വലിയ പ്രേക്ഷക പിന്തുണ ലഭിച്ച ചിത്രമായിരുന്നു സൈജു കുറുപ്പ് നായകനായെത്തിയ ഭരതനാട്യം. ചിത്രത്തിന്റെ രണ്ടാം ഭാഗം മോഹിനിയാട്ടം ഇപ്പോൾ തിയേറ്ററിൽ വലിയ വിജയമായി മുന്നേറുകയാണ്. ഒന്നാം ഭാഗത്തേക്കാൾ മികച്ച അഭിപ്രായവും, നിരൂപക പ്രശംസയും, നേടി മുന്നേറുന്ന ചിത്രത്തിൽ സൈജു കുറുപ്പിനൊപ്പം കലാരഞ്ജിനി, സുരാജ് വെഞ്ഞാറമൂട്, ജഗതീഷ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
ആദ്യഭാഗം തിയേറ്ററിൽ അത്ര വിജയിക്കാതെ പോകുകയും എന്നാൽ ഒ.ടി.ടി യിൽ മികച്ച അഭിപ്രായം നേടുകയും ചെയ്തു. ആദ്യ ഭാഗത്തിന് പ്രേക്ഷകരിൽ നിന്നു ലഭിച്ച അഭിപ്രായങ്ങൾ മാനിച്ചുകൊണ്ട്, കഥയുടെ വേഗത കൂട്ടിയും കൂടുതൽ മികച്ച അനുഭവവുമായാണ് രണ്ടാം ഭാഗം, ഒരുക്കിയത്.
മോഹിനിയാട്ടം റിലീസിന് ശേഷമുള്ള പ്രസ്സ് മീറ്റിൽ തന്റെ അച്ഛനെ കുറിച്ചുള്ള വാക്കുകൾ പങ്കിട്ട സൈജു കുറുപ്പ് വികാര ഭരിതനായിരുന്നു. താരം വാക്കുകൾ ഇടറി കരയുകയായിരുന്നു. ഇപ്പോഴിതാ റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ തന്റെ അച്ഛൻ അനുഭവിച്ച കഷ്ടതകൾ ഓർത്തെടുത്ത് പറയുകയാണ് സൈജു കുറുപ്പ്.
‘2007ൽ എന്റെ ‘ജൂബിലി’ എന്ന സിനിമ റിലീസ് ചെയ്യുന്ന സമയം. അന്ന് സിനിമയുടെ പ്രൊമോഷന് വേണ്ടി പ്രൊഡ്യൂസർ കുറെ ബുക്ക്‌ലെറ്റുകൾ പ്രിൻ്റ് ചെയ്തിരുന്നു. അതിൽ ഇന്നസെന്റ് ചേട്ടൻ, ജഗതി ചേട്ടൻ, സലിം കുമാർ ചേട്ടൻ ഒക്കെ ഉണ്ടായിരുന്നു കുറെ പ്രിൻ്റ് ചെയ്തിട്ടുണ്ടായിരുന്നു.
അത് ആളുകളിൽ എത്തിക്കാൻ ആരെയെങ്കിലും ഏൽപ്പിക്കണമല്ലോ. ആരെങ്കിലും പണം കൊടുത്ത് ഏൽപ്പിച്ച് ബസ് സ്‌റ്റോപ്പുകളിലും മറ്റും വിതരണം ചെയ്യാൻ പറഞ്ഞ് ഞാൻ അത് അച്‌ഛൻ്റെ കൈവശം കൊടുത്തു.
ഡിസ്ട്രിബ്യുഷൻ ഒക്കെ കഴിഞ്ഞു ഞാൻ വേറൊന്നും അറിഞ്ഞില്ല. വർഷങ്ങൾക്ക് ശേഷം 2019ൽ വനിതാ ഫിലിം അവാർഡ് വേദിയിൽ ഞാൻ അച്‌ഛനെക്കുറിച്ച് സംസാരിക്കുന്ന വിഡിയോയുടെ താഴെ വന്ന ഒരു വലിയ കമൻ്റ് ഞാൻ കണ്ടു. ആ കമൻ്റിൽ അന്ന് ജൂബിലി റിലീസ് ചെയ്‌ത സമയത്ത് കോളേജിൽ പഠിച്ച ഒരു പയ്യൻ എഴുതിയതാണ്.
ആ കമന്റിലൂടെയാണ് അന്നത്തെ വേദനിപ്പിക്കുന്ന ഒരു സത്യം ഞാൻ അറിഞ്ഞത് അന്ന് അയാൾ ബസ് സ്‌റ്റോപ്പിൽ നിന്നപ്പോൾ സൈജു കുറുപ്പിൻ്റെ അച്ഛൻ വന്ന് ഇങ്ങനെ ബുക്‌ക്ലെറ്റ് വിതരണം ചെയ്യുന്നത് കണ്ടു എന്നായിരുന്നു അയാളുടെ കമൻ്റിലുണ്ടായിരുന്നത് അന്ന് അച്ഛൻ നേരിട്ട് പോയി വിതരണം ചെയ്തതതാണെന്ന് ഞാൻ അറിഞ്ഞതേയില്ല. ആരെയെങ്കിലും ചെയ്യാൻ ഏൽപ്പിക്കാനാണ് ഞാൻ പറഞ്ഞിരുന്നത്.
അച്‌ഛൻ ബുക്ക്ലെറ്റ് വിതരണം ചെയ്‌തപ്പോൾ ഇദ്ദേഹം അച്ഛനോട് ചോദിച്ചത്രേ, ‘ചേട്ടാ, ചേട്ടന് വേറെ പണി ഒന്നും ഇല്ലേ, ഇവൻ്റെയൊക്കെ പടം കാണാൻ ആരെങ്കിലും തിയേറ്ററിൽ പോകുമോ?’ എന്ന് അത് എന്റെ അച്ഛനാണെന്നു അവനു അറിയില്ലായിരുന്നു.
സൈജു കുറുപ്പ്, Photo: Saiju kurup/ Facebook
താൻ ബുക്ക്‌ലെറ്റ് വിതരണം ചെയ്യുന്നത് സ്വന്തം മകന് വേണ്ടിയാണെന്ന് വെളിപ്പെടുത്താതെ അച്ഛൻ അത് കേട്ട് ഒന്ന് ചിരിക്കുക മാത്രം ചെയ്‌തു.
അദ്ദേഹം അവിടെ നിന്ന് പോയതിനു ശേഷം മറ്റൊരാൾ ഈ കമൻ്റ് പറഞ്ഞ ആളോട് പറഞ്ഞു, ‘അത് സൈജു കുറുപ്പിൻ്റെ അച്‌ഛൻ ആയിരുന്നു’ എന്ന് പുള്ളിക്ക് വിഷമമായി.
അച്‌ഛൻ ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ അത് പറയില്ലായിരുന്നു ഇതായിരുന്നു ആ വിഡിയോയ്ക്ക് താഴെ വന്ന കമൻ്റ് ആ കമന്റ് വായിച്ചപ്പോൾ എനിക്ക് വല്ലാത്ത വിഷമം തോന്നി മകന് വേണ്ടി അച്ഛൻ അനുഭവിച്ച പരിഹാസങ്ങൾ സഹിക്കാനാവുന്നതിലും അപ്പുറമായിരുന്നു,’ സൈജു കുറുപ്പ് പറഞ്ഞു.
Content Highlight: Saiju Kurup talks about his father
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.