല്‍സംഗം, കൊലപാതകം കേസുകളിലാണ് പ്രതിയുടെ കുറ്റം തെളിഞ്ഞത്. കേസിലെ 43 സാക്ഷികളില്‍ 23 പേരെ വിസ്തരിച്ചു. സാഹചര്യ തെളിവുകള്‍, ശാസ്ത്രീയ പരിശോധകന്‍ എന്നിവയും പ്രതിയുടെ മൊഴിയും കേസിന്റെ അടിസ്ഥാന തെളിവുകളായി.

നിലമ്പൂര്‍ സി.ഐയായിരുന്ന എ പി ചന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.