മലയാളികള്‍ക്ക് ഇന്ന് ഏറെ പ്രിയപ്പെട്ട നടനാണ് സൈജു കുറുപ്പ്. ഒരുപാട് പരാജയങ്ങള്‍ ഏറ്റുവാങ്ങിയാണ് മലയാള സിനിമയില്‍ തന്റേതായ ഒരിടം സൈജു കുറുപ്പ് ഇന്ന് നേടിയെടുത്തത്. നായകനായും സഹനടനായും നിരവധി കഥാപാത്രങ്ങള്‍ ചെയ്തെങ്കിലും ആട് എന്ന ചിത്രത്തിലെ അറയ്ക്കല്‍ അബു എന്ന കഥാപാത്രത്തിലൂടെയാണ് താരത്തെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതമായത്. കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ വിജയം നേടിയ ഭരതനാട്യം 2 മോഹിനിയാട്ടത്തിലൂടെ ഈ വര്‍ഷം നായകനായും താരം തിളങ്ങിയിരുന്നു.
2005ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെയായിരുന്നു സൈജു കുറുപ്പ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് സഹനടനായും നായകനായും താരം മലയാള സിനിമയില്‍ സജീവമായിരുന്നു. ഇപ്പോഴിതാ പല കാര്യങ്ങളിലും താന്‍ ഇടപെടുന്ന രീതിയെ കുറിച്ച് സൈജു കുറുപ്പ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഷെഫ് നളന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സത്യത്തില്‍ നമുക്ക് ഇവിടെ ജീവിച്ചു പോയാല്‍ മതി. ജോലി ചെയ്ത് നമുക്ക് അതില്‍ നിന്നും കാശ് കിട്ടും അതുകൊണ്ട് നമ്മുടെ കാര്യം നോക്കി ജീവിച്ചുപോകാം. നമുക്ക് ഇവിടെ വലിയ സംഭവങ്ങള്‍ ആവണമെന്നുള്ള ഒരു അത്യാഗ്രഹം പോയിട്ട് ആഗ്രഹം പോലും എനിക്കില്ല. ഞാനിവിടെ നില്‍ക്കുന്നതെല്ലാം ബോണസാണ്. പ്രതികരണ ശേഷി എന്ന് പറയുന്ന സാധനം ഞാനങ് അമക്കി വെച്ചിരിക്കുകയാണ്.
പ്രതികരിച്ചാല്‍ അല്ലേ ആളുകള്‍ക്ക് പ്രശ്‌നമുണ്ടാകുന്നുള്ളൂ. നിങ്ങള്‍ ഒരു കാര്യം എനിക്ക് ഇഷ്ടമില്ലാത്തത് പറഞ്ഞാല്‍ ഞാന്‍ പ്രതികരിക്കാതെ അവിടെ നിന്നും പോയാല്‍ ഞാന്‍ നല്ലവനാണെന്നല്ലേ നിങ്ങള്‍ക്ക് തോന്നുകയുള്ളൂ. ഇയാള്‍ പാവമായിരിക്കാം പക്ഷേ പൊട്ടനല്ല, ഇയാളെ പാവമായിട്ട് ഒരിക്കലും എടുക്കരുത്. എനിക്ക് സമാധാനമായി കിടന്നുറങ്ങാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്. ഇനി ഞാനും അയാളും തമ്മില്‍ തര്‍ക്കമയി എന്തിനാണ് ബി.പി കൂട്ടുന്നത് എന്നാണ് ഞാന്‍ ആലോചിക്കാറുള്ളത്,’ സൈജു കുറുപ്പ് പറഞ്ഞു.
Content Highlight: saiju Kurup talks about how he approaches people
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.