ബാലതാരങ്ങള്‍ക്കുള്ള അവാര്‍ഡിന് അര്‍ഹമായ സിനിമകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. എല്ലാ മേഖലകളെയും മലയാള സിനിമ സ്പര്‍ശിക്കുന്നുണ്ടെന്നും എന്നാല്‍ ജൂറിയുടെ പരിഗണനയിലുണ്ടായിരുന്ന 137 ചിത്രങ്ങളില്‍ പത്ത് ശതമാനം ആണ് ക്വാളിറ്റിയുള്ളവയുണ്ടായിരുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു.
ജൂറിയാണ് ഈ കാര്യങ്ങള്‍ എല്ലാം വിലയിരുത്തിയതെന്നും താന്‍ ഒരു സിനിമയും കണ്ടിട്ടില്ലെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു. സിനിമ നിര്‍മിക്കുമ്പോള്‍ വളരെ ക്രിയേറ്റീവായി, മൂല്യമുള്ള സിനിമകളാക്കി അവയെ മാറ്റണമെന്ന നിര്‍ദേശമാണ് ജൂറി വച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. സംവിധായകരും നിര്‍മാതാക്കകളുമടക്കമുള്ള സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അങ്ങനെ എല്ലാവരും തന്നെ കുട്ടികളുടെ സിനിമയെ പ്രൊമോട്ട് ചെയ്യാന്‍ ബോധപൂര്‍വം പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശവുമുണ്ട്.
എസ്.സി, എസ്.ടി വിഭാഗങ്ങളെ പിന്തുണക്കുന്നത് പോലെ, സ്ത്രീകള്‍ക്ക് പിന്തുണ നല്‍കുന്നത് പോലെ ക്രീയേറ്റീവായ സിനിമകള്‍ വന്നാല്‍ ആ സിനിമയെ സര്‍ക്കാരും പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൂറി ചൂണ്ടിക്കാണിച്ച പല കുറവുകളും നികത്താന്‍ ശ്രമിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിമര്‍ശനങ്ങളില്‍ എന്തിനാണ് വിഷമിക്കുന്നതെന്നും വിമര്‍ശനങ്ങള്‍ ഇനിയും വരട്ടെ എന്നും അദ്ദേഹം പറഞ്ഞു. ഇത് നമ്മള്‍ പൊതുവായി പരിഗണിക്കേണ്ട ഒരു പ്രശ്‌നമാണെന്നും എല്ലാവരും ഒരുമിച്ചിരുന്ന് അവയെല്ലാം പരിഹരിക്കാമെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.
Content highlight: Saji Cherian says Couldn’t find any films worthy of award for child actors; Why worry about criticism