ഗുണ്ട ജയനിൽ അറക്കൽ അബു കയറി വന്നിരുന്നു, സംവിധായകൻ കഥാപാത്രമാകാൻ ആവശ്യപ്പെട്ടു: സൈജു കുറുപ്പ്
Malayalam Cinema
ഗുണ്ട ജയനിൽ അറക്കൽ അബു കയറി വന്നിരുന്നു, സംവിധായകൻ കഥാപാത്രമാകാൻ ആവശ്യപ്പെട്ടു: സൈജു കുറുപ്പ്
നന്ദന എം.സി
Tuesday, 7th April 2026, 8:31 am

മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ആട്’ മലയാളി പ്രേക്ഷകർ ഏറ്റെടുത്ത ചിത്രങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ്. ഹാസ്യവും വ്യത്യസ്തമായ കഥാപാത്രങ്ങളും ചേർന്ന ചിത്രത്തിൽ ഓരോ അഭിനേതാവും തങ്ങളുടെ പ്രകടനങ്ങളിലൂടെ ശ്രദ്ധേയരായി. പാപ്പനായി ജയസൂര്യയും, അറക്കൽ അബുവായി സൈജു കുറുപ്പും, ഡ്യൂഡായി വിനായകനും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

അറക്കൽ അബു, Photo: IMDb

ഇതിനിടെ, ‘ആട്’ സിനിമയിലെ അറക്കൽ അബു എന്ന കഥാപാത്രം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും, ആ കഥാപാത്രത്തിൽ നിന്ന് പുറത്തുവരാൻ കുറച്ച് സമയം എടുത്തുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സൈജു കുറുപ്പ്.

മറ്റുപുതിയ കഥാപാത്രങ്ങൾ ചെയ്യുമ്പോഴും അറക്കൽ അബുവിന്റെ സ്വഭാവം ഇടയ്ക്കിടെ തനിക്കുള്ളിലേക്ക് കടന്നുവരാറുണ്ടെന്നും അദ്ദേഹം പറയുന്നു. ഇന്റിവുഡ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ അനുഭവം പങ്കുവെച്ചത്.

‘ഗുണ്ട ജയനിൽ ഒരു രംഗത്തിൽ ഞാൻ ജനറേറ്റർ ഓൺ ചെയ്യാൻ ശ്രമിക്കുന്ന ഒരു സീനുണ്ട്. ജനറേറ്റർ വലിക്കുന്ന സമയത്ത് അത് എന്റെ കയ്യിൽ കുടുങ്ങും. അന്ന് ഞാൻ നൽകിയ റിയാക്ഷൻ വളരെ മനോഹരമാണെന്ന് തന്നെയാണ് ഞാൻ കരുതിയത്.

ആട്, Photo: IMDb

പക്ഷേ, സംവിധായകൻ വന്ന് പറഞ്ഞു ‘ചേട്ടാ, അത് അറക്കൽ അബു സ്റ്റൈലായി പോയി. നമുക്ക് അത് മാറ്റണം. ഇത് ഗുണ്ടാ ജയനാണ്, ചേട്ടൻ ഗുണ്ടാ ജയൻ ആയി തന്നെ അഭിനയിക്കണം’ എന്ന്. അപ്പോൾ പെട്ടെന്ന് തന്നെ ‘;ഇത് ഗുണ്ടാ ജയനാണല്ലോ’ എന്നൊരു ഓർമ വന്നു.

അതിന് ശേഷം ഞാൻ ആ രംഗത്തിൽ വീണ്ടും വ്യത്യസ്തമായ രീതിയിൽ, നല്ലതുപോലെ റിയാക്ട് ചെയ്തു,’ സൈജു കുറുപ്പ് പറഞ്ഞു.

ബിഗ് ബഡ്ജറ്റ് എപിക് ഫാന്റസി ചിത്രമായി എത്തിയ ‘ആട് 3’ വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസും, ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനിയുമാണ് നിർമിച്ചിരിക്കുന്നത്.

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ‘ആട് 3’ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ഫ്രൈഡേ ഫിലിം ഹൗസും കാവ്യാ ഫിലിം കമ്പനിയും നിർമിച്ചതിൽ ഏറ്റവും വലിയ പ്രോജക്റ്റ് കൂടിയാണ് ‘ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്’.

Content Highlight: Saiju kurup talk about the character of Arakkal abhu in the movie Aadu

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.