സഖാവ് കുഞ്ഞാലി; പോരാട്ടങ്ങളുടെ ജീവിതം
Discourse
സഖാവ് കുഞ്ഞാലി; പോരാട്ടങ്ങളുടെ ജീവിതം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st January 2012, 11:45 am

sakhavu-kunhali

ബുക്‌ന്യൂസ്/ അബ്ദുല്ല പേരാമ്പ്ര

പുസ്തകം: സഖാവ് കുഞ്ഞാലി ഏറനാടിന്റെ രക്തനക്ഷത്രം

എഴുത്തുകാരന്‍: ഹംസ ആലുങ്ങല്‍

 

 

വിഭാഗം: ജീവചരിത്രം

പേജ്: 160

വില: 120

 

പ്രസാധകര്‍: പു.ക.സ

വിശേഷമായ ഒരു ജീവിത പരിസരത്ത് നിന്നാണ് ഏറനാട്ടില്‍ കുഞ്ഞാലി എന്ന വിപ്ലവകാരി ജന്മമെടുക്കുന്നത്. ഒരുഭാഗത്ത് ബ്രിട്ടീഷ് സാമ്രാജ്യത്വം അതിന്റെ എല്ലാ ജീര്‍ണതകളോടും  കൂടി വാഴുന്നകാലം. ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതെ തൊഴിലാളി സമൂഹവും അധ:കൃതരും നെട്ടോട്ടമോടുന്ന സാമൂഹിക ചുറ്റുപാടുകള്‍. ഭൂപ്രഭുത്വവും, ജീര്‍ണ്ണിച്ച ഫ്യൂഡലിസ്റ്റ് ചിന്താഗതികളും ഒരു ജനതയുടെ മീതെ അധികാരത്തിന്റെ പ്രമത്തത അടിച്ചേല്‍പ്പിക്കുകയും, അതിനെ പ്രതിരോധിക്കാന്‍ കഴിയാതെ നിസ്സഹായരായി തീരേണ്ടിവന്ന പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹവും…ഈ പ്രത്യേക സാമൂഹിക ചുറ്റുപാടില്‍ നിന്നാണ് കുഞ്ഞാലിയെന്ന വിപ്ലവ നക്ഷത്രത്തിന്റെ രംഗപ്രവേശം.

ധീരനായ ഒരു വിപ്ലവകാരിയെക്കുറിച്ചുള്ള ചരിത്രമെഴുത്ത്  ഒരുകാലത്തും എളുപ്പമായ ദൗത്യമല്ല. കുഞ്ഞാലിയെക്കുറിച്ചുള്ള ഒരു ജീവ ചരിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് നീണ്ടുപോകാനുണ്ടായ കാരണമതാകാം. വൈകിയാണെങ്കിലും ആ കൃത്യം ഏറെ ഭംഗിയായി പത്രപ്രവര്‍ത്തകനും  എഴുത്തുകാരനുമായ ഹംസ ആലുങ്ങല്‍ നിര്‍വഹിച്ചിട്ടുണ്ട്. ഒറ്റയിരുപ്പിന് വായിച്ച് പോകാന്‍ കഴിയുന്ന ശൈലികൊണ്ട് അനുഗ്രഹീതമാണ് സഖാവ് കുഞ്ഞാലി ഏറനാടിന്റെ രക്തനക്ഷത്രം എന്ന കൃതി. ഹംസയിലെ സര്‍ഗാത്മക എഴുത്തുകാരന്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഈ പുസ്തകത്തെ ഒരു നോവലിന്റെ ആഖ്യാനതലത്തിലേക്ക്  ഉയര്‍ത്തിയത്. അയത്‌ന ലളിതമായ ഭാഷയും വളച്ചുകെട്ടില്ലാത്ത രചനാരീതിയും ഈ കൃതിയെ ആത്മകഥാ സാഹിത്യത്തിന്റെ പൊതു നടപ്പില്‍ നിന്ന് മാറ്റി പ്രതിഷ്ഠിച്ചിരിക്കുന്നു. വി.വി ദക്ഷിണാമൂര്‍ത്തി ആമുഖത്തില്‍ പറഞ്ഞത് പോലെ ഇത് നോവലിന്റെ പാരായണ സുഖം നല്‍കുന്ന പുസ്തകമാണ്. ഹ്രസ്വമെങ്കിലും തന്റെ ജീവിതം കൊണ്ട് അദ്ദേഹം ഏറനാടിന്റെ ചരിത്രം മറ്റൊരു വഴിയേ തിരിച്ചുവിട്ടു.

ആര്‍ക്കും നിഷേധിക്കാന്‍ വയ്യാത്ത വിധം ആ ജീവിതം അധ്വാനിക്കുന്നവന്റേയും ശബ്ദമില്ലാത്തവന്റേയും അടയാള വാക്യമായി. കരിക്കാടന്‍ കുഞ്ഞിക്കമ്മദിന്റേയും അമ്പലന്‍ ആയിശുമ്മയുടേയും ഏക മകനായി കൊണ്ടോട്ടിയില്‍ ജനിച്ച കുഞ്ഞാലിയുടെ നിയോഗം വിപ്ലവ രാഷ്ട്രീയത്തിന്റെ അമരക്കാരനായി തീരാനായിരുന്നു.

തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തെ കെട്ടിപ്പടുക്കാനും തോട്ടം തൊഴിലാളികളെ സംഘടിച്ച് ശക്തരാക്കാനും കുഞ്ഞാലി നടത്തിയ  സഹന സമരങ്ങളും താണ്ടിയ വഴി ദൂരങ്ങളും ചരിത്രപരമായി  രചിക്കപ്പെട്ടാല്‍ അത് ഏറനാടിന്റെ  മാത്രം ചരിത്രമായല്ല, മറിച്ച് നാല്‍പതുകള്‍ക്ക് ശേഷമുള്ള കേരളത്തിന്റെ വിപ്ലവചരിത്രം കൂടിയായി മാറുന്നുണ്ട്.

കുഞ്ഞാലി രക്തസാക്ഷിയായിട്ട് 42 വര്‍ഷക്കാലം പിന്നിടുകയാണ്. സ്വാതന്ത്ര്യദാഹവും ദേശാഭിമാനവും, സഹജീവി സ്‌നേഹവും (ഹ്യൂമാനിറ്റി) ജ്വലിച്ചു നിന്ന കുഞ്ഞാലിയുടെ പോരാട്ടങ്ങള്‍ ഏറനാട്ടിലെ തൊഴിലാളി സമൂഹത്തിന് മാത്രമല്ല മാതൃകയായത്. അത് കേരളക്കരയാകെ ഇളക്കിമറിച്ചു. ഒരര്‍ത്ഥത്തില്‍ യഥാര്‍ത്ഥ വിപ്ലവാഭിനിവേശം ജനമനസ്സുകളില്‍ വേരുറപ്പിക്കാന്‍ കുഞ്ഞാലിയുടെ ഓരോ പ്രവൃത്തിയും, നിലപാടുകളും ചിന്താധാരകളും ഏറെ സഹായിച്ചതായി കാണാം. അതുകൊണ്ട് തന്നെയാണ് വിപ്ലവം എന്ന സംജ്ഞയോട് കുഞ്ഞാലിയുടെ ജീവിതത്തെ ചേര്‍ത്തുവെച്ച് വായിക്കാന്‍ ഏറനാട്ടുകാരിന്നും ആവേശം കൊള്ളുന്നത്.

ധീരതയും തന്റേടവുമുള്ള അമ്പലന്‍ ആയിശുമ്മയുടെ ഏക മകനായി 1924 ല്‍ കൊണ്ടോട്ടിയിലായിരുന്നു കുഞ്ഞാലിയുടെ ജനനം. ഉപ്പ കുഞ്ഞാലിക്ക് നേര്‍ത്ത ഒരോര്‍മ്മ മാത്രമായിരുന്നു. ഒരു മുസ്ലിം കുടുംബത്തിലെ സ്ത്രീ പൊതു മധ്യത്തിലേക്കിറങ്ങി, എല്ലാ പ്രതിബന്ധങ്ങളേയും തൃണവത്കരിച്ച് ഏറനാട്ടില്‍ കഴിഞ്ഞൂ എന്നത് ഈ കാലത്ത് നിന്ന് നോക്കുമ്പോള്‍ അത്ഭുതമുളവാക്കുന്ന ഒരു സംഗതിയാണ്.

ഇരുപതുകളിലെ രാഷ്ട്രീയ അരാജകത്വവും മതപൗരോഹിത്യ സമൂഹത്തിന്റെ കടുംപിടുത്തങ്ങളും അത്രയ്ക്കുമേല്‍ സമൂഹത്തിന് മീതെ  അള്ളിപ്പിടിച്ചിരുന്ന സാഹചര്യത്തെയാണ് ഒറ്റയ്ക്ക്  നിന്ന് ആ മാതാവ് പൊരുതി ജയിച്ചത്. ഈ തന്റേടവും, ധൈര്യവും ആവോളം ഉമ്മയില്‍ നിന്ന് മകന് പകര്‍ന്ന് കിട്ടിയിരിക്കണം. പില്‍ക്കാലങ്ങളില്‍ കുഞ്ഞാലി ഏറ്റെടുത്ത തരിശ് പ്രക്ഷോഭ സമരങ്ങളും മിച്ചഭൂമി സമരങ്ങളും കര്‍ഷക മുന്നേറ്റങ്ങളും വിജയത്തിലെത്തിക്കാന്‍ സഹായിച്ചതില്‍ ഉമ്മയുടെ പങ്കും പ്രോത്സാഹനങ്ങളും ചെറുതായിരുന്നില്ല.

ഏറനാടിന്റെ ചെഗുവേരയായി കുഞ്ഞാലിയെ  വളര്‍ത്തിയെടുക്കുന്നതില്‍ ഈ ഘടകങ്ങളെല്ലാം സഹായിച്ചിരുന്നു എന്ന് കാണാം. തന്റെ മകനുവേണ്ടി സമര്‍പ്പിച്ച ആ ഉമ്മയുടെ ജീവിതത്തിന് മകന്‍ ജീവിതം തിരിച്ച് നല്‍കിയത് സമൂഹത്തിന് വേണ്ടി അര്‍പ്പിച്ച് കൊണ്ടാണ്. ഇത്തിളും പപ്പടവും വിറ്റ് മകനെ പോറ്റിയത് ഒരു ദേശത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ മാറ്റി മറിക്കാനാണെന്ന് ആ മാതാവ് ഓര്‍ത്തിരിക്കില്ല.

അക്ഷരങ്ങളുമായുള്ള നിരന്തര സഹവാസം, അറിവിന്റെ പുതു ചക്രവാളങ്ങള്‍ അന്വേഷിച്ച് കണ്ടെത്താനുള്ള ത്വര എന്നിവ  കുഞ്ഞാലിയെ വേഗത്തില്‍ തന്നെ രാഷ്ട്രീയബോധമുള്ളവനാക്കി. വളരെ ചെറുപ്പത്തില്‍ തന്നെ കാര്യങ്ങള്‍ പഠിച്ച് സ്വായത്തമാക്കാനുള്ള ഒരു പ്രത്യേക കഴിവ് കുഞ്ഞാലിക്കുണ്ടായിരുന്നതായി അദ്ദേഹത്തിന്റെ സമകാലികര്‍ ഓര്‍ക്കുന്നുണ്ട്.

കുഞ്ഞാലിയുടെ തന്റേടവും ദൃഢനിശ്ചയവും അദ്ദേഹത്തെ ഒരു മികവുറ്റ ജനനേതാവാക്കി. തൊഴിലെടുക്കുന്നവനെ ഇടതുപക്ഷ ആഭിമുഖ്യമുള്ള സഖാക്കളാക്കി മാറ്റാന്‍ കുഞ്ഞാലിക്ക് എളുപ്പത്തില്‍ കഴിഞ്ഞു. ഈ ജനകീയതയാണ്  അദ്ദേഹത്തെ നിയമസഭവരെ എത്തിച്ചത്. 1948 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രണ്ടാം കോണ്‍ഗ്രസ് കല്‍ക്കത്തയില്‍ ചേര്‍ന്നപ്പോള്‍, രാജ്യത്തിന് ലഭിച്ച സ്വാതന്ത്ര്യം യഥാര്‍ത്ഥമല്ലെന്നും രാഷ്ട്രീയവും സാമ്പത്തികവുമായ അടിമത്വം നമ്മെ വിട്ടുപോയിട്ടില്ലെന്നും ഏറ്റ് പറയാനും അത് ജനങ്ങളിലെത്തിക്കാനും  കുഞ്ഞാലി നേടിയ രാഷ്ട്രീയ വിദ്യാഭ്യാസം ചെറുതായിരുന്നില്ല.

കുഞ്ഞാലിയെപോലുള്ള ഒരുവിപ്ലവ നേതാവിന്റെ ജീവിതമെഴുത്ത് ഏറ്റെടുക്കുമ്പോള്‍ ഹംസ ആലുങ്ങല്‍ നേരിടേണ്ടിവന്ന ഒട്ടേറെ വൈതരണികള്‍ ഈ പുസ്തകത്തിന്റെ കെട്ടിനേയും മട്ടിനേയും ബാധിച്ചതായി കാണുന്നില്ല. ഒരുപാട് കാലത്തെ തയ്യാറെടുപ്പ് അദ്ദേഹം ഈ കൃതിയുടെ രചനക്കാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍  സംഘടിപ്പിക്കാന്‍ എടുത്തിരിക്കണം. നാല്‍പതുകളിലെ രാഷ്ട്രീയ ചരിത്രം ഏറെയൊന്നും വന്നിട്ടില്ല എന്നത് ഒരു പരിമിതിയായി കാണുമ്പോഴും ചരിത്രത്തോട് ഈ കൃതി നീതിപുലര്‍ത്തുന്നുണ്ട് എന്ന് തന്നെ ഉറപ്പിച്ചു പറയാം. ആ അര്‍ത്ഥത്തില്‍ ഉചിതമായ ഒരക്ഷര സ്മൃതി തന്നെയാണിത്.

ഇല്ലായ്മയുടെ ഒരു ലോകത്ത് നിന്നും വിപ്ലവത്തിന്റെ കനല്‍പാതയിലേക്ക് വന്ന് ഒടുക്കം രക്തസാക്ഷിത്വം വരിച്ച ഒരു മഹാ മനുഷ്യനെക്കുറിച്ചുള്ള ഈ പുസ്തകത്തില്‍ പഠിക്കാനും പകര്‍ത്താനും പുതുതലമുറക്ക് ധാരാളം വിഭവങ്ങളുണ്ട്. അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച വിപ്ലവാശയങ്ങള്‍ക്ക് എക്കാലവും പ്രസക്തിയുണ്ടെന്നതാണ് ഒരുകാര്യം. പുസ്തകത്തെക്കുറിച്ചുള്ള പഠനത്തില്‍ ഡോ. അനില്‍ ചേലേമ്പ്ര പറഞ്ഞത്‌പോലെ, മാര്‍ക്‌സിസത്തിന്റെ പ്രാധാന്യം അവസാനിച്ചുവെന്ന് ലോകം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു സന്ദര്‍ഭത്തിലാണല്ലോ  ഇങ്ങനെയൊരു കൃതിയുടെ പിറവി.

കോണ്‍ഗ്രസുകാരാല്‍ കൊലചെയ്യപ്പെട്ട കുഞ്ഞാലിയുടെ ഓര്‍മ്മകള്‍ ഒരു ചരിത്ര രേഖയായി മാറന്‍ ഈ പുസ്തകത്തിന് കഴിയുമെന്ന കാര്യത്തില്‍ രണ്ട് പക്ഷമുണ്ടാകില്ല. അതുകൊണ്ട് തന്നെ ഈ കൃതിയുടെ രചന ഭംഗിയായി നിര്‍വഹിച്ച ഹംസ ആലുങ്ങലിനും പുസ്തകമിറക്കാന്‍ മുന്നിട്ടിറങ്ങിയ പു.ക.സ യുടെ കാളികാവ് പഞ്ചായത്ത് കമ്മിറ്റിക്കും ഏറെ അഭിമാനിക്കാനുണ്ട്.

Malayalam news

Kerala news in English