കൊച്ചി: ലബനനിലെ ടൈര്‍ നഗരത്തിലെ അറബിയിലുള്ള ഒരു ബോര്‍ഡിനെതിരെ യുക്തിവാദി സി. രവിചന്ദ്രന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയില്‍ പറയുന്ന വാദങ്ങള്‍ തെറ്റെന്ന് രാഷ്ട്രീയ നിരീക്ഷകനായ സജി മാര്‍ക്കോസ്. ഇസ്ലാം വിരോധമുള്ളതിനാല്‍ രവിചന്ദ്രന്‍ അസംബന്ധങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സജി മാര്‍ക്കോസ് അഭിപ്രായപ്പെട്ടു.
ടൈര്‍ നഗരത്തില്‍ ഹിസ്ബുല്ല സ്ഥാപിച്ച കവാടത്തിലെ അരഭിയിലുള്ള ബോര്‍ഡിനെക്കുറിച്ചായിരുന്നു രവിചന്ദ്രന്‍ വീഡിയോയില്‍ പറഞ്ഞത്. ഈ കവാടത്തിന്റെ എ.എഫ്.പി വാര്‍ത്താ ഏജന്‍സി പ്രസിദ്ധീകരിച്ച ഫോട്ടായും രവിചന്ദ്രന്റെ വീഡിയോയില്‍ കാണിച്ചിരുന്നു.
കവാടത്തിലെ വാചകങ്ങള്‍ എന്തൊക്കെയോ മനുഷ്യത്വവിരുദ്ധമായ കാര്യങ്ങളാണെന്ന് വീഡിയോയില്‍ രവിചന്ദ്രന്‍ ആരോപിക്കുന്നു. ‘പുസ്തകത്തിലെ കാര്യങ്ങളായിരിക്കും എഴുതിവച്ചത്,’ എന്നും രവിചന്ദ്രന്‍ പറയുന്നുണ്ട്.
രവിചന്ദ്രന്‍ ഈ വാചകത്തെക്കുറിച്ച് പറഞ്ഞ വാദങ്ങള്‍ തെറ്റാണെന്ന് പശ്ചിമേഷ്യന്‍ വിഷയങ്ങള്‍ നിരീക്ഷിക്കുന്ന സജി മാര്‍ക്കോസ് വ്യക്തമാക്കി. വൈദേശിക ആക്രമണഭീതിയില്‍ കഴിയുന്ന ലബനോനിലെ മിക്ക
പട്ടണങ്ങളിലും ഇത്തരം കവാടങ്ങള്‍ കാണാന്‍ സാധിക്കും. രാഷ്ട്രീയ മുദ്രാവാക്യങ്ങളാണ് അതില്‍ എഴുതിവച്ചിട്ടുള്ളതെന്ന് സജി മാര്‍ക്കോസ് പറഞ്ഞു.
‘ പ്രിയ രവി സാര്‍, താങ്കള്‍ക്ക് ഇസ്ലാം വിരോധമുണ്ട് എന്ന് അറിയാം. പക്ഷെ, അതിന്റെ പേരില്‍ അസംബന്ധങ്ങള്‍പ്രചരിപ്പിക്കരുത്. വൈദേശിക ആക്രമണഭീതിയില്‍ കഴിയുന്ന ലബനോനിലെ മിക്കപട്ടണത്തിലെയും കവാടങ്ങളില്‍ കാണുന്ന കമാനമാണിത്. അതില്‍ എഴുതിവച്ചിരിക്കുന്നത് രാഷ്ട്രീയ മുദ്രാവാക്യമാണ്, അല്ലാതെ താങ്കള്‍ തെറ്റായി പ്രചരിപ്പിക്കുന്നതുപോലെ, ‘പുസ്തകത്തിലെ മനുഷ്യത്ത വിരുദ്ധമായ’ വാചകങ്ങളല്ല,’ സജി മാര്‍ക്കോസ് കുറിച്ചു.
അറബി വാചകത്തിന്റെ അര്‍ത്ഥവും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നു. ‘പ്രതിരോധത്തിന്റെ തെക്കന്‍ മേഖലയിലൂടെ, ലെബനന്‍ അപമാനത്തില്‍ നിന്നും, കീഴടങ്ങലില്‍ നിന്നും, അധഃപതനത്തില്‍ നിന്നും മുക്തമായി നിലകൊള്ളും.’ എന്നതാണ് ഈ വാചകങ്ങള്‍ അര്‍ത്ഥമാക്കുന്നതെന്നും സജി മാര്‍ക്കോസ് കുറിച്ചു.
മുദ്രാവാക്യം അറബിയിലായത് അവരുടെ മാതൃഭാഷ ആയതിനാലാണെന്നും അതിനെ വെറുപ്പോടെ കാണുന്നതും തെറ്റായും വ്യാഖ്യാനിക്കുന്നതും ശരിയാണോ എന്നും സജി മാര്‍ക്കോസ് ചോദിച്ചു.
‘ആ രാഷ്ട്രീയ മുദ്രാവാക്യം അറബിയിലായിപ്പോയി, അതവരുടെ മാതൃഭാഷയല്ലേ ? ഒരു ഭാഷ കാണുമ്പോള്‍ തന്നെ വെറുപ്പോടും സംശയത്തോടും കൂടി നോക്കുകയും , വെറുപ്പുണ്ടാക്കാന്‍ തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യുന്നത് ശരിയാണോ?’ സജി മാര്‍ക്കോസ് കുറിച്ചു.
കവാടത്തിലെ ചിത്രത്തില്‍ കാണുന്നത് രണ്ട് ഭീകരവാദികളെയാണെന്നും രവിചന്ദ്രന്‍ ആരോപിക്കുന്നുണ്ട്. ഈ വാദത്തിനും സജി മാര്‍ക്കോസ് മറുപടി നല്‍കുന്നുണ്ട്. കവാടത്തിലെ ചിത്രങ്ങളിലൊന്ന് 1992ല്‍ തെക്കന്‍ ലെബനനില്‍ വെച്ച് ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ശിയാ പുരോഹിതനായ സയ്യിദ് അബ്ബാസ് അല്‍-മുസവിയുടേതാണ്.
1980-കളുടെ തുടക്കത്തില്‍ തെക്കന്‍ ലെബനനിലെ ഇസ്രായേല്‍ അധിനിവേശ വിരുദ്ധ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ പ്രമുഖ ശിയാ പുരോഹിതനായ ഷെയ്ഖ് റാഗിബ് ഹര്‍ബ് ആണ് രണ്ടാമത്തെയാളെന്നും സജി മാര്‍ക്കോസിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ലബനനിലെ മാതൃഭാഷയായ ആയ അറബിയിലെ വാചകങ്ങള്‍ കാണുമ്പോള്‍ ‘മനുഷ്യത്ത വിരുദ്ധമാണെന്ന് ‘ തോന്നുന്നതും, താടിയും തലപ്പാവും കാണുമ്പോള്‍ ഭീകരരാണ് എന്ന പ്രചരിപ്പിക്കുന്നതും ശുദ്ധമായ വംശീയതയാണെന്നും സജി മാര്‍ക്കോസ് അഭിപ്രായപ്പെട്ടു.
‘ജിയോപോളിറ്റിക്സ് എ പ്പോഴും അതിസങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ ആണ് ആണ് എന്നു താങ്കള്‍ക് അറിയാം. പുറത്ത് ഇന്ന് അഭിപ്രായം പറയുന്നത് വളരെ എളുപ്പമാണ്. പക്ഷെ, നമുക്ക് ഇഷ്ടമില്ലാത്ത മതവുമായോ, രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായോ, ഭാഷയുമായോ കൂട്ടിക്കെട്ടി തെറ്റ് പ്രചരിപ്പിക്കുന്നതും വ്യാഖ്യാനിക്കുന്നതും ശരിയല്ല,’ സജി മാര്‍ക്കോസിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രിയ രവി സാര്‍,
താങ്കള്‍ക്ക് ഇസ്ലാം വിരോധമുണ്ട് എന്ന് അറിയാം. പക്ഷെ, അതിന്റെ പേരില്‍ അസംബന്ധങ്ങള്‍ പ്രചരിപ്പിക്കരുത്.
വൈദേശിക ആക്രമണഭീതിയില്‍ കഴിയുന്ന ലബനോനിലെ മിക്കപട്ടണത്തിലെയും കവാടങ്ങളില്‍ കാണുന്ന കമാനമാണിത്. അതില്‍ എഴുതിവച്ചിരിക്കുന്നത് രാഷ്ട്രീയ മുദ്രാവാക്യമാണ്, അല്ലാതെ താങ്കള്‍ തെറ്റായി പ്രചരിപ്പിക്കുന്നതുപോലെ, ‘പുസ്തകത്തിലെ മനുഷ്യത്ത വിരുദ്ധമായ’ വാചകങ്ങളല്ല .
അറബിക് വാചകം ഇങ്ങനെയാണ് : بالجنوب المقاوم… لبنان سيبقى نظيفًا من الذلّ والخُضوع والمهانة
മലയാളം അര്‍ത്ഥം: ‘പ്രതിരോധത്തിന്റെ തെക്കന്‍ മേഖലയിലൂടെ……. ലെബനന്‍ അപമാനത്തില്‍ നിന്നും, കീഴടങ്ങലില്‍ നിന്നും, അധഃപതനത്തില്‍ നിന്നും മുക്തമായി നിലകൊള്ളും.’
ആ രാഷ്ട്രീയ മുദ്രാവാക്യം അറബിയിലായിപ്പോയി, അതവരുടെ മാതൃഭാഷയല്ലേ ? ഒരു ഭാഷ കാണുമ്പോള്‍ തന്നെ വെറുപ്പോടും സംശയത്തോടും കൂടി നോക്കുകയും , വെറുപ്പുണ്ടാക്കാന്‍ തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യുന്നത് ശരിയാണോ?
അത് താങ്കള്‍ പറയുന്നതുപോലെ ഒരു ഗ്രന്ഥത്തിലെയും ഉദ്ധരിണി അല്ല സാര്‍
അതില്‍ രണ്ട് ഫോട്ടോയുണ്ട്. അത് ആരൊക്കെയാണെന്ന് അറിയാമോ? എന്തെങ്കിലും പറയുന്നതിന് മുന്‍പ് അത് ആരൊക്കെയാണെന്ന് അറിയണം സാര്‍.
ആദ്യത്തെ വ്യക്തി (കറുത്ത തലപ്പാവ് ധരിച്ചയാള്‍) സയ്യിദ് അബ്ബാസ് അല്‍-മുസവി (Sayyid Abbas al-Musawi) ആണ്.
അദ്ദേഹം ഒരു ശിയാ പുരോഹിതനാണ് (കറുത്ത തലപ്പാവ് അവര്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ പരമ്പരയില്‍പ്പെട്ട ആളാണെന്ന് എന്നതിന്റെ സൂചനയാണ്).1992-ല്‍ തെക്കന്‍ ലെബനനില്‍ വെച്ച് ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ ഇദ്ദേഹം കൊല്ലപ്പെട്ടു.
ഷെയ്ഖ് റാഗിബ് ഹര്‍ബിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ജിബ്ഷീത് (Jibshit) എന്ന ഗ്രാമത്തില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു അദ്ദേഹം. ഈ ലബനന്‍ ഗ്രാമം ഇസ്രായേല്‍ സൈന്യത്തിന്റെ നേരിട്ടുള്ള നിയന്ത്രണരേഖയ്ക്ക് തൊട്ടടുത്തായിരുന്നു.
യാത്രയ്ക്കിടയില്‍ ഇസ്രായേലിന്റെ ഹെലികോപ്റ്ററുകള്‍ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് നേരെ മിസൈല്‍ ആക്രമണം നടത്തുകയായിരുന്നു.
അതായത് 1992-ല്‍ അബ്ബാസ് അല്‍-മുസവി കൊല്ലപ്പെടുന്ന സമയത്ത് തെക്കന്‍ ലെബനന്‍ എന്നത് ഒരു യുദ്ധമേഖലയും ഇസ്രായേല്‍ അധിനിവേശ പ്രദേശവുമായിരുന്നു. സ്വന്തം നാടിനെ പ്രതിരോധിക്കുകയും ഇസ്രായേല്‍ അധിനിവേശത്തെ എതിര്‍ക്കുകയും ചെയ്ത ഒരു മത പുരോഹിതനും പോരാളിയുമായിരുന്നു അദ്ദേഹം.
അമേരിക്കയ്ക്കും അതുകൊണ്ട് തന്നെ താങ്കള്‍ക്കും അദ്ദേഹം തീവ്രവാദി ആയിരിക്കാം. – പക്ഷെ, അത്ര ലളിതമല്ല കാര്യങ്ങള്‍ സര്‍.
1985 മുതല്‍ 2000 വരെയുള്ള കാലയളവില്‍ ഹിസ്ബുള്ള ഉള്‍പ്പെടെയുള്ള ലെബനനിലെ വിവിധ പ്രതിരോധ ഗ്രൂപ്പുകള്‍ ഇസ്രായേല്‍ സൈന്യത്തിനും SLA-യ്ക്കും എതിരെ ശക്തമായ ഗറില്ലാ യുദ്ധം നടത്തി.
നിരന്തരമായ നാശനഷ്ടങ്ങളെയും ആഭ്യന്തര രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളെയും തുടര്‍ന്ന്, 2000 മെയ് മാസത്തില്‍ ഇസ്രായേല്‍ സൈന്യം തെക്കന്‍ ലെബനനില്‍ നിന്ന് പൂര്‍ണ്ണമായും പിന്മാറാന്‍ നിര്‍ബന്ധിതരായി.
തെക്കന്‍ ലബനോനിലെ ഷേബാ ഫാംസ് ഇന്നും ഇസ്രായേല്‍ അധിനിവേശത്തിലാണ്. പ്രതിരോധിക്കുകയും പ്രത്യാക്രമണം നടത്തുകയും മാത്രമാണ്അവര്‍ക്ക് മുന്നിലുള്ള വഴി.
രണ്ടാമത്തെയാള്‍ (വെള്ള തലപ്പാവ് ധരിച്ച വ്യക്തി): ഷെയ്ഖ് റാഗിബ് ഹര്‍ബ് (Sheikh Raghib Harb) ആണ്. 1980-കളുടെ തുടക്കത്തില്‍ തെക്കന്‍ ലെബനനിലെ ഇസ്രായേല്‍ അധിനിവേശ വിരുദ്ധ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ പ്രമുഖ ശിയാ പുരോഹിതനായിരുന്നു ഇദ്ദേഹം.
1984-ല്‍ ഇദ്ദേഹം വധിക്കപ്പെട്ടു. ലെബനനിലെ ഈ പ്രസ്ഥാനങ്ങള്‍ക്കിടയില്‍ ഇദ്ദേഹം ‘പ്രതിരോധ രക്തസാക്ഷികളുടെ ഷെയ്ഖ്’ (Sheikh of the Resistance Martyrs) എന്നാണ് അറിയപ്പെടുന്നത്.
ഇവരൊന്നും ആകാശത്ത് ന്നും പൊട്ടിവീണവരല്ല. ഇസ്രയേലിന്റെ അധിനിവേശം മൂലം അവിടെ ഉണ്ടായ അവിടുത്തെ രാഷ്ട്രീയ -സാഹചര്യങ്ങള്‍സൃഷ്ടിച്ചതാണ്.
യൂറോപ്യന്‍ യൂണിയന്‍ (EU) ഹിസ്ബുള്ളയുടെ സൈനിക വിഭാഗത്തെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, അവരുടെ രാഷ്ട്രീയ വിഭാഗത്തെ ഇതില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു.
ഐക്യരാഷ്ട്രസഭ (UN) ഹിസ്ബുള്ളയെ പൂര്‍ണ്ണമായി ഒരു ഭീകരസംഘടനയായി യു.എന്‍ പ്രഖ്യാപിച്ചിട്ടില്ല.
പക്ഷേ, ഇസ്രായേല്‍ പക്ഷേവാദിയായ താങ്കള്‍ക്ക് അവരെ എങ്ങിനെ വേണമെങ്കിലും കാണാം.
എങ്കിലും ഒരു കാര്യം കൂടി : ഷെയ്ഖ് റാഗിബ് ഹര്‍ബ് (1984), സയ്യിദ് അബ്ബാസ് അല്‍-മുസവി (1992) എന്നിവര്‍ കൊല്ലപ്പെടുന്ന സമയത്ത് അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഹിസ്ബുള്ളയെ ഔദ്യോഗികമായി ഒരു ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നില്ല. കാരണം, വിദേശ ഗ്രൂപ്പുകളെ ഔദ്യോഗികമായി ‘ഭീകരസംഘടന’ (FTO ) എന്ന് മുദ്രകുത്തുന്നതിനുള്ള ഇന്നത്തെ രീതിയിലുള്ള നിയമപരമായ സംവിധാനങ്ങള്‍ അക്കാലത്ത് നിലവിലുണ്ടായിരുന്നില്ല.
1995 ജനുവരിയില്‍ അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് (Treasury Department) ഹിസ്ബുള്ളയെ ആദ്യമായി ഉപരോധപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും അവരെ ‘പ്രത്യേകം നിശ്ചയിക്കപ്പെട്ട ഭീകരര്‍’ (Specially Designated Terrorist – SDT) എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
2013 ജൂലൈ 22 ല്‍ യൂറോപ്യന്‍ യൂണിയന്‍ ഹിസ്ബുള്ളയുടെ ‘സൈനിക വിഭാഗത്തെ’ (Military Wing) മാത്രം ഭീകരസംഘടനയായി പ്രഖ്യാപിച്ചു.
അതിനും എത്രയോമുന്‍പ് ഇവര്‍ രണ്ട് പേരും കൊല്ലപ്പെട്ടിരുന്നു.
പക്ഷെ, അവരുടെ മാതൃഭാഷയെ ആയ അറബി വാചകങ്ങള്‍ കാണുമ്പോള്‍ ‘മനുഷ്യത്ത വിരുദ്ധമാണെന്ന് ‘ തോന്നുന്നതും, താടിയും തലപ്പാവും കാണുമ്പോള്‍ ഭീകരരാണ് എന്ന പ്രചരിപ്പിക്കുന്നതും ശുദ്ധമായ വംശീയതയാണ്. താങ്കളെങ്ങിനെ കരുതിയാലും 2000-ല്‍ തെക്കന്‍ ലെബനനില്‍ നിന്ന് ഇസ്രായേല്‍ സൈന്യത്തെ പിന്‍വലിപ്പിക്കാന്‍ കാരണമായ പോരാട്ടങ്ങള്‍ക്ക് അടിത്തറയിട്ടത് ഇവരാണ് എന്നത് ചരിത്ര സത്യം.
പിന്നെ ആ കമാനത്തില്‍ തോക്കിന്റെ ചിത്രമാണ് താങ്കളെടുത്ത് പറയുന്ന കാര്യം. ഇന്ത്യന്‍ സായുധ സേനയിലെയും (Armed Forces) അനുബന്ധ സുരക്ഷാ വിഭാഗങ്ങളിലെയും വിവിധ റെജിമെന്റുകളുടെയും ഫോഴ്‌സുകളുടെയും ഔദ്യോഗിക ചിഹ്നങ്ങളില്‍ (Logos/Insignia) തോക്കുകളുടെയോ റൈഫിളുകളുടെയോ ചിത്രങ്ങള്‍ ഉപയോഗിക്കാറുണ്ട് എന്ന് താങ്കള്‍ക്ക് അറിയില്ലേ?.
ഇന്ത്യന്‍ മിലിട്ടറി ചരിത്രത്തിലും പാരമ്പര്യത്തിലും ആയുധങ്ങള്‍ ചിഹ്നങ്ങളില്‍ ഉള്‍പ്പെടുത്തുന്നത് വീര്യത്തിന്റെയും പ്രതിരോധത്തിന്റെയും പ്രതീകമായാണ്. ജാട്ട് റെജിമെന്റ് (The Jat Regiment), ആസാം റൈഫിള്‍സ് (Assam Rifles), രാഷ്ട്രീയ റൈഫിള്‍സ് (Rashtriya Rifles – RR), ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (BSF) – ന്റെ കമാന്‍ഡോ വിംഗുകള്‍ എന്ന മാത്രമല്ല സൈന്യത്തിന്റെ ഭാഗമല്ലെങ്കിലും നമ്മുടെ നാഷണല്‍ കേഡറ്റ് കോര്‍പ്‌സ് (NCC) – ഇന്‍ഫന്‍ട്രി വിംഗിലും ആയുധങ്ങളുണ്ടല്ലോ, അതിലൊന്നും അപാകത തോന്നാത്ത താങ്കള്‍ക് ലബനോനിലെ തോക്കിന്റെ ചിത്രങ്ങളെടുത്ത് പറയാന്‍ തോന്നുന്നത് അത്ര നിഷ്‌കളങ്കമാണോ?
സാര്‍ – ജിയോപോളിറ്റിക്‌സ് എ പ്പോഴും അതിസങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ ആണ് ആണ് എന്നു താങ്കള്‍ക് അറിയാം. പുറത്ത് ഇന്ന് അഭിപ്രായം പറയുന്നത് വളരെ എളുപ്പമാണ്. പക്ഷെ, നമുക്ക് ഇഷ്ടമില്ലാത്ത മതവുമായോ, രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായോ, ഭാഷയുമായോ കൂട്ടിക്കെട്ടി തെറ്റ് പ്രചരിപ്പിക്കുന്നതും വ്യാഖ്യാനിക്കുന്നതും ശരിയല്ല.
താങ്കളുടെ ആ വീഡിയോ മുഴുവന്‍ കണ്ടിരുന്നു , ഇറാനെ കയറി അടിച്ചു, പൊട്ടിച്ചു, ഇസ്രായേല്‍ തകര്‍ത്തു, എന്നൊക്കെ ആശയം വരുന്ന പ്രയോഗങ്ങളാണ് അതില്‍ നിറയെ എന്നതുകൊണ്ട് പിന്നിലെ ഉദ്ദേശം വ്യക്തം. സ്‌കൈ ന്യുസിന്റെയും ജറുസലെപോസ്റ്റിന്റെയും വെറും മൗത് പീസ് ആണ് താങ്കളെന്ന് പറയേണ്ടി വരും.
അത് കണ്ട് സന്തോഷിക്കുകയും ഹുറേ പറയുകയും ചെയ്യുന്നവരാണ് താങ്കളുടെ കൂടെയുള്ളത് എന്ന തെറ്റിദ്ധരിക്കരുത്- ചിന്തിക്കുന്ന വിയോജിപ്പുള്ള ചിലര്‍ കൂടി, ആ കൂടെ ഉണ്ട് എന്ന വ്യക്തിപരമായി അറിയാം. അവരില്‍ പ്രതീക്ഷയ്ക്ക് വകയുണ്ട്.
Content Highlight: Saji Markose criticize C Ravichandrans Statement on Arabic Board in Lebanon