ബ്ലോക്ക്ബസ്റ്ററാകാന്‍ അമിത ബജറ്റോ വയലന്‍സോ ആവശ്യമില്ലെന്ന് ബോളിവുഡിനെ തെളിയിച്ച ചിത്രമാണ് സൈയ്യാര. പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി മോഹിത് സൂരി ഒരുക്കിയ ചിത്രം കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. റിലീസ് ചെയ്ത് 20 ദിവസം പിന്നിട്ടപ്പോള്‍ 500 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ടോട്ടല്‍ കളക്ഷന്‍.
വെറും 45 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങിയത്. ബജറ്റിന്റെ പത്തിരട്ടിയിലധികം കളക്ഷന്‍ ഇതിനോടകം സ്വന്തമാക്കിയ സിനിമയുടെ തിയേറ്ററിക്കല്‍ ഷെയര്‍ ഇതിനോടകം 290 കോടി കടന്നിരിക്കുകയാണ്. ഒരാഴ്ച കൂടി ഫ്രീ റണ്‍ ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ 300 കോടി ഷെയറാണ് നിര്‍മാതാക്കളായ യഷ് രാജ് ഫിലിംസ് പ്രതീക്ഷിക്കുന്നത്.
സൈയ്യാരയുടെ വിജയം കണ്ട് അജയ് ദേവ്ഗണ്‍ തന്റെ ബിഗ് ബജറ്റ് ചിത്രം സണ്‍ ഓഫ് സര്‍ദാര്‍ 2വിന്റെ റിലീസ് മാറ്റിവെച്ചിരുന്നു. എന്നാല്‍ മൂന്നാഴ്ചക്ക് ശേഷം റിലീസ് ചെയ്തിട്ടും സണ്‍ ഓഫ് സര്‍ദാര്‍ 2വിന് ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. മൂന്ന് ദിവസം കൊണ്ട് വെറും 40 കോടി മാത്രമാണ് ബോളിവുഡ് ഖില്ലാഡിയുടെ ചിത്രം ഇതുവരെ നേടിയത്.
മ്യൂസിക്കല്‍ ഡ്രാമ ഴോണറില്‍ ഒരു ഹിന്ദി ചിത്രം നേടുന്ന ഏറ്റവും വലിയ വിജയമാണിത്. 2013ല്‍ ആഷികി 2വിന് ശേഷം ബോളിവുഡ് കണ്ട ഏറ്റവും മികച്ച പ്രണയചിത്രമെന്നാണ് പലരും സൈയ്യാരയെ വിശേഷിപ്പിക്കുന്നത്. ഏഴ് സംഗീത സംവിധായകര്‍ അണിനിരന്ന ചിത്രത്തിലെ പാട്ടുകളും ഇതിനോടകം ചാര്‍ട്ബസ്റ്ററായി മാറിക്കഴിഞ്ഞു.
Content Highlight: Saiyaara movie theatrical share crossed 290 crore