എഡിറ്റര്‍
എഡിറ്റര്‍
‘ഷാഹി ഇമാമിനെ കോടതി ഇങ്ങനെ വിളിച്ചു വരുത്തുമോ? അക്രമം അതിരു കടന്നാല്‍ ഉത്തരവാദി കോടതിയാണ്’; റാം റഹീമിന് പരസ്യ പിന്തുണയുമായി സാക്ഷി മഹാരാജ്
എഡിറ്റര്‍
Friday 25th August 2017 9:36pm

ന്യൂദല്‍ഹി: ബി.ജെ.പി നേതൃത്വത്തെ വെട്ടിലാക്കി സാക്ഷി മഹാരാജ് എം.പി. ബലാത്സംഗ കേസില്‍ കോടതി കുറ്റക്കാരനെന്ന് വിധിച്ച ഗുര്‍മീത് റാം റഹീമിന് പിന്തുണയുമായെത്തിയാണ് സാക്ഷി മഹാരാജ് ബി.ജെ.പിയെ വെട്ടിലാക്കിയിരിക്കുന്നത്. വിഷയത്തില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളൊന്നും ഇതുവരേയും പ്രതികരിച്ചിട്ടില്ല.

‘ഞാന്‍ കോടതിയെ ബഹുമാനിക്കുന്നു. കോടിക്കണക്കിന് ആളുകളാണ് റാം റഹീമിനെ പിന്തുണയ്ക്കുന്നത്. എതിര്‍ക്കുന്നത് ഒരാള്‍ മാത്രവും. ഒരാളാണോ ശരി അതോ കോടിക്കണക്കിന് വരുന്നവരോ?’ എന്നായിരുന്നു സാക്ഷി മഹാരാജിന്റെ പ്രതികരണം. കലാപം അരങ്ങേറുകയാണ്. ഒരുപാട് പേര്‍ക്ക് ജീവന്‍ നഷ്ടമായി ഇതൊന്നും കോടതി കണക്കിലെടുത്തില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.

‘ ദല്‍ഹി ജമാ മസ്ജിദിലെ ഇമാമായ ഷാഹി ഇമാമിനെ ഇതുപോലെ വിളിച്ചു വരുത്താന്‍ സുപ്രീം കോടതിയടക്കമുള്ള കോടതികള്‍ക്ക് സാധിക്കുമോ? റാം റഹീം വളരെ സിമ്പിളായ മനുഷ്യനായതു കൊണ്ടാണ് ഇതൊക്കെ ഉണ്ടായത്.’ എന്നും സാക്ഷി പറയുന്നു.


Must Read: റാം റഹീമിനെ പിന്തുണച്ച സാക്ഷി മഹാരാജും ബലാത്സംഗക്കേസില്‍ പ്രതിയായിരുന്നു: സാക്ഷിയെക്കുറിച്ച് കൂടുതലറിയാം


അക്രമം അതിരുവിട്ടാല്‍ ഉത്തരവാദികള്‍ ദേര അനുയായികളല്ല കോടതിയായിരിക്കുമെന്നും സാക്ഷി പറയുന്നു. അതേസമയം, സാക്ഷിയുടെ പ്രതികരണം ബി.ജെ.പിയെ ചൊടിപ്പിച്ചിട്ടുണ്ടെന്നും സാക്ഷിയില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടതായുമാണ് റിപ്പോര്‍ട്ടുകള്‍.

ദേരാ സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിനെ ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യത്ത് നടക്കുന്ന കലാപത്തെ ശക്തമായി അപലപിച്ച് രാഷ്ട്രപതി രംഗത്തെത്തിയിരുന്നു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് രാഷ്ട്രപതി പ്രതികരണം നടത്തിയത്.


Also Read:  ‘അക്രമം തടയാന്‍ റാം റഹീമിനെ ജീപ്പിന്റെ മുന്നില്‍ കെട്ടിവെച്ച് ഓടിക്കുമോ’; ഹരിയാനയിലെ ദേരാ സച്ചാ സേദ കലാപത്തില്‍ പ്രതികരണവുമായി സഞ്ജീവ് ഭട്ട്


‘അക്രമത്തെയും പൊതുമുതല്‍ നശിപ്പിക്കുന്നതിനെയും ശക്തമായി അപലപിക്കുന്നു. കോടതി വിധിയെത്തുടര്‍ന്ന് നാശനഷ്ടങ്ങളുണ്ടാക്കുന്നത് അംഗീകരിക്കാനാവില്ല.’ അദ്ദേഹം ട്വീറ്റ് ചെയ്തു. ജനങ്ങള്‍ സംയമനം പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ഹരിയാനയിലും പഞ്ചാബിലും ആരംഭിച്ച കലാപം ദല്‍ഹിയിലേക്കും യു.പിയിലേക്കും വ്യാപിച്ചിട്ടുണ്ട്. കലാപം ശക്തമായതോടെ ഹരിയാനയില്‍ 10 സി.ആര്‍.പി.എഫ് സംഘത്തേയും പഞ്ച്കുലയില്‍ ആറ് സംഘത്തെയയും വിന്യസിച്ചിട്ടുണ്ട്.

അതിനിടെ കലാപം നിയന്ത്രിക്കാന്‍ കൂടുതല്‍ സൈന്യത്തെ വിട്ടുതരണമെന്ന് പഞ്ചാബ് സര്‍ക്കാര്‍ കേന്ദ്രത്തോട് അഭ്യര്‍ഥിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വസതിയില്‍ നാളെ ഉന്നതതല യോഗം ചേരുന്നുണ്ട്. ആഭ്യന്തര സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. അക്രമ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസും റിപ്പോര്‍ട്ട് തേടി. വിവിധയിടങ്ങളിലായി ഇതുവരെ 29 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Advertisement